കൊല്ലപ്പള്ളി തോട് വീതികൂട്ടി ശുചീകരിച്ചതോടെ വർഷങ്ങളായി പ്രദേശവാസികളെയും വ്യാപാരികളെയും അലട്ടിയിരുന്ന വെള്ളപ്പൊക്ക ഭീഷണിക്ക് പരിഹാരമായി. വർഷങ്ങളായി മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണി നേരിട്ടിരുന്ന കൊല്ലപ്പള്ളിയിൽ തോട് വീതികൂട്ടി വൃത്തിയാക്കിയതോടെ സ്ഥിതിഗതികൾ മെച്ചപ്പെട്ടതായി പ്രദേശവാസികൾ. നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മാണി സി. കാപ്പൻ എം.എൽ.എ സ്ഥലം സന്ദർശിച്ചു.
മഴക്കാലത്ത് തോട്ടിൽ പോളയും മാലിന്യങ്ങളും അടിഞ്ഞുകൂടി വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നതിനെ തുടർന്ന് പ്രദേശത്ത് വെള്ളപ്പൊക്കം പതിവായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. തോട് വീതികൂട്ടി ശുചീകരിച്ചതോടെ വെള്ളം സുഗമമായി ഒഴുകുന്നതിനും വെള്ളക്കെട്ട് ഒഴിവാകുന്നതിനും സാഹചര്യമൊരുങ്ങിയതായും അവർ വ്യക്തമാക്കി.
എം.എൽ.എയുടെ ഇടപെടലിലൂടെ ആവശ്യമായ ഫണ്ട് ലഭ്യമാക്കി നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനായതിന് പ്രദേശവാസികൾ മാണി സി. കാപ്പൻ എം.എൽ.എയോടും കൊല്ലപ്പള്ളി വാർഡ് മെമ്പർ ജ്യോതിലക്ഷ്മിയോടും നന്ദി അറിയിച്ചു. ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് തോട് നവീകരണത്തിന് നേതൃത്വം നൽകിയ എം.എൽ.എയെയും വാർഡ് മെമ്പർ ജ്യോതിലക്ഷ്മിയും അഭിനന്ദിച്ചു.
സ്ഥലം സന്ദർശനത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബെന്നി ചോക്കാട്ട്, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ് വടക്കേക്കര എന്നിവർ എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു. നിരവധി പ്രദേശവാസികളും സന്ദർശനത്തിൽ പങ്കെടുത്തു. നവീകരണത്തിനായി ഫണ്ട് അനുവദിച്ച മാണി സി. കാപ്പൻ എം.എൽ.എയ്ക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലപ്പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ചടങ്ങിൽ പൊന്നാട അണിയിച്ച് എം.എൽ.എയെ ആദരിച്ചു.
കൊല്ലപ്പള്ളി വാർഡ് മെമ്പർ ജ്യോതിലക്ഷ്മിയെയും ചടങ്ങിൽ അനുമോദിച്ചു. തോട് നവീകരണത്തിലൂടെ മഴക്കാലത്തെ വെള്ളക്കെട്ടിനും ഗതാഗത തടസ്സങ്ങൾക്കും ശാശ്വത പരിഹാരമായതായി ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു. സാം കുമാർ കൊല്ലപ്പള്ളി, ഇഗ്‌നേഷ്യസ് തയ്യിൽ, ബിജു തോപ്പിൽ, രതീഷ് കിഴക്കെപ്പറമ്പിൽ, ജോജോ തെക്കേക്കാരോട്ട്, പ്രശാന്ത് ട്രാവൻകൂർ, ഷാജി എ.ജി. അരീക്കൽ, സുരേഷ് കുമാർ കളപ്പുറയ്ക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.




0 Comments