Latest News
Loading...

കന്നുകാലി വന്ധ്യതാ നിവാരണ മേഖലാ റഫറൽകേന്ദ്രം ഉദ്ഘാടനം ചെയ്തു



കോട്ടയം: വീട്ടുമുറ്റത്തു സേവനം കൊടുക്കാൻ സംസ്ഥാനത്തെ മുഴുവൻ ബ്‌ളോക്കുകൾക്കും വെറ്ററിനറി ആംബുലൻസുകൾ നൽകുമെന്നു മൃഗസംരക്ഷണം, ക്ഷീരവികസനം, മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കന്നുകാലി വന്ധ്യതാ നിവാരണ മേഖലാ റഫറൽകേന്ദ്രത്തിന്റെ ഉദ്ഘാടനം തലയോലപ്പറമ്പ് ലൈവ്സ്റ്റോക്ക് ഫെർട്ടിലിറ്റി മാനേജ്‌മെന്റ് സെന്റർ ക്യാമ്പസിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

കാലാവസ്ഥ വ്യതിയാനവും പ്രതികൂലസാഹചര്യവുമുണ്ടായിട്ടും പാൽ ഉൽപാദനക്ഷമതയിൽ രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്താൻ കേരളത്തിനായി. പാലുൽപാദനത്തിൽ ഈ വർഷത്തോടെ സ്വയം പര്യാപ്തതയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നീങ്ങിയത്. മിൽമയുടെ കണക്കിൽ സ്വയം പര്യാപ്തതയിലെത്താൻ പ്രതിദിനം രണ്ടുലക്ഷം ലിറ്റർ പാലിന്റെ കുറവുണ്ട്. എന്നാൽ ഈ കണക്കിന് പുറത്ത് നിരവധി ക്ഷീരകർഷകർ കേരളത്തിൽ പാലുൽപാദിപ്പിക്കുന്നുണ്ട്.




ക്ഷീരകർഷകർക്കായി നിരവധി പദ്ധതികളാണ് സംസ്ഥാനസർക്കാർ നടപ്പാക്കുന്നത്. കനത്തചൂടിൽ പശുക്കൾ മരിച്ച കർഷകർക്കുള്ള നഷ്ടപരിഹാരവിതരണം ഈ മാസം 22ന് ആരംഭിക്കും. ചർമമുഴ വന്ന പശുക്കൾക്കും ഇതേധനസഹായം നൽകും. മിൽമയും ക്ഷീരക്ഷേമബോർഡും സർക്കാരും കൂടി ചേർന്നു ക്ഷീരകർഷകർക്കു ഇൻഷുറൻസ് ലഭ്യമാക്കും. 



കേന്ദ്രസർക്കാരിന്റെ സഹായത്തോടെ മൂന്നുവർഷം കൊണ്ടു മുഴുവൻ ക്ഷീരകർഷകർക്കും ഇൻഷുറൻസ് ലഭ്യമാക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ കന്നുകാലി പ്രജനന നയത്തിന് സമഗ്ര സംഭാവന നൽകിയ ജനിതക ശാസ്ത്രജ്ഞനും കെ.എൽ.ഡി. ബോർഡ് മുൻ മാനേജിങ് ഡയറക്ടറുമായ ഡോ. സി.ടി. ചാക്കോയെ മന്ത്രി ചടങ്ങിൽ ആദരിച്ചു.




സി.കെ. ആശ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.എൽ.ഡി. ബോർഡ് മാനേജിങ് ഡയറക്ടർ ഡോ. ആർ. രാജീവ്, വൈക്കം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത്, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ഷാജിമോൾ, വൈസ് പ്രസിഡന്റ് ലിസമ്മ ജോസഫ്, ജില്ലാ പഞ്ചായത്തംഗം പി.എസ്. പുഷ്പമണി, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.ടി. ജയമ്മ, കെ.പി. ഷാനോ, ഗ്രാമപഞ്ചായത്തംഗം ഷിജി വിൻസെന്റ്, എ.എം. അനി ചെള്ളാങ്കൽ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ.ആർ. സജീവ്കുമാർ, കെ.എൽ.ഡി.ബി. ജനറൽ മാനേജർ ഡോ. ടി. സജീവ്കുമാർ, വൈക്കം ബ്ളോക്ക് എക്സ്റ്റെൻഷൻ ഓഫീസർ വി. സുനിത, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. സെൽവരാജ്, സാബു പി. മണലോടി, എന്നിവർ പ്രസംഗിച്ചു.




പാലുൽപാദനത്തിൽ സ്വയം പര്യാപ്തത എന്ന ലക്ഷ്യത്തോടുകൂടിയാണ് കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് വഴി സംസ്ഥാന സർക്കാർ തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലനനകേന്ദ്രത്തിന്റെ ക്യാമ്പസിൽ മേഖലാ കന്നുകാലി വന്ധ്യതാ നിവാരണ കേന്ദ്രം ആരംഭിച്ചത്. റഫറൽ മൃഗസംരക്ഷകേന്ദ്രം എന്ന നിലയിലാണ് പ്രവർത്തിക്കുക. വന്ധ്യതയുമായി ബന്ധപ്പെട്ട് വെറ്ററനറി ഡോക്ടർ റഫർ ചെയ്ത കേസുകളാണ് ഇവിടെ പരിഗണിക്കുന്നത്. മധ്യകേരളത്തിലെ ക്ഷീരകർഷകർക്കു പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ഈ കേന്ദ്രത്തിൽ തുടക്കത്തിൽ വൈക്കം ബ്‌ളോക്ക് പഞ്ചായത്തിനു കീഴിലുള്ള ഉദയനാപുരം, ചെമ്പ്, വൈക്കം, ടി.വി. പുരം, തലയാഴം, മറവൻതുരുത്ത്, വെച്ചൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെ മൃഗസംരക്ഷണകേന്ദ്രങ്ങളിലെയും തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് മൃഗസംരക്ഷണകേന്ദ്രത്തിലെയും ഡോക്ടർമാർ നിർദേശിക്കുന്ന കേസുകളാകും പരിഗണിക്കുക. വീട്ടുപടിക്കലെത്തി സേവനം നൽകുന്ന തരത്തിലാണ് സംവിധാനം.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments