Latest News
Loading...

സ്നേഹവീട് പദ്ധതി അഭിമാനകരം-മന്ത്രി വി.എന്‍. വാസവന്‍



മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ നാഷണല്‍ സര്‍വീസ് സ്കീമിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സ്നേഹവീട് ഭവന നിര്‍മാണ പദ്ധതി അഭിമാനകരമാണെന്ന് സഹകരണ, ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. നാഷണല്‍ സര്‍വീസ് സ്കീമിന്‍റെ 2023-24 വര്‍ഷത്തെ അവാര്‍ഡ് ദാനവും സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.




സ്നേഹവീട് പദ്ധതിയില്‍ സര്‍വകലാശാലയുടെ വിവിധ കോളജുകളിലെ എന്‍.എസ്.എസ് യൂണിറ്റുകള്‍ മുന്‍കൈ എടുത്ത് ഇതുവരെ 310 കുടുംബങ്ങള്‍ക്ക് വീടുവച്ചു നല്‍കിയത് സമാനതകളില്ലാത്ത നേട്ടമാണ്. ലഹരിക്കെതിരായ ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ എന്‍.എസ്.എസ് വഹിക്കുന്ന പങ്ക് ഏറെ നിര്‍ണായകമാണ്. ഉയര്‍ന്ന സാമൂഹിക ബോധമുള്ള എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ക്ക് ലഹരി പോലെയുള്ള സാമൂഹിക വിപത്തുകളുടെ വഴിയിലേക്ക് ചുവടുവയ്ക്കാനാവില്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. റെജി സക്കറിയ ഡോ. ബിജു തോമസ്, അഡ്വ. പി.ബി. സതീഷ്കുമാര്‍, സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍, എന്‍.എസ്.എസ് റീജിയണല്‍ ഡയറക്ടര്‍ വൈ.എം. ഉപ്പിന്‍, കൊളീജിയറ്റ് എജ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ആര്‍. പ്രഗാഷ്, എന്‍.എസ്.എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ.ആര്‍. അജീഷ്, സര്‍വകലാശാലാ എന്‍.എസ്.എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഇ.എന്‍. ശിവദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


മികച്ച എന്‍.എസ്.എസ് യൂണിറ്റിനുള്ള പുരസ്കാരം പാലാ അല്‍ഫോന്‍സാ കോളജിന് സമ്മാനിച്ചു. തൊടുപുഴ ന്യൂമാന്‍ കോളജിനാണ് രണ്ടാം സ്ഥാനം. മികച്ച എന്‍.എസ്.എസ് സൗഹൃദ പ്രിന്‍സിപ്പലിനുള്ള പുരസ്കാരം അല്‍ഫോന്‍സ കോളജിലെ പ്രിന്‍സിപ്പല്‍ റവ. ഡോ ഷാജി ജോണ്‍ പുന്നത്താനത്തുകുന്നേലും മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള പുരസ്കാരം ഇതേ കോളജിലെ ഡോ. സിമിമോള്‍ സെബാസ്റ്റ്യനും ഏറ്റുവാങ്ങി.

എന്‍.എസ്.എസ് സര്‍വകലാശാലാ തലത്തില്‍ നടത്തിയ നാടന്‍ പാട്ടു മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനവും ചടങ്ങില്‍ വിതരണംചെയ്തു. എറണാകുളം മഹാരാജാസ് കോളജ്, തൃക്കാക്കര കെ.എം.എം കോളജ്, കാലടി ശ്രീശങ്കര കോളജ് എന്നിവ യഥാക്രമം ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനങ്ങള്‍ നേടി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments