സ്വർഗത്തിന്റെ അംശം കുടികൊള്ളുന്ന പുണ്യ കബറിടം എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരമാണ് എന്ന് പാലാ രൂപതാ ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് . ലോകത്തിൻറെ ശ്രദ്ധാ കേന്ദ്രമായി വിശുദ്ധിയുടെ പരിമളം പരത്തുന്ന വി.അൽഫോൻസാമ്മയുടെ തിരുനാൾ കൊടിയേറിയപ്പോൾ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലമുകളിൽ പണിത പട്ടണമായും, പീഠത്തിൽ കത്തിച്ചുവച്ച വിളക്കായും, വിശുദ്ധ അൽഫോൻസാ നാനാ ജാതി മതസ്ഥരുടെ ഹൃദയങ്ങളിൽ വസിക്കുന്നു. ശരിയായ താക്കോൽ കണ്ടുപിടിച്ച് ശരിയായ വാതിൽ തുറന്നു നമുക്ക് വഴികാട്ടുന്നു. വിനയത്തിന്റെയും ലാളിത്യത്തിന്റെയും നിറകുടമായ പു ണ്യകുടീരം കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും പ്രതീകമായി നമ്മുടെ ഇടയിൽ നിലകൊള്ളുന്നു.
.ദൈവീകതയുടെ അവബോധം വളർത്തി ദൈവ ജനത്തെ ദൈവാരാധനയിൽ കോർത്തിണക്കി ആഡംബരത്തിന്റെ അർത്ഥമില്ലായ്മ എടുത്തു കാണിക്കുന്ന തിരുനാൾ ദിനങ്ങളിൽ പുത്തൻ ദൈവാനുഭവം സ്വന്തമാക്കാൻ പിതാവ് എല്ലാവരോടും ആഹ്വാനം ചെയ്തു.
ക്രൂശിതന്റെ മുഖമുള്ള വിശുദ്ധ അൽഫോൻസ ക്രൂശിതനോട് അനുരൂപ പ്പെടാൻ സഹനങ്ങൾ ചോദിച്ചു വാങ്ങി, രോഗശയ്യ സുവിശേഷപ്രഘോഷത്തിന് വേദിയാക്കിയപ്പോൾ ഈ തിരുനാൾ ദൈവത്തോട് സംസാരിക്കുവാനുള്ള സുവർണ്ണ അവസരമാണ് എന്ന് പിതാവ് വ്യക്തമാക്കി.
.സമൂഹത്തിൻറെ വേദനയായ മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിച്ചുവരുന്നത് ഗൗരവമേറിയ ഒരു വിപത്താണ് എന്നും, ഇത് നിർമാർജനം ചെയ്യാൻ കേരള പോലീസ് നടത്തുന്ന operation Toofan നും തുടർന്നുള്ള operation Thunder ഉം പ്രശംസ അർഹിക്കുന്നു. എന്നാൽ ഇത് പോലീസിന്റെ മാത്രം കടമയല്ല എന്നും സഭയുടെ, കുടുംബത്തിൻറെ, സന്നദ്ധ സംഘടനകളുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഈ സാമൂഹിക കാൻസറിനെ തുടച്ചുനീക്കാം എന്ന് പിതാവ് ഓർമ്മപ്പെടുത്തി.
വി.യോഹന്നാൻ ഈശോയുടെ ഹൃദയം വായിച്ച് രൂപാന്തരീകരണത്തിന് സാക്ഷ്യം വഹിച്ച് കച്ച കണ്ട്ഉത്ഥാനത്തിൽ വിശ്വസിച്ചു. താൻ മരിക്കുകയില്ല എന്ന ഈശോയുടെ സാക്ഷ്യത്തിന് കാരണഭൂതനായി. വിശുദ്ധ യോഹന്നാനെ പോലെ ഇന്നും മരിക്കാത്ത ഇന്നും ജീവിക്കുന്ന സാക്ഷ്യമാണ് വിശുദ്ധ അൽഫോൻസ, സ്നേഹത്തിന്റെ സാക്ഷ്യം- നിരന്തരമായി തുടർന്നുകൊണ്ടിരിക്കുന്ന നവീകരണത്തിന്റെ സാക്ഷ്യം. മുന്തിരിച്ചടിയും ശാഖകളും മുന്തിരി ക്കുലയും തമ്മിലുള്ള ബന്ധമാണ് നമുക്ക് ഉണ്ടാകേണ്ടത്. ഉണക്കക്കമ്പ് തീയുടെ, നരകത്തിന്റെ പ്രതീകമാണ്. സഭയുടെ വിശുദ്ധ പൈതൃകങ്ങളോട് ചേർന്ന് നിൽക്കുമ്പോൾ ഈ ബന്ധം നമുക്ക് ഉണ്ടാകും. ലഹരി വിമുക്ത സമൂഹം, സാമുദായിക ഐക്യം, കർഷകരുടെ ഉന്നമനം എന്നിവയ്ക്കായി തിരുനാൾ ദിനങ്ങളിൽ പ്രത്യേകം പ്രാർത്ഥിക്കണം എന്നും പിതാവ് ഓർമ്മപ്പെടുത്തി.




0 Comments