പാലാ : കേരളത്തിൻ്റെ മൺമറഞ്ഞു പോകുന്ന കാർഷിക പാരമ്പര്യത്തെ പുനരുദ്ധരിക്കുക എന്ന ലക്ഷ്യത്തോടെ പാലാ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടക്കുന്ന പച്ചക്കറി കൃഷിയു ജനശ്രദ്ധയാകർഷിക്കുന്നു. പാവയ്ക്ക, വെണ്ടയ്ക്ക, തക്കാളി, പയർ, പപ്പായ, ചീര, പച്ചമുളക് , ഇഞ്ചി, മഞ്ഞൾ, ചേന, പടവലം,ബന്തി , മുതലായവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. വലിയ ആഹ്ലാദത്തോടും സന്തോഷത്തോടും കൂടെയാണ് കുട്ടികൾ കൃഷിയിൽ ഏർപ്പെടുന്നത്. ഇത്തവണ സ്കൂളിൽ നടന്ന പാലാ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ വിശിഷ്ടാതിഥികളെ സ്വീകരിക്കാൻ പൂവിന് പകരം കുട്ടികൾ ജൈവകൃഷിയിലൂടെ വിളയിച്ച പച്ചക്കറികൾ നൽകുക വഴി എല്ലാവരുടേയും പ്രശംസ നേടാൻ കുട്ടികൾക്കായി. നിലം ഒരുക്കൽ മുതൽ വിളവെടുപ്പ് വരെയുള്ള എല്ലാ ഘട്ടങ്ങളിലും അധ്യാപകരിൽ നിന്നും മാർഗ്ഗനിർദേശം സ്വീകരിച്ച് കുട്ടികൾ തന്നെയാണ് സജീവമായി കൃഷി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്.
രാവിലെയും വൈകുന്നേരവും അവധി ദിവസങ്ങളിലും പഠനസമയം നഷ്ടപ്പെടുത്താതെയാണ് തങ്ങൾ പച്ചക്കറികൾക്ക് വെള്ളം ഒഴിക്കുന്നതും അവയെ പരിപാലിക്കുന്നതെന്നും കുട്ടികൾ അഭിമാനത്തോടെ പറയുന്നു. പൂർണ്ണമായും ജൈവ രീതിയിലാണ് കൃഷി ഇറക്കിയിരിക്കുന്നത്. ഉപയോഗിക്കുന്ന വളവും ജൈവം തന്നെ. കുട്ടികൾക്ക് കരുത്തായി സ്കൂളിലെ അദ്ധ്യാപകരും കൂടെയുണ്ട്. ഈ സ്‌കൂളിലെ ഗണിത ശാസ്ത്ര അദ്ധ്യാപകനും റോവർ ലീഡറുമായ ശ്രീ. നോബി ഡൊമിനിക്കാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. പച്ചക്കറിക്കൃഷി കൂടാതെ പൂവ് കൃഷിയും മത്സ്യക്കൃഷിയും സ്കൂളിൽ നടന്നുവരുന്നുണ്ട്. മൽസൃ പരിപാലനവും തീറ്റ നൽകലും എല്ലാം കുട്ടികൾ തന്നെ.
കുട്ടികൾ നട്ടു നനച്ചു വിളയിച്ച ചെണ്ടുമല്ലി ക്കൃഷിയുടെ ഓണക്കാലത്തെ വിളവെടുപ്പ് വലിയ ജനശ്രദ്ധ നേടിയിരുന്നു.സ്കൂളിൽ അത്തപ്പൂക്കളം ഒരുക്കുന്നതിന് ഈ പൂക്കളാണ് ഉപയോഗിച്ചത്. മാത്രമല്ല, ഓണക്കാലത്ത് കുട്ടികൾ പൂക്കൾ വിൽക്കുകയും ചെയ്തു.
.ഒഴിവുസമയങ്ങളിൽ മൊബൈൽ ഫോണിലും സോഷ്യൽ മീഡിയയിലും അലസമായി സമയം ചെലവഴിക്കാതെ ക്രിയാത്മക കാര്യങ്ങളിലേക്ക് അവരുടെ ശ്രദ്ധ തിരിച്ചുവിടുകയെന്നതോടൊപ്പം കൃഷിയോടും അടുക്കളത്തോട്ടം എന്ന ആശയത്തോടും അവരെ ആഭിമുഖ്യമുള്ളവരാക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെന്ന് പ്രിൻസിപ്പൽ ശ്രീ. റെജിമോൻ കെ.മാത്യു പറഞ്ഞു.
മാനേജ്മെന്റഉം വിദ്യാഭ്യാസ വകുപ്പും വളരെ താല്പര്യത്തോടെ കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് കുട്ടികൾക്കും അദ്ധ്യാപകർക്കും വലിയ പ്രചോദനനമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥർ കുട്ടികളുടെ കൃഷിത്തോട്ടം സന്ദർശിക്കുകയും ആവശ്യമായ നിർദ്ദേശങ്ങളും പരിശീലനവും സഹായവും നൽകുന്നത് ഏറെ പ്രയോജനപ്രദവും പ്രചോദനാത്മകവുമാണെന്ന് പ്രിൻസിപ്പൽ നന്ദിയോടെ അനുസ്മരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments