പുലികളിക്കെതിരായ നടൻ വി കെ ശ്രീരാമന്റെ പരാമർശത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. പുരുഷന്മാരുടെ ശരീരഘടനയെ പരിഹസിക്കുന്ന തരത്തിലുള്ള പരാമർശമാണ് നടൻ നടത്തിയതെന്നാണ് ഉയരുന്ന പ്രധാന വിമർശനം.
പുരുഷന്മാർക്ക് മാറും വയറും വളരുന്നത് “രൂപവൈകൃതമാണെന്നും” അത്തരം ശരീരവൈകൃതത്തെ കലയുടെ പേരിൽ അവതരിപ്പിക്കുന്നത് ആഭാസമാണെന്നും വ്യക്തമാക്കിയാണ് വി കെ ശ്രീരാമൻ ഫേസ്ബുക്കിൽ കുറിപ്പിട്ടത്.
.ലോകത്തിന്റെ മറ്റൊരിടത്തും കണ്ടാൽ ഓക്കാനം തോന്നുന്ന ഇത്തരം കലാരൂപം ഉണ്ടാകില്ലെന്നും കുറിപ്പിൽ പറയുന്നു. പുലികളിക്കായി പരിശീലിക്കുന്ന ആളുകളുടെ ചിത്രങ്ങൾക്കൊപ്പമാണ് വി കെ ശ്രീരാമൻ കുറിപ്പ് പങ്കുവച്ചത്.
.കുറിപ്പിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. പുലികളിയിൽ പങ്കെടുക്കുന്നവരുടെ ശരീരത്തെ അധിക്ഷേപിക്കുന്നത് ഗുരുതരമായ ബോഡി ഷെയ്മിംഗ് ആണെന്നാണ് പലരുടെയും പ്രതികരണം. പുലികളി നിരവധി പേർക്ക് ജീവിതമാർഗമാണെന്നും, കലാരൂപത്തെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
.സിനിമയിൽ അശ്ലീല പരാമർശങ്ങൾ നടത്തി ജീവിക്കുന്നവരെ കാണുമ്പോൾ ഇതേ രീതിയിൽ ഓക്കാനം തോന്നാറുണ്ടോയെന്നും ചിലർ വി കെ ശ്രീരാമനോട് ചോദിക്കുന്നു.
വി കെ ശ്രീരാമന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
“പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ്. ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസവും. ലോകത്തൊരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല. ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്‌ത്രത്തിൽ ‘ശാർദൂലവിക്രീഡിതം’ എന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമർശമുണ്ടെന്നുമാണ് സുബ്രൻസാമി പറയുന്നത്. അതാണൊരാശ്വാസം.”





0 Comments