Latest News
Loading...

കണ്ണീര്‍ പുഴയൊഴുകി വയനാട്. ഇതുവരെ 60 മരണം



ഉറ്റവരെ കാണാതെ വിങ്ങിപ്പൊട്ടുന്ന മനുഷ്യരെ കൊണ്ട് നിറഞ്ഞ് വയനാട് ഉരുള്‍പൊട്ടലുണ്ടായ ദുരന്തഭൂമി. അമ്പതിലേറെ വീടുകള്‍, നിരവധി വാഹനങ്ങള്‍ എന്നിവ ഉരുള്‍പൊട്ടലില്‍ തകര്‍ന്നും ഒലിച്ചു പോയിരിക്കുകയാണ്. ഇതുവരെ 60 പേരാണ് മരിച്ചതായി സ്ഥിരീകരണം വന്നിരിക്കുന്നത്. അതേസമയം മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. രക്ഷാദൌത്യം സജീവമാകുന്നുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് മഴ തടസമാകുന്നുണ്ട്. ആശുപത്രിയില്‍ നിരത്തിക്കിടത്തിയിരിക്കുന്ന മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് പൊട്ടിക്കരയുന്നവരും കാണാതായ പ്രിയപ്പെട്ടവര്‍ ആശുപത്രിയിലെത്തിയിട്ടുണ്ടോ എന്ന് തെരയുന്നവരും കണ്ണ് നനയിക്കുന്ന കാഴ്ചയായി.  മുണ്ടക്കൈ ഭാഗത്ത് നിന്നുള്ള ചിലര്‍ ചാലിയാറിലേക്ക് ഒലിച്ചു പോയിട്ടുണ്ട്. ആരൊക്കെയുണ്ട്, ആരൊക്കെ പോയി എന്നൊന്നും യാതൊരു വിവരവുമില്ലെന്ന്  പ്രദേശവാസികള്‍ പറയുന്നു.




ചാലിയാറില്‍ നിന്ന് 10 മൃതദേഹങ്ങള്‍ കണ്ടെടുത്തു. മുണ്ടക്കൈ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. രാത്രി ഒരു മണിക്ക് ശേഷമാണ് ദുരന്തമുണ്ടായത്. ഉറക്കത്തിലാണ് വെള്ളം കുത്തിയൊലിച്ചെത്തിയത്. നൂറിലേറെ പേര്‍ ഇപ്പോഴും മണ്ണിനടിയിലുണ്ടെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തനത്തിന് ഏഴിമലയില്‍ നിന്ന് നാവികസേനയുമെത്തുമെന്ന് അറിയിപ്പുണ്ട്. 









മണ്ണില്‍ കുടുങ്ങിയ ആളെ മണിക്കൂറുകള്‍ക്കുശേഷം അതിസാഹസികമായി രക്ഷപ്പെടുത്തി. ഉരുള്‍പൊട്ടി കല്ലും മണ്ണുമെല്ലാം വീടുകളും മറ്റും തകര്‍ത്തുകൊണ്ട് ഒഴുകിയ സ്ഥലത്തിന് സമീപത്തെ ചെളിയില്‍ കുടുങ്ങിയ ആളെയാണ് രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്താന്‍ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദ്യം അടുത്തേക്ക് എത്താനായിരുന്നില്ല.


 കുടുങ്ങിയ ആള്‍ നിന്നിരുന്ന സ്ഥലത്തിന്റെ മറ്റിടങ്ങളില്‍ ഒഴുക്കുണ്ടായിരുന്നെങ്കിലും ഇതിനെ അതിജീവിച്ച് രക്ഷാപ്രവര്‍ത്തകര്‍ ആളുടെ അടുത്തെത്തി ചെളിയില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു.  മണിക്കൂറുകളുടെ ആശങ്കകള്‍ക്കൊടുവില്‍ ആളെ രക്ഷിക്കാനായി. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments