തിടനാട് മഹാക്ഷേത്രം വക തരിശ് ഭൂമിയിൽ പച്ചക്കറി കൃഷി

തിടനാട്: കേരളത്തെ ഭക്ഷ്യസ്വയം പര്യാപ്ത സംസ്ഥാനമാക്കുന്നതിൽ ദേവഹരിതം പദ്ധതിക്ക്  സുപ്രധാനപങ്ക് വഹിക്കാനാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ് എൻ .വാസു പറഞ്ഞു .തിടനാട് മഹാക്ഷേത്രം വക തരിശ് ഭൂമിയിൽ ദേവഹരിതം പദ്ധതി പ്രകാരമുള്ള പച്ചക്കറി തൈ നടീൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

വിവിധ ക്ഷേത്രങ്ങളുടെ അധീനതയിലുള്ള 3000 ത്തോളം ഏക്കർ തരിശ് ഭൂമിയിൽ ദേവഹരിതം പദ്ധതി നടപ്പാക്കുവാനാണ് ബോർഡ്‌ ലക്ഷ്യമിട്ടിട്ടുള്ളത് . ഇതിനോടകം 1000 ത്തോളം ക്ഷേത്രങ്ങളിൽ ഭക്തജനങ്ങളുടെയും ഉപദേശക സമിതികളുടെയും സഹകരണത്തിൽ പദ്ധതി നടപ്പാക്കാനായിട്ടുണ്ട് .

കോവിഡ്  19 പോലുള്ള മഹാമാരികളെയും ദുരന്തങ്ങളെയും അതിജീവിക്കുവാനുള്ള സർക്കാർ ശ്രമങ്ങൾക്ക് ദേവഹരിതം താങ്ങും തണലുമാകും . ഭക്ഷ്യക്കമ്മി സംസ്ഥാനമായ കേരളത്തിന്‌ ഇക്കാര്യത്തിൽ ഇതര സംസ്ഥാനങ്ങളെ ആശ്രയിച്ച് എന്നും മുന്നോട്ട് പോകാൻ ആവില്ല .എവിടെയൊക്കെ തരിശ്നിലങ്ങളുണ്ടോ അവയൊക്കെ കൃഷിക്ക് ഉപയുക്തമാക്കുവാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു .

കോവിഡ് പ്രോട്ടോകോൾ പാലിച്ച് ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ബോർഡ്‌ മെമ്പർ അഡ്വ.കെ .എസ് .രവി ,ഡെപ്യൂട്ടി കമ്മീഷണർ കൃഷ്ണകുമാർ വാര്യർ ,മുണ്ടക്കയം ഗ്രൂപ്പ്‌ അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ ഒ .ജി .ബിജു ,ക്ഷേത്രോപദേശക സമിതി പ്രസിഡണ്ട്‌ രാജു കുന്നുംപുറം എന്നിവർ സംസാരിച്ചു . ക്ഷേത്രം മേൽശാന്തി ജയകൃഷ്ണൻ നമ്പൂതിരി , കൃഷി വിദഗ്ധൻ മോഹൻകുമാർ എന്നിവർക്ക് ദേവസ്വം ബോർഡ്‌ വക മൊമെന്റോ പ്രസിഡന്റ് എൻ . വാസു നൽകി ആദരിച്ചു .