Latest News
Loading...

കൊങ്ങോലക്കടവ് പാലം കോണ്‍ക്രീറ്റ് തകര്‍ന്ന് അപകടാവസ്ഥയില്‍



 മീനച്ചില്‍ പഞ്ചായത്തിലെ കൊങ്ങോലക്കടവ് പാലം കോണ്‍ക്രീറ്റ് തകര്‍ന്ന് അപകടാവസ്ഥയില്‍. പാലത്തിനടയിലെ കോണ്‍ക്രീറ്റ് പൂര്‍ണമായും ഒലിച്ചുപോയതോടെ അടിഭാഗത്ത് പൂര്‍ണമായും കമ്പികള്‍ തെളിഞ്ഞ നിലയിലാണ്. ഭാരവാഹനങ്ങള്‍ സഞ്ചരിക്കുന്നത് അധികൃതര്‍ തടഞ്ഞെങ്കിലും രാത്രികാലങ്ങളില്‍ ലോഡുമായി വാഹനങ്ങള്‍പോകുന്നത് പാലം തകരാനിടയാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. 


40 വര്‍ഷം മുന്‍പ് ധനകാര്യമന്ത്രിയായിരുന്ന കെഎം മാണി ഉദ്ഘാടനം ചെയ്ത വലിയതോടിന് കുറുകെയുള്ള കൊങ്ങോലക്കടവ് പാലമാണ് അപകടാവസ്ഥയിലായിരിക്കുന്നത്. പാമ്പാടി, പള്ളിക്കത്തോട്, ചെങ്ങളം ഭാഗങ്ങളിലേയ്ക്ക് പാലായില്‍ നിന്നുള്ള എളുപ്പമാര്‍ഗമാണ് ഈ റോഡ്. മഴക്കാലത്ത് റോഡ് കവിഞ്ഞ് വെള്ളമൊഴുകുന്ന പാലത്തിനടിയില്‍ വലിയ മരത്തടികള്‍ വന്നിടിച്ചാണ് കോണ്‍ക്രീറ്റ് തകര്‍ന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. 



3 സ്പാനുകളിലായി നില്‍ക്കുന്ന പാലത്തിന്റെ അടിഭാഗം പൂര്‍ണമായും കമ്പികള്‍ വെളിയിലാണ്. സംരക്ഷണ ഭിത്തികളും തകര്‍ച്ചയിലാണ്. വലിയ വാഹനങ്ങള്‍ കടന്നുപോകുന്നതോടെ പാലത്തിന് കുലുക്കം അനുഭവപ്പെടുന്നതായും നാട്ടുകാര്‍ പറയുന്നു. 

പാലത്തിന്റെ ഭാഗത്ത് റോഡ് അല്‍പം താഴ്ന്ന നിലയിലുമാണ്. വലിയ വാഹനങ്ങളുടെ യാത്ര നിരോധിച്ച് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ടോറസ് ലോറികളും ടാങ്കറുകളും അടക്കം രാത്രികാലങ്ങളില്‍ കടന്നുപോകുന്നതായി ജനങ്ങള്‍ പറയുന്നു. പാലം തകര്‍ന്നാല്‍ ഇതുവഴി സഞ്ചരിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ പ്രതിസന്ധിയിലാകും. 



അതേസമയം പഞ്ചായത്തിന്റെയോ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെയോ പിഡബ്ല്യുഡിയുടെയോ ആസ്തി രജിസ്റ്ററില്‍ പാലം ഇല്ലാത്തത് അറ്റകുറ്റപ്പണികള്‍ക്ക് തടസ്സമാവുകയാണ്. കൂടുതല്‍ വിശദ പരിശോധനകള്‍ നടത്തി പാലത്തിന്റെ രേഖകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് സോജന്‍ പുന്നൂസ് പറഞ്ഞു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments