Latest News
Loading...

മാണി സി. കാപ്പൻ എം.എൽ.എ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന് നിവേദനം നൽകി.

 

മീനച്ചിലാർ പുനരുജ്ജീവനത്തിനായി അടിയന്തരമായി 25 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാണി സി. കാപ്പൻ എം.എൽ.എ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന് നിവേദനം നൽകി.
മീനച്ചിലാറിന്റെയും അനുബന്ധ തോടുകളുടെയും ആഴവും വീതിയും വർധിപ്പിച്ചാൽ രൂക്ഷമായ വെള്ളപ്പൊക്കവും മഴക്കെടുതികളും ഒരു പരിധിവരെ ഒഴിവാക്കാനാകുമെന്ന് കാപ്പൻ പറഞ്ഞു. 


.ഇതിലൂടെ ലഭിക്കുന്ന എക്കൽമണ്ണ്, മണൽ, കല്ല് എന്നിവ ലേലം ചെയ്താൽ ഏകദേശം 250 കോടി രൂപ സർക്കാർ ഖജനാവിലേക്ക് ലഭിക്കുമെന്നും, ആ തുകയുടെ 25 ശതമാനം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വികസന പ്രവർത്തനങ്ങൾക്കായി അനുവദിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.


.ഇടുക്കി ജില്ലയിലെ വാഗമൺ മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന മീനച്ചിലാർ പൂഞ്ഞാർ, ഈരാറ്റുപേട്ട, പാലാ, ഏറ്റുമാനൂർ, കോട്ടയം എന്നിവിടങ്ങളിലൂടെ ഒഴുകി കുമരകത്ത് വേമ്പനാട്ട് കായലിൽ പതിക്കുന്ന പ്രധാന നദിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം ഓരോ വർഷവും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളും ജീവഹാനിയും സംഭവിക്കുന്നതായും, കൃഷി, കന്നുകാലി സമ്പത്ത്, വീടുകൾ, കൃഷിഭൂമി എന്നിവയ്ക്ക് വ്യാപകമായ നഷ്ടം ഉണ്ടാകുന്നതായും കാപ്പൻ പറഞ്ഞു.



.ഗാർഹിക മാലിന്യങ്ങൾ മൂലമുള്ള ജലമലിനീകരണം മാരകരോഗങ്ങൾക്കും പകർച്ചവ്യാധികൾക്കും കാരണമാകുന്ന സാഹചര്യത്തിൽ, മീനച്ചിലാർ പുനരുജ്ജീവന പദ്ധതി നടപ്പാക്കുന്നത് പരിസ്ഥിതി സംരക്ഷണത്തിനും പൊതുജനാരോഗ്യത്തിനും അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാലാ ടൗൺ മുതൽ അരുണാപുരം സെന്റ് തോമസ് കോളേജ് വരെയുള്ള മീനച്ചിലാറിന്റെ തീരഭാഗം കൽക്കെട്ട് സംരക്ഷിച്ച് മ്യൂസിക്കൽ വാക്ക്‌വേയായി വികസിപ്പിക്കണമെന്നും കാപ്പൻ ആവശ്യപ്പെട്ടു. 


വേമ്പനാട്ട് കായലിന്റെ ആഴം വർധിപ്പിക്കുമ്പോൾ ലഭിക്കുന്ന എക്കലും മണ്ണും മണലും ഉപയോഗപ്പെടുത്തി പുതിയ ടൗൺഷിപ്പ് നിർമ്മിക്കാനുള്ള സാധ്യതയും അദ്ദേഹം മുന്നോട്ടുവച്ചു. മീനച്ചിലാറിലെ വെള്ളപ്പൊക്ക പ്രശ്നവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി ചർച്ച നടത്തിയതായും, പുഴയിലെ മണ്ണും മണലും നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചതിൽ നന്ദിയറിയിക്കുന്നതായും മാണി സി. കാപ്പൻ പറഞ്ഞു.

Post a Comment

0 Comments