Latest News
Loading...

‘പ്രിയദർശിനി’ നൂറ് ദിവസം. സ്വകാര്യ ബസുടമകളുടെ പരാതി തുടരുന്നു



യുഡിഎഫ് സർക്കാരിന്റെ ഫ്ലാഗ്ഷിപ്പ് പദ്ധതിയായ സ്ത്രീകൾക്കുള്ള സൗജന്യയാത്രാ പദ്ധതിയായ ‘പ്രിയദർശിനി’ നൂറ് ദിവസം പിന്നിട്ടു. പദ്ധതി വൻ വിജയമാണെന്ന് സർക്കാർ വിലയിരുത്തുമ്പോഴും, പദ്ധതി തങ്ങളുടെ ഉപജീവനത്തെ ഗുരുതരമായി ബാധിച്ചെന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി.



.പദ്ധതി ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്ത് 700 സ്വകാര്യ ബസുകൾ സർവീസ് നിർത്തിയെന്നാണ് ബസുടമകളുടെ സംഘടനകൾ പറയുന്നത്. നിലവിൽ ഏകദേശം 11,000 ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ഇതിൽ പകുതിയിലധികം ബസുകളും പൂർണ സർവീസ് നടത്താതെ പകുതി സർവീസ് മാത്രമാണ് നടത്തുന്നതെന്നും ബസുടമകൾ പറയുന്നു.


.ശമ്പളം നൽകാൻ കഴിയാത്തതിനാൽ തൊഴിലാളികളിൽ പലരും ജോലിക്ക് എത്തുന്നില്ല. തൊഴിലാളികളുടെ കുറവും സർവീസ് മുടങ്ങുന്നതിന് കാരണമാകുന്നുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളിലാണ് പ്രതിസന്ധി ഏറ്റവും രൂക്ഷമെന്നാണ് ബസുടമകളുടെ വാദം.




.പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകളുടെ പ്രതിനിധികൾ നാളെ ഗതാഗത മന്ത്രിയെ കാണും. ബസ് നിരക്ക് വർധിപ്പിക്കുക, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിക്കുക.



ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ബസ് സർവീസുകൾ നിർത്തിവച്ച് സമരം നടത്തേണ്ടിവരുമെന്ന് സ്വകാര്യ ബസുടമകളുടെ പ്രതിനിധി ഗോപിനാഥൻ മുന്നറിയിപ്പ് നൽകി.

അതേസമയം, പത്മകുമാർ കമ്മിറ്റി നിർദ്ദേശങ്ങളിൽ തങ്ങൾക്ക് കാര്യമായ നേട്ടമൊന്നും ലഭിച്ചിട്ടില്ലെന്നും ബസുടമകൾ പരാതിപ്പെടുന്നു. പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നാണ് അവരുടെ ആവശ്യം.

Post a Comment

0 Comments