ദിവസങ്ങള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് വിരാമം കുറിച്ച് കേരള മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന് സൂചന. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് അവസാനവട്ട ചര്‍ച്ച നടത്തിയ ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും എന്നാണ് വിവരം. കെ സി വേണുഗോപാല്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ആരുടെ പേരാവും ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുക എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.
ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപനം പ്രതീക്ഷിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും എപ്പോള്‍ എന്നതില്‍ കൃത്യമായ വിവരം ആര്‍ക്കുമില്ല. കേരളത്തിനൊപ്പം ഫലം വന്ന എല്ലാ സംസ്ഥാനങ്ങളിലും പുതിയ സര്‍ക്കാരുകള്‍ ഭരണം തുടങ്ങി. പലയിടത്തും ജനങ്ങള്‍ നേതാക്കളെ ചോദ്യം ചെയ്തു തുടങ്ങിയതോടെ സഖ്യകക്ഷികള്‍ അടക്കം സഹികെട്ടു. ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും ഇന്ന് തന്നെ പ്രഖ്യാപനം പ്രതീക്ഷിക്കുന്നു എന്നുമാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പ്രതികരണം.
അതേസമയം, വി ഡി സതീശന്‍ തന്നെ മുഖ്യമന്ത്രി ആകുമെന്ന പ്രതീക്ഷയിലാണ് മുസ്ലിം ലീഗ്. പ്രഖ്യാപനം വൈകുന്നതിനെതിരെ ആര്‍എസ്പിയും രംഗത്തെത്തി. നാളെയും ഒന്നിച്ച് പോകേണ്ടത് കൊണ്ട്, നല്ല നാടന്‍ ഭാഷയില്‍ മറുപടി പറയുന്നില്ലെന്നാണ് ഷിബു ബേബി ജോണ്‍ പ്രതികരിച്ചത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments