കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചെലവുകളുടെ ആദ്യഘട്ട പരിശോധന കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ പൂർത്തിയായി. ഓഗസ്റ്റ് 28, സെപ്റ്റംബർ രണ്ട് തീയതികളിലായി രണ്ടും, മൂന്നും ഘട്ട പരിശോധനകൾ നടക്കും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് പരിശോധന നടക്കുക.
തെരെഞ്ഞെടുപ്പ് ചെലവ് നിരീക്ഷകൻ ഡി. ലക്ഷ്മികാന്ത, ഫിനാൻസ് നോഡൽ ഓഫീസർ എസ്. ആർ അനിൽകുമാർ, അസിസ്റ്റന്റ് എക്സ്പൻഡിച്ചർ ഓഫീസർ പി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് വരവു ചെലവു കണക്കുകളുടെ പരിശോധന നടത്തിയത്.
പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങൾ ഏതെന്ന് നിശ്ചയിക്കുന്ന റാൻഡമൈസേഷൻ നടത്തി. ആദ്യഘട്ട പരിശോധന നടത്തിയ 364 വോട്ടിംഗ് യന്ത്രങ്ങളിൽ നിന്ന് റിസർവ് യന്ത്രങ്ങളുൾപ്പെടെ 320 വീതം കൺട്രോൾ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളും 309 വിവി പാറ്റുകളുമാണ് റാൻഡമൈസേഷനിൽ തിരഞ്ഞെടുത്തത്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് ആപ്ലിക്കേഷനായ ഇവിഎം മാനേജ്‌മെന്റ് സിസ്റ്റം മുഖേനയായിരുന്നു തിരഞ്ഞെടുപ്പ്. ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ആവശ്യമായതിന്റെ 25 ശതമാനവും വിവി പാറ്റ് മെഷീൻ 21 ശതമാനവും അധികമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ പോളിംഗ് ബൂത്തിലേക്കുമുള്ള യന്ത്രങ്ങൾ ഏതെന്ന് തീരുമാനിക്കുന്ന രണ്ടാം ഘട്ട റാൻഡമൈസേഷൻ പിന്നീട് നടക്കും.
0 Comments