രാമപുരം ഉപവിദ്യാഭ്യാസ ജില്ലയുടെ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി. മേള കുടക്കച്ചിറ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ആരംഭിച്ചു. ജലസേചന, ഭവനനിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഉപജില്ലാതല ശാസ്ത്രമേളകൾക്കും സ്കൂൾ കലോത്സവങ്ങൾക്കും നൽകിവരുന്ന സർക്കാർ വിഹിതം അപര്യാപ്തമാണെന്നും മറ്റ് സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കണമെന്നും സ്കൂൾ മാനേജർ റവ. ഫാ. തോമസ് മഠത്തിപ്പറമ്പിലിൽ സൂചിപ്പിച്ചതിന് മറുപടിയായി വിവിധ മേളകൾക്ക് നൽകിവരുന്ന സർക്കാർ വിഹിതം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ മുൻകൈ എടുക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി ഉറപ്പുനൽകി.
.തുടർന്ന് മേളയുടെ ഭാഗമായി സജ്ജീകരിച്ചിരുന്ന പ്രവൃത്തിപരിചയ സ്റ്റാളുകൾ സന്ദർശിച്ച മന്ത്രി, കുട്ടികൾ നിർമ്മിച്ച വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും കരകൗശല വസ്തുക്കളും കണ്ട് അനേകം പ്രശംസകൾ അറിയിക്കുകയും ഭാവി നിർമ്മിതികൾക്കായി ആശംസകൾ നേരുകയും ചെയ്തു.
വിദ്യാർത്ഥികളിലെ സർഗ്ഗാത്മകതയും നിർമ്മാണ നൈപുണ്യവും വിളിച്ചോതുന്ന ബാംബൂ വർക്കുകൾ, ക്ലേ മോഡലിങ്, വേസ്റ്റ് മെറ്റീരിയൽ ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക് വയറിങ് തുടങ്ങി നിരവധി വിഭാഗങ്ങളിലാണ് പ്രവൃത്തിപരിചയമേളയിൽ മത്സരങ്ങൾ നടക്കുന്നത്.
.ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് ജോസഫ് പ്ലാക്കൂട്ടം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സീന ജോൺ മുഖ്യപ്രഭാഷണം നടത്തി. ഷിബു കല്ലുമഠം സംഭാവന ചെയ്ത ട്രോഫി സ്കൂൾ മാനേജർ റവ. ഫാ. തോമസ് മഠത്തിപ്പറമ്പിൽ, സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് ജേക്കബ്, ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി രാജേഷ് എൻ. വൈ. എന്നിവർക്ക് കൈമാറി.
ഉപജില്ലയിലെ 62 സ്കൂളുകളിൽ നിന്നായി 2,064 വിദ്യാർത്ഥികളാണ് മേളയിൽ മാറ്റുരയ്ക്കുന്നത്. ജനറൽ കൺവീനറും സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററുമായ ജോസ് ജേക്കബ് സ്വാഗതവും സെന്റ് ജോസഫ്സ് എൽ.പി. സ്കൂൾ ഹെഡ്മിസ്ട്രസ് റൂബി ജോർജ് നന്ദിയും പറഞ്ഞു.
.ളാലം ബ്ലോക്ക് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അലൻ കക്കാട്ടിൽ, കരൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വത്സമ്മ തങ്കച്ചൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിസി ബെന്നി, ബിജിമോൾ എം. ടി. തുടങ്ങി ജനപ്രതിനിധികളും രാമപുരം ഉപവിദ്യാഭ്യാസ ജില്ല സീനിയർ സൂപ്രണ്ട് സന്ധ്യ എസ് എന്നിവർ പങ്കെടുത്തു.





0 Comments