പാലാ . ജനറൽ ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് ലാലിച്ചൻ ജോർജ് നടത്തിയ പ്രസ്താവനയ്ക്കെതിരെ ബിജെപി ശക്തമായ വിമർശനം ഉന്നയിച്ചു. പാലാ ജനറൽ ആശുപത്രിക്ക് ബിജെപി ഒരു ചുടുകല്ലുപോലും നൽകിയിട്ടില്ലെന്ന ലാലിച്ചൻ ജോർജിന്റെ പരാമർശം വസ്തുതകൾ അറിയാതെയുള്ള രാഷ്ട്രീയ ഗീർവാണമാണെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു. ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാർ പാലാ ജനറൽ ആശുപത്രിക്ക് നൽകിയ സഹായങ്ങൾ എന്തൊക്കെയാണെന്ന് ആദ്യം അന്വേഷിച്ചറിയാനുള്ള രാഷ്ട്രീയ മര്യാദയെങ്കിലും ലാലിച്ചൻ ജോർജ് കാണിക്കണം.
.കോവിഡ് കാലത്ത് പാലാ ജനറൽ ആശുപത്രിയിൽ സ്ഥാപിച്ച മെഡിക്കൽ ഓക്സിജൻ പ്ലാന്റ് കേന്ദ്രസർക്കാരിന്റെ PM CARES ഫണ്ട് വഴിയുള്ള പദ്ധതിയുടെ ഭാഗമായാണ് അനുവദിക്കപ്പെട്ടത്. രാജ്യത്തെ പൊതുജനാരോഗ്യ സ്ഥാപനങ്ങളിൽ ഓക്സിജൻ ഉൽപ്പാദന പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് കേന്ദ്രസർക്കാർ നടത്തിയ ഇടപെടലിന്റെ ഭാഗമായി കേരളത്തിൽ പാലാ ജനറൽ ആശുപത്രിയെയും ഉൾപ്പെടുത്തിയിരുന്നു. കേന്ദ്രസർക്കാരിന്റെ ഈ സഹായത്തെക്കുറിച്ച് പോലും അറിവില്ലാതെയാണോ ലാലിച്ചൻ ജോർജ് പ്രസ്താവന നടത്തുന്നത്? ആശുപത്രിയിൽ സ്ഥാപിച്ച ഓക്സിജൻ പ്ലാന്റിന്റെ ചരിത്രം ആദ്യം പഠിച്ചിട്ട് വേണം ബിജെപിക്കെതിരെ സംസാരിക്കാൻ.
.അതുപോലെതന്നെ ഇപ്പോൾ പാലാ ജനറൽ ആശുപത്രിയിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന റേഡിയേഷൻ ഓങ്കോളജി വിഭാഗത്തിന്റെ കാര്യത്തിലും ലാലിച്ചൻ ജോർജ് വസ്തുതകൾ മനസ്സിലാക്കണം. ഈ പദ്ധതിക്ക് കേന്ദ്ര ആറ്റോമിക് എനർജി വകുപ്പിൽനിന്ന് ആധുനിക റേഡിയേഷൻ സംവിധാനങ്ങൾ ഒരുക്കുന്നതിനായി അഞ്ചുകോടി രൂപയുടെ ഗ്രാന്റ് ലഭ്യമാകുമെന്ന് നേരത്തേ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദേശീയ ആരോഗ്യദൗത്യത്തിന്റെ സഹായവും ഈ പദ്ധതിയുടെ ഭാഗമാണ്. കെട്ടിടനിർമാണത്തിനായി ജോസ് കെ. മാണിയുടെ എം.പി. ഫണ്ടിൽനിന്ന് 2.45 കോടി രൂപ അനുവദിച്ചതും മറ്റ് തദ്ദേശസ്ഥാപനങ്ങളുടെ വിഹിതങ്ങളും ഉൾപ്പെടെ വിവിധ സ്രോതസ്സുകളിൽ നിന്നുള്ള സഹായങ്ങളാണ് പദ്ധതിക്കുള്ളത്. ഈ കണക്കുകളെല്ലാം പരിശോധിക്കാതെ ബിജെപി ഒരു ചുടുകല്ലുപോലും നൽകിയിട്ടില്ലെന്ന് വിളിച്ചുപറയുന്നത് എന്ത് രാഷ്ട്രീയ ബോധത്തിന്റെ അടിസ്ഥാനത്തിലാണ്?
കേന്ദ്രസർക്കാരിന്റെ പദ്ധതികളും സാമ്പത്തിക സഹായങ്ങളും ഉണ്ടായിട്ടും അതെല്ലാം മറച്ചുവെച്ച് രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്. ആശുപത്രിയുടെ വികസനത്തിന് കേന്ദ്രസർക്കാർ നൽകിയ സഹായങ്ങളെക്കുറിച്ച് അറിയണമെങ്കിൽ ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാം. അതിന് പകരം വസ്തുതകൾ മറച്ചുവെച്ച് ബിജെപിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ് ചെയ്യുന്നതെങ്കിൽ അതിന് ജനങ്ങൾ തന്നെ മറുപടി നൽകും.
.ലാലിച്ചൻ ജോർജിനോട് ബിജെപിക്ക് പറയാനുള്ളത് ഇത്രമാത്രമാണ്: പാലാ ജനറൽ ആശുപത്രിക്ക് കേന്ദ്രസർക്കാർ നൽകിയ ഓക്സിജൻ പ്ലാന്റിനെക്കുറിച്ച് ആദ്യം പഠിക്കുക. ഓങ്കോളജി വിഭാഗത്തിന്റെ വികസനത്തിന് കേന്ദ്ര ആറ്റോമിക് എനർജി വകുപ്പിൽനിന്ന് ലഭിക്കുന്ന അഞ്ചുകോടിയുടെ ഗ്രാന്റിനെക്കുറിച്ചും ദേശീയ ആരോഗ്യദൗത്യത്തിന്റെ സഹായത്തെക്കുറിച്ചും അന്വേഷിക്കുക. എന്നിട്ട് വേണം ബിജെപിക്ക് ഒരു ചുടുകല്ലുപോലും നൽകാൻ കഴിഞ്ഞിട്ടില്ലെന്ന് പ്രസംഗിക്കാൻ. വസ്തുതകൾ പഠിക്കാതെ തെരുവിൽ മൈക്ക് കെട്ടി ഗീർവാണം മുഴക്കുന്നതുകൊണ്ട് മാത്രം ചരിത്രം ഇല്ലാതാകില്ല.
പാലായുടെ വികസനത്തിൽ ആരുടെ പങ്ക് എന്താണെന്ന് ജനങ്ങൾക്ക് അറിയാം. കേന്ദ്രസർക്കാരിന്റെ സഹായങ്ങളെ സ്വന്തം രാഷ്ട്രീയ പ്രസംഗങ്ങളിൽ മറച്ചുവെച്ച് ബിജെപിയെ അപമാനിക്കാൻ ശ്രമിക്കുന്നവർ ആദ്യം സ്വന്തം അറിവില്ലായ്മ തിരുത്തുകയാണ് വേണ്ടത് എന്ന് ഇന്ന് ചേർന്ന മുനിസിപ്പൽ കമ്മറ്റി പ്രസ്താവനയിലൂടെ അറിയിച്ചു





0 Comments