Latest News
Loading...

കോട്ടയത്തേയ്ക് രാത്രികാല സര്‍വീസുകളില്ലാതായതോടെ ജനം ദുരിതത്തില്‍



പാലാ ഡിപ്പോയില്‍നിന്നുള്ള കെഎസ്ആര്‍ടിസി സ്റ്റേ സര്‍വീസുകള്‍ അയയ്ക്കാത്തതിനാല്‍ സന്ധ്യ കഴിഞ്ഞാല്‍ വിവിധ സ്ഥലങ്ങളിലേയ്ക്ക്  പോകാന്‍ എത്തുന്ന യാത്രക്കാര്‍ ദുരിതത്തില്‍. കോട്ടയത്തേയ്ക്കുള്ള സര്‍വീസുകള്‍ നേര്‍ പകുതിയായി ചുരുക്കി.  പാലയില്‍നിന്നുള്ള രാത്രികാല സ്റ്റേ സര്‍വീസുകള്‍ മൂന്നും നിര്‍ത്തിവച്ചതാണ് കോട്ടയത്തേയ്ക്ക് യാത്രാ പ്രതിസന്ധിക്ക് കാരണം.

.കോട്ടയത്തേയ്ക്ക് നിലവിൽ 7.20നുള്ള ഫാസ്‌റ്റ്‌ ചെയിൻ സർവീസ്‌ കഴിഞ്ഞാൽ രാത്രി 10ന്‌ മൂലമറ്റത്തുനിന്ന്‌ തിരുവനന്തപുരത്തേക്കുള്ള ഫാസ്‌റ്റ്‌ സർവീസ്‌ എത്തുന്നതുവരെ കാത്തിരിക്കേണ്ട അവസ്ഥയിലാണ്‌ യാത്രക്കാർ. നേരത്തെ 7.45ന്‌ പാലായിൽ എത്തിയിരുന്ന തൊടുപുഴ–-കോട്ടയം ചെയിൻ സർവീസാണ്‌ സമയം പുനക്രമീകരിച്ച്‌ 7.20ന്‌ എത്തി കോട്ടയത്തേക്ക്‌ നേരത്തെ തിരിക്കുന്നത്‌.  പാലയിൽനിന്നുള്ള രാത്രികാല സ്‌റ്റേ സർവീസുകൾ മൂന്നും നിർത്തിവച്ചതാണ്‌ യാത്രാ പ്രതിസന്ധിക്ക്‌ കാരണം. 


.രാത്രി 8.15ന്‌ പാലാവഴി കോട്ടയത്തേക്ക്‌ സർവീസ്‌ നടത്തിയിരുന്ന ഈരാറ്റുപേട്ട ഡിപ്പോയിൽനിന്നുള്ള പുള്ളിക്കാനം–-കോട്ടയം ഓർഡിനറി സർവീസും ഒൻപതിനും 10നും പാലായിൽനിന്ന്‌ അയച്ചിരുന്ന ഓർഡിനറി സർവീസുകളും നിർത്തലാക്കിയത് ഇനിയും പുനരാരംഭിക്കാത്തതാണ്‌ പാലായിൽനിന്ന്‌ കോട്ടയത്തേക്കുള്ള രാത്രി യാത്ര ദുഷ്‌കരമാക്കിയിരിക്കുന്നത്‌. ഇവ മൂന്നും കോട്ടയത്ത്‌ സ്‌റ്റേ ചെയ്‌ത്‌ പുലർച്ചെ പാലായ്‌ക്ക്‌ തിരിക്കുന്ന സർവീസുകളായിരുന്നു. ജോലി കഴിഞ്ഞ്‌ വൈകി എത്തുന്നവർ ഉൾപ്പെടെയുള്ള യാത്രക്കാരുടെ ആശ്രയമായിരുന്നു ഇവ. യാത്രക്കാരുടെ ബുദ്ധിമുട്ട്‌ പരിഹരിക്കാൻ രാത്രി 10ന്‌ മുൻപുള്ള സ്‌റ്റേ സർവീസുകളിൽ ഒന്നെങ്കിലും പുനരാരംഭിക്കാൻ ഡിപ്പോ അധികൃതർ നടപടി സ്വീകരിക്കണമെന്ന്‌ ജീവനക്കാർ ഉൾപ്പെടെ പലതവണ ആവശ്യം ഉന്നയിച്ചിട്ടും നടപടിയില്ലന്ന്‌ ആക്ഷേപമുണ്ട്‌.  

.കോവിഡ്‌ അടച്ചുപൂട്ടലിന്‌ മുൻപ്‌ പാലായിൽനിന്ന്‌ കോട്ടയത്തേക്ക്‌ 20 മിനിട്ട്‌ ഇടവിട്ട്‌ 16 സർവീസുകളാണ്‌ അയച്ചിരുന്നത്‌. അടച്ചുപൂട്ടലിനു ശേഷം സർവീസ്‌ പുനരാരംഭിച്ചപ്പോൾ രാര്രി യാത്രക്കാരുടെ തിരക്ക്‌ കുറവായതിനാൽ  ഇത്‌  എട്ടായി ചുരുക്കിയിരുന്നു. എന്നാൽ യാത്രാനിയന്ത്രണങ്ങൾ ഉൾപ്പെടെ ഒഴിവാക്കി കൊവിഡ്‌ മാനദണ്ഡങ്ങൾ പുനക്രമീകരിച്ചതൊടെ യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടും സർവീസുകളുടെ എണ്ണത്തിൽ മാറ്റമില്ലാത്ത അവസ്ഥയാണ്‌. രാത്രികാല സ്‌റ്റേ സർവീസുകൾ വർധിപ്പിച്ച്‌ സർവീസുകളുടെ എണ്ണം പത്തായി ഉയർത്തിയാൽ പ്രതിസന്ധി പരിഹരിക്കാനാവുമെന്നാണ്‌ ജീവനക്കാർ പറയുന്നത്‌.

Post a Comment

0 Comments