മുണ്ടാങ്കല്‍ അപകടത്തില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട അന്നമോള്‍ക്ക് കണ്ണീര്‍പ്രണാമമര്‍പ്പിച്ച് പൊതുസമൂഹവും ഇടവകയും. അന്നമോളുടെ സംസ്‌കാരചടങ്ങുകള്‍ പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് പള്ളി സെമിത്തേരിയില്‍ നടന്നു. സംസ്‌കാര ചടങ്ങുകള്‍ക്ക് പാലാ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മികനായി.
അപകടത്തെ തുടര്‍ന്ന് ആഗസ്റ്റ് 5ന് മരണപ്പെട്ട അന്നമോളുടെ മാതാവ് ജോമോളെ അടക്കിയ കല്ലറയില്‍ തന്നെയാണ് അന്നമോളെയും അടക്കം ചെയ്തത്. ഭാര്യയെയും മകളെയും നഷ്ടപ്പെട്ട സുനിലിന്റെ നൊമ്പരം ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയവരെയും ഈറനണിയിച്ചു.
പ്രാര്‍ത്ഥനകള്‍ വിഫലമാക്കി വെള്ളിയാഴ്ച വൈകിട്ടാണ് അന്നമോള്‍ മരണത്തിന് കീഴടങ്ങിയത്. ഇന്ന് രാവിലെ അന്നമോള്‍ പഠിച്ചിരുന്ന പാലാ സെന്റ് മേരീസ് സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. സ്‌കൂളിലെ സഹപാഠികള്‍ക്കൊപ്പം പൊതുസമൂഹവും ഇവിടെ അന്ത്യാജ്ഞലിയര്‍പ്പിച്ചു. പ്രിയകൂട്ടുകാരിയ്ക്ക് റോസാപുഷ്പങ്ങളാണ് എല്ലാവരും സമര്‍പ്പിച്ചത്. തുടര്‍ന്ന് മൃതദേഹം വീട്ടിലേയ്ക്ക് കൊണ്ടുപോയി.
പള്ളിയിലും പൊതുദര്‍ശനത്തിന് അവസരമൊരുക്കിയിരുന്നു. ഒരു നാടൊന്നാകെ അന്നമോളെ യാത്രയയ്ക്കാനെത്തി. ബന്ധുക്കള്‍ ഹൃദയം തകര്‍ന്ന വേദനയോടെ അന്ത്യചുംബനം നല്‍കി. പിതാവ് സുനില്‍ അവസാനമായി മകളെ ചുംബനം നല്കി യാത്രയാക്കി.
പാലാ തൊടുപുഴ റോഡിലെ മരണപ്പാച്ചിലാണ് 3 പേരുടെ ജീവന്‍ കവര്‍ന്നത്. അല്‍പം നേരത്തെയെത്താന്‍ അമിതവേഗത്തില്‍ പായുമ്പോള്‍ എത്രയോ കുടുംബങ്ങളുടെ സ്വപ്‌നങ്ങളാണ് റോഡില്‍ ചിതറി തെറിക്കുന്നതെന്ന് മനസിലെങ്കിലും ഓര്‍ക്കാന്‍ ഓരോ വാഹനഡ്രൈവറും തയാറാകേണ്ടതുണ്ട്. നിയമലംഘനങ്ങളില്‍ തക്കതായ നടപടിയെടുക്കാന്‍ അധികാരികളും രംഗത്തിറങ്ങിയേ മതിയാവൂ.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ






0 Comments