Latest News
Loading...

കൗണ്‍സിലര്‍ മറുകണ്ടം ചാടിയതിന് പിന്നില്‍ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതെന്ന് ചെയര്‍പേഴ്‌സണ്‍



ഈരാറ്റുപേട്ട നഗരസഭയിലെ എട്ട് മാസം തികച്ച പുതിയ ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തില്‍ കോണ്‍ഗ്രസ് കൗണ്‍സില്‍ ഒപ്പിട്ടതിന് പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ടെന്ന് ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുല്‍ഖാദര്‍. എട്ടരലക്ഷത്തോളം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതോടെ ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപെടാനാണ് കൗണ്‍സിലര്‍ ശ്രമിക്കുന്നതെന്നും ചെയര്‍പേഴ്‌സണ്‍ ആരോപിച്ചു.

.ഈരാറ്റുപേട്ട കുടുംബശ്രീയിലെ 50 ലക്ഷത്തോളം രൂപയുടെ അഴിമതിയെയും തിരിമറിയെയും സംബന്ധിച്ച് കുടുംബശ്രീയിലെ തന്നെ ഒരംഗം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ തനിക്ക് പരാതി തന്നിരുന്നതായി സുഹ്‌റ അബ്ദുല്‍ഖാദര്‍ പറയുന്നു.. ഈ പരാതിയില്‍ അന്വേഷണം നടത്തിയപ്പോള്‍ വനിതാ വികസന കോര്‍പ്പറേഷനില്‍ നിന്നും കുടുംബശ്രീക്ക് ലഭിച്ച 50 ലക്ഷം രൂപയുടെ ലോണ്‍ വിതരണം നടത്തിയതില്‍ വലിയ ക്രമക്കേട് നടന്നിട്ടുണ്ട് എന്ന് ബോധ്യപ്പെട്ടു. കൃഷി ആവശ്യത്തിനായി ലഭിച്ച ലോണ്‍ തട്ടി എടുക്കുന്നതിനായി സ്വന്തക്കാരുടെയും ബന്ധുക്കളുടെയും പേരില്‍  ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് (J LG ) ഉണ്ടാക്കുകയും അവരുടെ പേരില്‍ ലോണെടുത്ത്  തട്ടിപ്പ് നടത്തുകയുമാണ് ചെയ്തിരുന്നത്. പതിനാറാം വാര്‍ഡിലെ വനിതാ കൗണ്‍സിലര്‍ മഴവില്ല് എന്ന പേരില്‍ ഒരു JLG  ഉണ്ടാക്കുകയും ലോണായി ലഭിച്ച 50 ലക്ഷം രൂപയില്‍ 8.50 ലക്ഷം രൂപ തന്റെ JLG  അംഗങ്ങളുടെ പേരില്‍  വാങ്ങിയെടുത്ത് തട്ടിപ്പ് നടത്തി എടുക്കുകയും  ചെയ്തിട്ടുള്ളതായാണ് മനസ്സിലാക്കുന്നതെന്ന് ചെയര്‍ പേഴ്‌സണ്‍ പറയുന്നു. 

കൂട്ടുകൃഷി ആവശ്യത്തിനായി ലഭിച്ച ലോണ്‍ തുക വ്യക്തിപരമായി വീതിച്ചെടുക്കാന്‍ പാടില്ല എന്നിരിക്കെ ഈ ലോണ്‍ തുക എല്ലാ അംഗങ്ങളും കൃത്യമായി വീതിച്ചെടുത്തു എന്നാണ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ സത്യവാങ്മൂലവും വ്യാജമായി ഒപ്പിട്ട് തയ്യാറാക്കിയതാണെന്ന് പറയുന്നു. ഈ ഗ്രൂപ്പിന്റെ പേരില്‍ ഒരു കൂട്ടുകൃഷി നടക്കുന്നില്ല എന്നും അങ്ങനെ കൃഷിസ്ഥലം പോലും ഇല്ല എന്നും ഈ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് പണം ലഭിച്ചിട്ടില്ല എന്നും മുഴുവന്‍ പണവും ഗ്രൂപ്പിലെ അംഗമായ പതിനാറാം വാര്‍ഡ് കൗണ്‍സിലര്‍ ആണ് കൈകാര്യം ചെയ്തിരുന്നത് എന്നും അ്‌ന്വേഷണത്തില്‍ വ്യക്തമായി.  ഓഡിറ്റര്‍ ാരുടെ പേരില്‍ വ്യാജ ഒപ്പിട്ടും വ്യാജ സീല്‍ നിര്‍മ്മിച്ചും ഈ ഗ്രൂപ്പുകളുടെ വ്യാജ ഓഡിറ്റ് റിപ്പോര്‍ട്ട് ഉണ്ടാക്കിയിട്ടുള്ളതാണ് എന്നും മനസ്സിലായിട്ടുണ്ട്.  തട്ടിപ്പ് നടത്തിയെന്ന് മാത്രമല്ല ആയതിന്റെ മുഴുവന്‍ രേഖകളും നശിപ്പിക്കുകയും ചെയ്തു. 

ഈപരാതിയിന്മേല്‍ അന്വേഷണത്തിനായി ജില്ലാകുടുംബശ്രീ മിഷനില്‍നിന്നും ഏഴ്‌പേരടങ്ങുന്നഓഡിറ്റര്‍മാര്‍ 27.08.2021 ല്‍ ഈരാറ്റുപേട്ട കുടുംബശ്രീയില്‍ എത്തി പരിശോധന നടത്തുകയും പതിനാറാം വാര്‍ഡ് കൗണ്‍സിലര്‍ ഉള്‍പ്പെട്ട JLG ഉള്‍പ്പെടെ മുഴുവന്‍ JLG കളിലു മായി 46 ലക്ഷം രൂപയുടെ അതി ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.  ഈ പരാതി വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് നഗരസഭ ആവശ്യപ്പെടുകയും ചെയ്തു. അന്ന് വൈകുന്നേരമാണ് (27.08.2021) പതിനാറാം വാര്‍ഡ് കൗണ്‍സിലറെ കാണാതാവുന്നതും പിന്നീടാണ് അവര്‍ ഇടതുപക്ഷത്തിന്റെ ഭാഗമായി അവിശ്വാസ പ്രമേയ നോട്ടീസില്‍ ഒപ്പിടുകയും ചെയ്തത്. 
രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഈ അന്വേഷണത്തില്‍ നിന്നും രക്ഷപ്പെടാം എന്നാണ് പതിനാറാം വാര്‍ഡ് കൗണ്‍സിലര്‍ വിചാരിച്ചിരിക്കുന്നത് എന്ന് സുഹ്‌റ അബ്ദുല്‍ഖാദര്‍ പറഞ്ഞു. 

കുടുംബ ശ്രീ ജില്ലാ മിഷന്റെ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈരാറ്റുപേട്ട കുടുംബശ്രീയിലെ ക്രമക്കേടുകളെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്.  കുടുംബശ്രീയിലെ ക്രമക്കേടിന്‍മേല്‍  സമഗ്രമായ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് നഗരസഭാ കൗണ്‍സില്‍ പ്രമേയം പാസാക്കി അംഗീകരിച്ചിട്ടുണ്ട്. നേരിട്ട് വിജിലന്‍സിനെ സമീപിച്ചാല്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കപ്പെട്ടേക്കാം എന്നതിനാല്‍ നേരിട്ട് കോട്ടയം വിജിലന്‍സ് കോടതിയെയാണ് സമീപിച്ചിരിക്കുന്നത്.

Post a Comment

0 Comments