Latest News
Loading...

അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിന്റെ നൂറാം ജന്മദിനാഘോഷം



പാലാ രൂപതയും ബിഷപ്സ് ഹൗസും ഇത്രത്തോളം മനോഹരമായിരുന്നിട്ടില്ല ഒരിക്കലുമെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പാലായുടെ വലിയ പിതാവ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ സന്തോഷകരമായി തന്റെ നൂറു ജന്മദിനങ്ങൾ പൂർത്തിയാക്കിയതാണ് ആ മനോഹാരിതയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകുന്നേരം പാലാ ബിഷപ്പ് ഹൗസിൽ നടന്ന മാർ പള്ളിക്കാപറമ്പിലിന്റെ നൂറാം ജന്മദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട് . നൂറുവർഷത്തെ മഹത്വപൂർണ്ണമായ ജീവിതത്തോടൊപ്പം തന്നെ തന്റെ ചുറ്റുമുള്ളവയെയും  വലിയ പിതാവ് മനോഹരമാക്കി എന്നും മാർ കല്ലറങ്ങാട്ട് കൂട്ടിച്ചേർത്തു.

ക്ഷണിക്കപ്പെട്ട ചെറുതെങ്കിലും പ്രൗഢഗംഭീരമായ സദസ്സിൽ ഔപചാരികതയ്ക്കപ്പുറം ഒരു കുടുംബ സംഗമത്തിന്റെ പ്രതീതിയാണ് വലിയ പിതാവിൻറെ ജന്മദിനാഘോഷം സൃഷ്ടിച്ചത്. വിവിധ സഭകളിൽ നിന്നായി നാൽപ്പത്തഞ്ചിലേറെ മെത്രാന്മാർ ചടങ്ങിൽ പങ്കെടുത്തു.



ദീർഘകാലം ജീവിച്ച ഒരത്ഭുതപ്രതിഭാസമാണ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ എന്ന സീറോ മലബാർ സഭയുടെ പരമാധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. ചിട്ടയോടെയുള്ള ജീവിതത്തിനും അങ്ങേയറ്റം ആത്മീയ നിറവിനും മാർ പള്ളിക്കാപറമ്പിലിനെ കവച്ചുവയ്ക്കാൻ മറ്റൊരാളില്ല എന്നും അദ്ദേഹം പറഞ്ഞു.സീറോ മലബാർ സഭയുടെ ആദരസൂചകമായി മാർ റാഫേൽ തട്ടിൽ വലിയ പിതാവിനെ പൊന്നാടയണിയിച്ച് ആദരിച്ചു .മേജർ ആർച്ച് ബിഷപ്പ് എമരിത്തൂസ് മാർ ജോർജ് ആലഞ്ചേരി സഭയ്ക്കായി പൂച്ചെണ്ടു നൽകി ആദരവറിയിച്ചു.
ഫ്രാൻസിസ് മാർപാപ്പയെ പോലെ പ്രകൃതിയെ സ്നേഹിച്ച വ്യക്തിത്വമാണ് മാർ പള്ളിക്കാപറമ്പിലിൻ്റേതെന്ന് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ചൂണ്ടിക്കാട്ടി. പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ ഹൃദയത്തോട് ചേർത്ത് വെച്ച അസീസിയിലെ വിശുദ്ധ ഫ്രാൻസിസി നോടാണ് അദ്ദേഹം വലിയ പിതാവിനെ ഉപമിച്ചത്.



പള്ളിക്കാപറമ്പിൽ പിതാവിന്റെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ അനുഭവം അദ്ദേഹത്തിൻറെ വിശുദ്ധ കുർബാനയർപ്പമാണെന്ന് മേജർ ആർച്ച് ബിഷപ്പ് എമരിത്തൂസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.മിശിഹാ രഹസ്യം അനുഭവിച്ചാസ്വദിച്ച് വിശുദ്ധ കുർബാന അർപ്പിക്കുന്ന ആളാണ് മാർ പള്ളിക്കാപറമ്പിൽ എന്ന് മാർ ആലഞ്ചേരി കൂട്ടിച്ചേർത്തു. യാമ പ്രാർത്ഥനകളുടെ സമ്പൂർണ്ണ രൂപം അദ്ദേഹം വലിയ പിതാവിന് സമർപ്പിച്ചു.

താൻ ജനിക്കുന്നതിനും ഒരു വർഷം മുൻപേ മെത്രാനായ ആളാണ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ എന്നും ചെറുപ്പം മുതൽ താൻ കേട്ട തിരുമേനിമാരിൽ ഒരാളുടെ പേര് ഇതായിരുന്നതുകൊണ്ടാണ് ഇത്ര ദൂരം വന്നെത്തി. അദ്ദേഹത്തെ കാണാൻ ആഗ്രഹിച്ചതെന്നും കൽദായ സുറിയാനി സഭ മെത്രാപ്പോലീത്ത ഔഗേൻ മാർ കുര്യാക്കോസ്.കൽദായ സുറിയാനി സഭയുടെ ഉപഹാരവും അദ്ദേഹം സമ്മാനിച്ചു.



പള്ളിക്കാപറമ്പിൽ തിരുമേനിയോട് അല്പനേരം സംസാരിച്ചാൽ നമ്മളിൽ സ്നേഹം നിറയുന്നതിനൊപ്പം സഭയോടും നമുക്ക് കൂടുതൽ സ്നേഹം തോന്നുമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ .സീറോ മലബാർ സഭയുടെ തനിമയ്ക്കും പൈതൃകത്തിനും ആരാധനാക്രമ പുനരുദ്ധാരണത്തിനും മാർ ജോസഫ് പവ്വത്തിൽ പിതാവിനൊപ്പം നിന്ന ആളായിരുന്നു മാർ പള്ളിക്കാപറമ്പിൽ എന്നും അദ്ദേഹം അനുസ്മരിച്ചു .

താൻ ഇത്രയും കാലം ആയുസ്സോടെ മുന്നോട്ടുപോകുന്നതിന് പ്രധാനകാരണം മാർ ജോസഫ് കല്ലറങ്ങാട്ടാണെന്നും ഒരു ദൈവദൂതനെ പോലെയാണ് അദ്ദേഹം തന്നെ കാത്തു പരിപാലിക്കുന്നതെന്നും മാർ ജോസഫ് പള്ളിക്കാപറമ്പിൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു.



ജോസ് കെ മാണി എംപി,ഫ്രാൻസിസ് ജോർജ് എംപി,മോൻസ് ജോസഫ് എംഎൽഎ,ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജ്, പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ദിയാ ബിനു, ഡിവൈഎസ്പി കെ സദൻ,ഡോ. സിറിയക് തോമസ്,ഡോ. ബാബു സെബാസ്റ്റ്യൻ,പ്രസാദ് കുരുവിള തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും ,രൂപതയിലെ വികാരി ജനറാൾ മാർ, ക്ഷണിക്കപ്പെട്ട വൈദികരും സിസ്റ്റേഴ്സും, മാർ പള്ളിക്കാപറമ്പിലിന്റെ കുടുംബാംഗങ്ങളും, മറ്റ് ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങിൽ പങ്കെടുത്തു.

ഇന്നത്തെ ആഘോഷങ്ങൾക്ക് മാർ ജോസഫ് കല്ലറങ്ങാട്ട്, മുഖ്യവികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ, വികാരി ജനറാൾമാരായ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, മോൺ. ജോസഫ് കണിയോടിക്കൽ, ചാൻസിലർ ഡോ. ജോസ് കുട്ടിയാങ്കൽ, പ്രോക്യൂറേറ്റർ ഡോ ജോസ് മുത്തനാട്ട്, ഫാ. ജോസഫ് ഇല്ലത്തുപറമ്പിൽ, ഫാ. അഗസ്റ്റിൻ കണ്ടത്തിൽകുടിലിൽ, ഫാ. ജീമോൻ പനച്ചിക്കൽ കരോട്ട് തുടങ്ങിയവർ നേതൃത്വം നൽകി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments