റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയുടെ ഫ്‌ലാറ്റില്‍ ലഹരി പരിശോധന. ഏഴ് ഗ്രാം കഞ്ചാവ് പിടികൂടി. വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റില്‍ പൊലീസ് പരിശോധന നടന്നത്. ഫ്‌ലാറ്റില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡാന്‍സഫ് സംഘം എത്തിയത്. വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ഒമ്പത് പേരടങ്ങുന്ന സംഘമാണ് റാപ്പര്‍ വേടന്റെ ഫ്‌ലാറ്റിലുണ്ടായിരുന്നത്. സംഗീത പരിശീലനത്തിനായാണ് ഒത്തുചേര്‍ന്നതെന്ന് ഇവര്‍ പറഞ്ഞു. മഞ്ഞുമ്മല്‍ ബോയ് സിനിമയിലെ 'വിയര്‍പ്പ് തുന്നിയിട്ട കുപ്പായം' എന്ന ഗാനത്തിന് വരികള്‍ വേടന്റെ ആണ്.
കുറച്ച് നാളുകളായി ഹിരണ്‍ദാസ് മുരളിയുടെ ഫ്‌ലാറ്റ് നിരീക്ഷണത്തിലായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. തൃപ്പൂണിത്തുറ പൊലീസ് തുടര്‍നടപടിയെടുക്കും. വേടന്‍ ലഹരി ഉപയോഗിച്ചോ എന്നറിയാന്‍ മെഡിക്കല്‍ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം, കഞ്ചാവ് പിടിച്ചെടുത്തതിന് പിന്നാലെ ഇടുക്കിയിലെ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷ പരിപാടിയില്‍ നിന്ന് വേടന്റെ റാപ്പ് ഷോ ഒഴിവാക്കി. വേടനെ കഞ്ചാവ് കേസില്‍ പിടിച്ച സാഹചര്യത്തിലാണ് തീരുമാനം.
ആരും സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിക്കരുതെന്നും അത് ചെകുത്താനാണെന്നും റാപ്പര്‍ വേടന്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം ഏറെ ശ്രദ്ധ നേടിയിരുന്നു. ദയവ് ചെയ്ത് ആരും ലഹരിക്ക് അടിമപ്പെടരുതെന്നും വേടന്‍ പരാമര്‍ശിച്ചിരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments