പാലായിൽനിന്നും അവശ്യമരുന്ന് അഗ്നിശമനസേനയും വനംവകുപ്പും ചേർന്ന് തമിഴ്നാട്ടിൽ എത്തിച്ചു നൽകി. തമിഴ്നാട് സ്വദേശിയായ നാലു വയസുകാരി ഷാഷ്നി സുരേഷ് ഷുഗർ സംബന്ധമായ അസുഖത്തിന് കഴിഞ്ഞ രണ്ടു വർഷമായി ഭരണങ്ങാനം ചിരട്ടയോലിക്കൽ രാമചന്ദ്രൻ വൈദ്യരുടെ ചികിത്സയിലായിരുന്നു. ലോക്ഡൗൺ ആരംഭിച്ചതോടെ മരുന്ന് ലഭിക്കാൻ നിർവ്വാഹമില്ലാതെ വന്നു. മരുന്ന് തീർന്നു പോയെന്നും അത്യാവശ്യമായി ലഭ്യമാക്കാൻ സഹായം തേടി കുട്ടിയുടെ പിതാവും അധ്യാപകനുമായ സുരേഷ് പാലായിലുള്ള ബന്ധു ആന്റണി എള്ളുംകാലായെ വിളിച്ചു. അദ്ദേഹം ഇക്കാര്യത്തിനായി സുഹൃത്തും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ സെക്രട്ടറിയുമായ ബിനു പെരുമനയുടെ സഹായം തേടി.
ബിനു പെരുമനയുടെ നേതൃത്വത്തിൽ മാണി സി കാപ്പൻ എം എൽ എയെ വിവരം അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം ഫയർഫോഴ്സുമായി ബന്ധപ്പെട്ടു. തുടർന്ന് മരുന്ന് കോട്ടയത്ത് സ്റ്റേഷൻ ഓഫീസർ കെ വി ശിവദാസിനു കൈമാറി. ഇതിനിടെ ആന്റണി എള്ളുംകാല തെങ്കാശി എം പി ധനുഷ്കുമാറുമായി ബന്ധപ്പെട്ടു തമിഴ്നാട്ടിൽ ക്രമീകരണം ഏർപ്പാടു ചെയ്തു.
തുടർന്ന് പുനലൂർ ഫയർ സ്റ്റേഷൻവഴി ആര്യംകാവ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ അബ്ജ് അരുൺ, ബീറ്റ് ഓഫീസർ ആർ രാജേഷ് എന്നിവർ കേരള അതിർത്തിയിൽ തെങ്കാശി എം പി ധനുഷ് കുമാറിന്റെ നിർദ്ദേശപ്രകാരം സാമൂഹ്യ പ്രവർത്തകൻ മഹേന്ദ്രൻ ഏറ്റുവാങ്ങി കുരുന്നിന്റെ വിദുരനഗറിലെ വീട്ടിൽ എത്തിച്ചു നൽകുകയായിരുന്നു.
കേരളാഫയർഫോഴ്സ്, പാലാ എം എൽ എ മാണി സി കാപ്പൻ, കേരള വനംവകുപ്പ്, തെങ്കാശി എം പി ധനുഷ്കുമാർ, തെങ്കാശി ജില്ലാ കളക്ടർ, തമിഴ്നാട് പോലീസ്, സാമൂഹ്യ പ്രവർത്തകൻ മഹേന്ദ്രൻ എന്നിവരുടെ ഏകോപനം സാധ്യമാക്കിയാണ് തമിഴ്നാട്ടിൽ മരുന്ന് എത്തിച്ചത്.



