Latest News
Loading...

കടം വാങ്ങിയ 100 രൂപ തിരികെ ചോദിച്ചതിന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

കടം കൊടുത്ത നൂറു രൂപാ തിരികെ ചോദിച്ച വിരോധം നിമിത്തം യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച മദ്യപന്‍ പിടിയില്‍. പാല അഡാര്‍ട്ട് റോഡിലെ തോംസണ്‍ ലോഡ്ജിലെ താമസക്കാരനായ കൊല്ലം പത്തനാപുരം പാതിരിക്കല്‍ നെടുമ്പ്രം ഭാഗത്ത് പുതുകുന്നേല്‍ വീട്ടില്‍ മുഹമ്മദ് ഹനീഫ മകന്‍ 44 വയസ്സുള്ള ഷിബു എന്നു വിളിക്കുന്ന ഷെഫീക്കിനെ ആണ് അടുത്ത മുറിയിലെ താമസക്കാരനായ ആലുവ ചൂര്‍ണ്ണിക്കര മാടാനി വീട്ടില്‍ ബേബി മകന്‍ 47 വയസ്സുള്ള ജോബി കറിക്കത്തികൊണ്ട് തലങ്ങും വിലങ്ങും വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത് 


16.03.22 തീയതി രാത്രി 10.15 മണിയ്ക്കാണ് സംഭവം. പാല മുരിക്കും പുഴയില്‍ ബൈക്ക് മെക്കാനിക്ക് ആയ ഷിബു അടുത്ത മുറിയിലെ താമസക്കാരനായ ജോബി തനിക്ക് തരുവാനുള്ള നൂറു രൂപ തിരികെ ചോദിച്ചാണ് ജോബിയുടെ മുറിയില്‍ എത്തിയത് . ഈ സമയം മദ്യലഹരിയില്‍ ആയിരുന്ന ജോബി ഷിബുവുമായി വാക്കേറ്റം ഉണ്ടാക്കി പച്ചക്കറി അരിഞ്ഞു കൊണ്ടിരുന്ന കറിക്കത്തികൊണ്ട് ജോബി ഷിബുവിനെ വെട്ടുകയും കുത്തുകയും ചെയ്തു. ഷിബുവിന്റെ മുഖത്തും നെഞ്ചിലും കഴുത്തിലും പുറത്തും വയറിലുമായി 12 ഓളം മുറിവുണ്ട്. അടുത്ത മുറിയിലെ താമസക്കാരാണ് പരിക്കേറ്റു കിടന്ന ഷിബുവിനെ പാല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചത്. 

പരിക്കേറ്റ ഷിബു അപകട നില തരണം ചെയ്തിട്ടുണ്ട്. കേസിലെ പ്രതിയായ ജോബിയെ പാല പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി. തോംസണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത് സംഭവ സ്ഥലത്ത് എത്തിച്ച് ഫോറന്‍സിക് വിദഗ്ധരുടെയും മറ്റും സാന്നിദ്ധ്യത്തില്‍ തെളിവെടുപ്പ് നടത്തി. പാല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു. പ്രതിക്കെതിരെ മറ്റു സ്റ്റേഷനുകളില്‍ സമാന സ്വഭാവമുള്ള കേസ്സുകള്‍ ഉണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരുന്നു.


Post a Comment

0 Comments