Latest News
Loading...

യുവകർഷകൻ ജോഷ് ജോസിറ്റിനെ ആദരിച്ചു

കാർഷികദിനത്തോടനുബന്ധിച്ച് വെയിൽ കാണാം പാറ വെട്ടത്ത് ജോഷ് ജോസിറ്റിനെ തിടനാട് ഗ്രാമ പഞ്ചായത്ത് ആദരിച്ചു. കുട്ടിക്കാലം മുതൽ കൃഷി പ്രവർത്തനങ്ങളിൽ തത്പരനായ ജോഷ് പഠനത്തോടൊപ്പം കാർഷികവൃത്തിയും യോജിപ്പിച്ചു. ചൂണ്ടച്ചേരി സെന്റ് ജോസഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നും ഫസ്റ്റ് ക്ലാസ് നേടി മെക്കാനിക്കൽ എഞ്ചിനീയറിംഗ് പാസായ ജോഷിന് ഗ്രാമപഞ്ചായത്തിന്റെ ഈ ആദരം ഇരട്ടിമധുരമായി.  
.അത്യാധുനിക രീതിയിലുള്ള വിവിധയിനം മത്സ്യങ്ങളെ വളർത്തുന്നതിനായി മത്സ്യ കുളങ്ങൾ, മുയൽ വളർത്തുന്നതിനായി അത്യാധുനിക സംവിധാനങ്ങളോടെയുള്ള മുയൽ കൂടുകൾ തുടങ്ങിയവ ജോഷ് സ്വന്തം പഠനമികവിന്റെ അടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്ത് വീട്ടിൽ പരിപാലിച്ചു പോരുന്നു. ഇതോടൊപ്പം പശു, ആട്, കോഴി തുടങ്ങിയവയെല്ലാം ജോഷിന്റെ കൃഷിയിടത്തിലുണ്ട്. കാർഷിക ഇനങ്ങളായ വെണ്ട , പയർ , പാവൽ , കോവൽ ഇഞ്ചി, മഞ്ഞൾ, തുടങ്ങി എല്ലാ ഇനങ്ങളും വീട്ടിൽ ഉണ്ട്. കൃഷിയോടൊപ്പം പരിസര ശുചിത്വം എങ്ങിനെ പരിപാലിക്കാം എന്നതിന്റെ ഉദാത്ത മാതൃകയായിരിക്കുകയാണ് ജോഷും കുടുംബവും

.കാർഷിക വൃത്തിയിൽ എല്ലാവിധ പിന്തുണയുമായി പിതാവ് പൂഞ്ഞാർ എസ് എം വി ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ജോസിറ്റ് ജോൺ , മാതാവ് ചേന്നാട് സെന്റ് മരിയ ഗൊരേത്തി സ്കൂൾ അധ്യാപിക ലിൻസി ജോസിറ്റ് , മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ സഹോദരി ഡോ. ജോസിലിൻ , സഹോദരൻ ജെസ് വിൻ എന്നിവർ എപ്പോഴുമുണ്ട്. ജൈവ വൈവിധ്യ കൃഷിയിൽ മാത്രമല്ല വളർത്തു മുഗങ്ങളെ പരിപാലിക്കുന്നതിലും ജോഷ് പ്രത്യേക ശ്രദ്ധ നൽകുന്നു. 


. വെയിൽ കാണാം പാറയിലെ വീട്ടിലെത്തിയാൽ ജോഷിന്റെ വൈവിധ്യമാർന്ന കൃഷി രീതികൾ നേരിട്ടറിയാം. കാർഷിക വൃത്തിയിൽ യാതൊരു താത്പര്യവും കാണിക്കാത്ത യുവ തലമുറക്ക് നല്ല പ്രചോദനമാണ് ജോഷിന്റെ പ്രവർത്തനങ്ങൾ. പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പൊന്നാട അണിയിച്ച് സർട്ടിഫിക്കറ്റും മൊമെന്റോയും നൽകി.

Post a Comment

0 Comments