കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ അള്‍ട്രാവയലറ്റ് വികിരണത്തിന്റെ അളവ് ഉയരുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം, പാലക്കാട് എന്നീ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. യുവി ഇന്‍ഡക്‌സ് 8 രേഖപ്പെടുത്തിയ ആറ് ജില്ലകളിലാണ് 'ഓറഞ്ച് അലര്‍ട്ട്' പ്രഖ്യാപിച്ചത്. ഈ മേഖലകളില്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. യുവി സൂചിക ഉയരുന്നത് സൂര്യതപം ചര്‍മ്മരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. നിലവിലെ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഡിഎംഎ അറിയിച്ചു.
തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണം. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം. പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, ആല്‍ബനിസം അവസ്ഥയുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം
എറണാകുളം (കളമശ്ശേരി), തൃശ്ശൂര്‍ (ഒല്ലൂര്‍), മലപ്പുറം (പൊന്നാനി) എന്നീ ജില്ലകളില്‍ യുവി സൂചിക 7 രേഖപ്പെടുത്തി. ഇവിടെ മഞ്ഞ അലര്‍ട്ട് ആണ് നല്‍കിയിരിക്കുന്നത്. കോഴിക്കോട്, വയനാട് ജില്ലകളില്‍ സൂചിക 6 ആണ്. കൊല്ലം- കൊട്ടാരക്കര, പത്തനംതിട്ട കോന്നി, ആലപ്പുഴ ചെങ്ങന്നൂര്‍, കോട്ടയം ചങ്ങനാശ്ശേരി, ഇടുക്കി മൂന്നാര്‍ , പാലക്കാട് തൃത്താല എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മലമ്പ്രദേശങ്ങള്‍ (High altitudes), ഉഷ്ണമേഖല പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുവെ UV സൂചിക ഉയര്‍ന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയര്‍ന്ന UV സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണല്‍ തുടങ്ങിയ പ്രതലങ്ങള്‍ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഇത്തരം മേഖലകളിലും UV സൂചിക ഉയര്‍ന്നതായിരിക്കും. പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments