Latest News
Loading...

ചേര്‍പ്പുങ്കല്‍ പാലത്തിന് ശാപമോക്ഷം; നിര്‍മാണം ഉടന്‍ പുനരാരംഭിക്കും

തിരുവനന്തപുരം: ഒരു വര്‍ഷത്തിലധികമായി മുടങ്ങിക്കിടന്നിരുന്ന ചേര്‍പ്പുങ്കല്‍ പാലത്തിന്റെ നിര്‍മാണം ഉടന്‍ പുനരാരംഭിക്കുന്നതിന് നടപടിയായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കരാറുകാരനുമായി തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തടസ്സങ്ങള്‍ നീക്കി നിര്‍മാണം പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്. 

9.89 കോടി രൂപയാണ് പാലത്തിന്റെ നിര്‍മാണത്തിനായുള്ള അടങ്കല്‍ത്തുക. 2019 ജനുവരിയില്‍ ഇതിന്റെ ജോലികള്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ ഫൗണ്ടേഷന്റെയും തൂണുകളുടെയും പണി പൂര്‍ത്തിയായതിനു പിന്നാലെ ചില സാങ്കേതിക കാരണങ്ങളാല്‍ പണി തടസ്സപ്പെടുകയായിരുന്നു. 

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി, മന്ത്രിമാരായ വിഎന്‍ വാസവന്‍, റോഷി അഗസ്റ്റിന്‍, തോമസ് ചാഴികാടന്‍ എംപി, എംഎല്‍എമാരായ മോന്‍സ് ജോസഫ്, മാണി സി. കാപ്പന്‍ എന്നിവര്‍ പാലം പണി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ എന്നിവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മന്ത്രിമാര്‍, എംപി, എംഎല്‍എമാര്‍, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ്, ചീഫ് എഞ്ചിനിയര്‍ (ബ്രിഡ്ജസ്) മനോ മോഹന്‍, കരാറുകാരായ മുളമൂട്ടില്‍ കണ്‍സ്ട്രക്ഷന്‍സിന്റെ പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു. 2018ലെ പുതുക്കിയ നിരക്ക് അനുസരിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റെ ഷെഡ്യൂള്‍ നിരക്കില്‍ പാലം നിര്‍മാണത്തിന് ആവശ്യമായ സാധന സാമഗ്രികള്‍ക്ക് അംഗീകാരം നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി.
.

.

Post a Comment

0 Comments