പാലായില്‍ ഫാ. ജോര്‍ജ്ജ് ഞാറക്കുന്നേലിനെ തട്ടിയ വാഹനം കണ്ടെത്താന്‍ പോലീസ് നടത്തിയത് അശ്രാന്ത പരിശ്രമം. സിസിടിവി ക്ലിപ്പുകളാണ് ഇത്തരം സംഭവങ്ങളില്‍ ഏറെ സഹായകരമാവുകയെങ്കിലും പ്രവര്‍ത്തനക്ഷമമായ ക്യാമറകളുടെ കുറവും രാത്രിസമയത്താണ് സംഭവം നടന്നത് എന്നതും തെരച്ചില്‍ ദുഷ്‌കരമാക്കി. ലാന്‍സര്‍ കാറാണ് എന്നത് മാത്രമായിരുന്നു ഏക പിടിവള്ളി.
അപകടം നടന്നയുടന്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പാലാ ഭാഗത്ത് നിന്നും വന്ന കാറാണ് അപകടമുണ്ടാക്കിയത്. വൈദികനെ തട്ടിയ കാര്‍ വേഗത കുറച്ച് ശേഷം പിന്നീട് വേഗംകൂട്ടി സ്ഥലം വിടുകയാണുണ്ടായത്. ഇതിന്റെ ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. വാഹനം റിവര്‍വ്യൂ റോഡ് വഴി കയറിവന്നതാണെന്ന് പിന്നീട് കണ്ടെത്തി. എന്നാല്‍ സ്റ്റേഡിയം ജംഗ്ഷനിലോ മഹാറാണി കവലയിലോ അടക്കം വാഹനം ക്യാമറകളില്‍ ലഭിച്ചില്ല. അപകടം നടന്ന സമയവും ക്യാമറയും ഒത്തുനോക്കി വാഹനം കണ്ടെത്താന്‍ വലിയ പ്രയത്‌നം വേണ്ടിവന്നു.
നാല് ഉദ്യോഗസ്ഥരെ ഇതിനായി മാത്രം നിയോഗിച്ചായിരുന്നു തെരച്ചില്‍. 2 സമാന വാഹനങ്ങള്‍ കണ്ടെത്തിയെങ്കിലും കോള്‍ലിസ്റ്റും ടവര്‍ ലൊക്കേഷനും പ്രകാരം ഇവയല്ലെന്ന് വ്യക്തമായി. പിന്നീടാണ് ഒരു മണിക്കൂറോളം മഹാറാണി ബാറിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനാണെന്ന് കണ്ടെത്തിയത്.
ഒടുവില്‍ മുത്തോലി സ്വദേശിയായ പ്രകാശിന്റെ വാഹനമാണെന്ന് പോലീസ് കണ്ടെത്തി വെള്ളിയാഴ്ച വൈകിട്ടോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഭയന്നുപോയ താന്‍ നിര്‍ത്താതെ പോവുകയായിരുന്നുവെന്നാണ് ഇയാള്‍ പോലീസിന് നല്കിയ മൊഴി. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വൈദികന്‍ മെഡിസിറ്റിയില്‍ നിന്നും ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി. പാലാ ഷാലോം സെന്ററില്‍ വിശ്രമത്തിലാണ്. ഒരു കാല്‍വിരലിന് പൊട്ടലും ശരീരത്തിന്റെ പലഭാഗങ്ങളിലും ചതവുമാണുണ്ടായത്.
അന്വേഷണം തുടരുന്നതിനിടയില്‍ വൈദികനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന തരത്തിലുള്ള പ്രചാരണങ്ങളുമുണ്ടായി. പോലീസ് അന്വേഷണം ഇഴയുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങളും വിഷയം മറ്റ് തലങ്ങളിലേയ്ക്ക് പോകുന്നതും പോലീസിനെ സമ്മര്‍ദ്ദത്തിലാക്കുന്നതായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments