Latest News
Loading...

മാർ ശ്ലീവാ ആശുപത്രിക്കെതിരായ പ്രചരണങ്ങൾക്കെതിരെ മാനേജ്മെന്റ്


ഗര്‍ഭിണിയുടെ കോവിഡ് ഫലം തെറ്റായി നല്‍കിയെന്ന വ്യാജ ആരോപണത്തില്‍ വിശദീകരണവുമായി പാലാ ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ മെഡിസിറ്റി.

വിശദീകരണ കുറിപ്പിൽ നിന്നും :

മാർ സ്ലീവാ മെഡിസിറ്റിയെ അപകീർത്തിപ്പെടുത്തിക്കൊണ്ട് സമൂഹമാധ്യമങ്ങളിൽ ഒന്നോ രണ്ടോ പേർ തുടരെ  പോസ്റ്റിടുന്നുണ്ട്. നിത്യേനയെന്നോണം വർധിച്ചു വരുന്ന മാർ സ്ലീവാ ഹോസ്പിറ്റലിൻ്റെ ജനപ്രീതിയെ ഇകഴ്ത്തുക എന്നതാവാം ഇവർ ഉദ്ദേശിക്കുന്നതെങ്കിലും അത് പാഴ് വേല മാത്രമാകുമെന്ന് ആ സഹോദരങ്ങളെ സ്നേഹപൂർവ്വം ഓർമ്മിപ്പിക്കട്ടെ.

പാവപ്പെട്ട രോഗികൾക്ക് ചികിത്സാനുകൂല്യമായി മാത്രം തുടക്കം മുതൽ ഓരോ വർഷവും 70 ലക്ഷം മുതൽ ഒരു കോടി രൂപാ വരെ ആശുപത്രി മാനേജ്മെൻ്റ് നീക്കിവെയ്ക്കുന്നുണ്ടെന്ന കാര്യം സമൂഹ മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പടച്ചു വിടുന്നവർ അറിയുന്നില്ലായിരിക്കാം.

കോവിഡ് പരിശോധനയ്ക്കായി  ഇവിടെ ട്രൂനെറ്റ് ടെസ്റ്റാണ് നടത്തുന്നത്. ഇതിൻ്റെ കൃത്യത 70 % ആണ്. അത് പല സ്ഥലങ്ങളിൽ ടെസ്റ്റ് ചെയ്യുമ്പോഴും ചിലപ്പോൾ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്.

780 രൂപയുടെ കോവിഡ് വാക്‌സിൻ 700  രൂപയ്ക്കാണ് മാർ സ്ലീവയിൽ നൽകുന്നത്. സംസ്ഥാന ഗവണ്മെന്റ് നിശ്ചയിച്ചിരിക്കുന്ന നിരക്കിൽ മാത്രമാണ്  കോവിഡ് രോഗികളെ മാർ സ്ലീവാ മെഡിസിറ്റി പാലായിൽ ശുശ്രൂഷിക്കുന്നത്. ഇത് ആർക്കും പരിശോധിക്കാവുന്നതാണ്.

.കോവിഡ് മൂർദ്ധന്യ അവസ്ഥയിലും സൗജന്യമായി വീടുകളിലെത്തി കോവിഡ് രോഗികൾക്ക് വേണ്ട പരിചരണവും മരുന്നുകളും നൽകിയ കോവിഡ് ഫൈറ്റേഴ്സിൻ്റെ പ്രവർത്തനം കേരളത്തിലാദ്യമായി ആവിഷ്ക്കരിച്ചത് മാർസ്ലീവാ മെഡിസിറ്റിയാണ്. ഈ ഒറ്റ സേവന പ്രവർത്തനത്തിന് ഔദ്യോഗിക മേഖലകളിലുള്ളവരുടേയും നിരവധി ജനപ്രതിനിധികളുടേയും ഒട്ടേറെ പ്രോത്സാഹന പിന്തുണാശംസകൾ മാർ സ്ലീവയ്ക്ക് ലഭിച്ചിട്ടുണ്ട്. കോവിഡ് രോഗികളുള്ള ഓരോ വീട്ടിലും കയറിയിറങ്ങി സേവനമെത്തിക്കുമ്പോൾ, ആശ്വാസമനസ്സോടെ മിഴി നിറഞ്ഞ് വീട്ടുകാർ പറയുന്ന നന്ദി വാക്കുകൾ ആതുരസേവന മേഖലയിലെ ഏറ്റവും വലിയ ബഹുമതിയായാണ് മാർ സ്ലീവാ കരുതുന്നത്.

കോവിഡ് പോസിറ്റീവായ ഗർഭിണിയായ സ്ത്രീ, ആശുപത്രിയിൽ പരിശോധിച്ച പോസിറ്റീവ് റിസൾട്ട് ലഭിച്ചതിനു ശേഷം അഡ്മിറ്റ് ആവാൻ വരാതിരുന്ന സാഹചര്യത്തിൽ തിരികെ വിളിച്ചത്. കോവിഡ് പോസിറ്റീവ് ആയ രോഗി ഗർഭിണി ആയതിനാൽ അഡ്മിഷൻ ഉറപ്പ് വരുത്തുന്നതിന് വേണ്ടിയായിരുന്നു വിളി. അതുപോലെ ആരോപണങ്ങളായി ഉപയോഗിക്കുകയാണ് ഒന്നോ- രണ്ടോ പേർ. വളരെ കഷ്ടമാണിത്.

. നിലവിലെ സാഹചര്യത്തിൽ കോവിഡ് സംബന്ധിച്ചും കോവിഡ് അഡ്മിഷന് വേണ്ടിയും ഒട്ടനവധി കോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. പാവപ്പെട്ട രോഗികളെ കഴിയുന്നത്ര പരിചരിക്കണം എന്നാണ് ആശുപത്രി മാനേജ്മെൻ്റ് പോലും ജീവനക്കാരോട് നിർദ്ദേശിച്ചിട്ടുള്ളത്. ന്യായമായ ഏതു പരാതിയ്ക്കും തീർപ്പു കൽപ്പിക്കാൻ ആശുപത്രി മാനേജ് മെൻ്റ് സദാ സന്നദ്ധവുമാണ്.ഈ സാഹചര്യത്തിൽപ്പോലും സമൂഹ മാധ്യമങ്ങളിലൂടെ താറടിക്കുന്ന ഒന്നോ- രണ്ടോ പേരുടെ "ഉദ്ദേശം " നന്നായി മനസ്സിലാക്കുന്നുണ്ട്. എന്നാലും ഒരിക്കലും ധാർമ്മിക മൂല്യങ്ങൾക്ക് നിരക്കാത്ത ഒരു നടപടിയും മാർ സ്ലീവ യുടെ ഭാഗത്തു നിന്നുണ്ടാവുകയില്ല. സമൂഹത്തിൽ തേജോവധം ചെയ്ത് മാർ സ്ലീവയിൽ നിന്ന് പൈസ വാങ്ങാമെന്ന വ്യാമോഹവും ആർക്കും വേണ്ട.

ഇനിയും ഇത്തരം നീക്കങ്ങളുണ്ടായാൽ തീർച്ചയായും നിയമത്തിൻ്റെ വഴി തേടുമെന്നു കൂടി ഈ ഒന്നോ- രണ്ടോ ദോഷൈകദൃക്കുകളെ പ്രത്യേകം ഓർമ്മിപ്പിക്കുകയാണ്..."

Post a Comment

0 Comments