Latest News
Loading...

റഷ്യയിൽ ഗാന്ധിജിയുടെ ചിത്രത്തോടുകൂടിയ ബിയർ പുറത്തിറക്കിയതിനെതിരെ റഷ്യൻ പ്രസിഡൻ്റിന് പരാതി



റഷ്യയിലെ ബിയർ ക്യാനുകളിൽ  അച്ചടിച്ച ഇന്ത്യന്‍ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ചിത്രവും ഒപ്പും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനും ഇന്ത്യയിലെ റഷ്യൻ അംബാസിഡർ ഡെനിസ് അലിപോവിനും പാലായിലെ  മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ്  കത്തയച്ചു. ഈ വിഷയത്തിൽ നയതന്ത്ര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്   രാഷ്ട്രപതി ദ്രൗപതി മുർമ്മു, പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി ഡോ. എസ്.ജയശങ്കര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.



ബിയർ ക്യാനുകളിൽ ഇന്ത്യന്‍ രാഷ്ട്രപിതാവിന്റെ ചിത്രവും ഒപ്പും  പതിപ്പിച്ച് ഗാന്ധി എം എന്നു പേര് നല്‍കിയിരിക്കുന്നത് അനുചിതവും അവഹേളനപരവുമാണെന്ന് വ്യക്തമാക്കിയാണ്  എബി ജെ. ജോസ് പരാതി അയച്ചിട്ടുണ്ട്. ഈ മദ്യഉത്പന്നത്തിന്റെ പരസ്യം റഷ്യയിൽ പ്രദര്‍ശിപ്പിക്കുന്നതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗാന്ധിയുടെ ചിത്രം ദുരുപയോഗം ചെയ്യുന്നതിനെതിരെ നടപടിയെടുക്കാന്‍ ഇന്ത്യയില്‍ 1971ലെ നാഷണല്‍ ഹോണര്‍ ആക്ട് ,1950ലെ നെയിംസ് ആന്റ് എംബ്‌ളംസ് ആക്ട് എന്നീ നിയമങ്ങളില്‍ അനുശാസിക്കുന്നുണ്ടെന്ന കാര്യവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മദ്യത്തിനെതിരെ ജീവിതത്തിലുടനീളം കര്‍ശന നിലപാട് സ്വീകരിച്ചിരുന്ന വ്യക്തിയായിരുന്നു മഹാത്മാഗാന്ധി. ഗാന്ധിജി പ്രഖ്യാപിച്ച 18 ഇന പദ്ധതികളില്‍ ഒന്നായിരുന്നു മദ്യവര്‍ജ്ജനം. താന്‍ ഇന്ത്യയുടെ ഭരണാധികാരിയായാല്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച ഗാന്ധിജിയെ മദ്യ ഉത്പന്നത്തിന്റെ പ്രചാരകനാക്കിയത് അപമാനകരമാണ്. 


മദ്യനിരോധനം ഭരണഘടനയുടെ നിർദ്ദേശക തത്വങ്ങളിൽ ഒന്നായി ഉൾപ്പെടുത്തിയ രാജ്യംകൂടിയാണ് ഇന്ത്യ. അഹിംസാസമരപാതയിലൂടെ ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യം അവസാനിപ്പിക്കാന്‍ നേതൃത്വം നല്‍കിയ ഗാന്ധിയെ മദ്യ പ്രചാരകനാക്കി ചിത്രീകരിച്ചിരിക്കുന്നത് റഷ്യയിലെ മോസ്കോയ്ക്കടുത്തുള്ള സെർജീവ് പോസാദിൽ സ്ഥിതി ചെയ്യുന്ന റിവോർട്ട് ബ്രൂവറി എന്ന ബിയർ നിർമ്മാണക്കമ്പനിയാണ്. ഇത് സ്വാതന്ത്ര്യസമര നേതാവിനോടുള്ള കടുത്ത അനാദരവാണെന്നും റഷ്യൻ പ്രസിഡൻ്റിനുള്ള കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.2021 ൽ പുറത്തിറക്കിയ ഈ  ബിയര്‍ ബ്രാൻ്റ് ഇപ്പോഴും റഷ്യൻ വിപണികളില്‍ ലഭ്യമാണെന്നറിയാന്‍ സാധിച്ചെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മദർ തെരേസ, നെൽസൺ മണ്ടേല, കാസ്ട്രോ തുടങ്ങിയവരുടെ ഒക്കെ പേരിലും ബിയർ പുറത്തിറക്കി ഈ കമ്പനി വിൽപ്പന നടത്തുന്നുണ്ട്.




ഇന്ത്യയും റഷ്യയും തമ്മിലുള്ള ഊഷ്മളമായ ബന്ധം അക്കമിട്ടു വിവരിക്കുന്ന കത്തില്‍  അടിയന്തിരമായി ഇന്ത്യന്‍ രാഷ്ട്രപിതാവ് ഗാന്ധിജിയോടുള്ള അനാദരവ് ഒഴിവാക്കാന്‍ ബിയര്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെടുന്നു.

ഇസ്രായേൽ, ചെക്ക് റിപ്പബ്ളിക് എന്നിവിടങ്ങളിൽ  മദ്യകമ്പനി മഹാത്മാഗാന്ധിയുടെ ചിത്രം ബിയര്‍ കുപ്പിയില്‍ അച്ചടിച്ചതിനെതിരെ 2019 ൽ എബി ജെ. ജോസ് പരാതി നൽകുകയും  ഇക്കാര്യം ആം ആദ്മി പാര്‍ട്ടി എം പി സഞ്ജയ് സിംഗ് രാജ്യസഭയില്‍ ഉന്നയിക്കുകയും ചെയ്തതിനെത്തുടർന്നു ഇന്ത്യയുടെ നയതന്ത്ര ഇടപെടല്‍മൂലം  മദ്യകമ്പനികൾ ഖേദം പ്രകടിപ്പിച്ച് ബിയര്‍ കുപ്പികളില്‍ നിന്നും ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കിയിരുന്നു. അമേരിക്ക, ബ്രസീൽ എന്നിവിടങ്ങളിലും ബിയർ കുപ്പികളിൽ ഗാന്ധിയുടെ ചിത്രം പ്രദർശിപ്പിച്ചിരുന്നത് പരാതികളെത്തുടർന്നു നീക്കം ചെയ്തിരുന്നു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments