പാലായില്‍ ആര്‍വി ജംഗ്ഷന് സമീപം പാലാ രൂപതാ വക സ്ഥലത്ത് കൃഷിയിടത്തില്‍ നിന്ന് വിഗ്രഹങ്ങള്‍ കണ്ടെടുത്ത ഭൂമിയില്‍ അഷ്ടമംഗല ദേവപ്രശ്‌നത്തിന് തുടക്കമായി. മൂന്ന് മാസം മുന്‍പ് ഫെബ്രുവരി 7-നാണ് കൃഷി ആവശ്യത്തിനായി ജെസിബി മണ്ണ് ഇളക്കുന്നതിനിടയില്‍ വിഗ്രഹങ്ങള്‍ കിട്ടിയത്.
ചരിത്രം ഉറങ്ങുന്ന മീനച്ചില്‍ എന്ന ഈ ദേശത്ത് ഒരുകാലത്ത് ദേശാധിപത്യമുള്ള ഒരു ക്ഷേത്രം നിലനിന്നിരുന്നതായി രേഖകള്‍ സൂചിപ്പിക്കുന്നു. തണ്ടളത്ത് ക്ഷേത്രം എന്ന പേരില്‍ നിലനിന്നിരുന്ന ഈ ക്ഷേത്രസങ്കേതത്തില്‍ തണ്ടളത്ത് തേവരെയും (ശ്രീമഹാദേവന്‍) ദുര്‍ഗ്ഗാദേവിയെയും ആരാധിച്ചിരുന്നു. അക്കാലത്ത് ഈ ക്ഷേത്ര ത്തിനു സമീപം താമസിച്ചിരുന്ന ഹൈന്ദവജനത ഈ ക്ഷേത്രത്തെ അവഗണിച്ചത്തിന്റെ ഫലമായി ക്ഷേത്രം അധഃപതിക്കുകയും നശിക്കുകയും ചെയ്തു.
ക്ഷേത്രത്തിന്റെ ഈ അവസ്ഥയില്‍ മനംനൊന്ത ഒരു ബ്രാഹ്‌മണസ്ത്രീ തനിക്കു കുടുംബ വീതം കിട്ടിയ ഭൂമിയിലേക്ക് ഭഗവതിയുടെ വിഗ്രഹം മാത്രം മീനച്ചില്‍ തമ്പുരാന്റെ സഹായത്തോടെ മാറ്റി പ്രതിഷ്ഠിച്ചു. ഈ ഭഗവതിയാണ് വെള്ളാപ്പാട് ഭഗവതി എന്ന് വെള്ളാപ്പാട് ക്ഷേത്രത്തില്‍വച്ച് നടന്നിട്ടുള്ള ദേവപ്രശ്നങ്ങളിലും വെള്ളാപ്പാട് ദേവീമഹാത്മ്യം എന്ന ഗ്രന്ഥത്തിലും സൂചിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് വെള്ളാപ്പാട് ഭഗവതീക്ഷേത്രത്തിന്റെ മൂലസ്ഥാനമായി ഈ ഭൂമിയെ കരുതിപ്പോരുന്നത്.
ഏകദേശം 100 വര്‍ഷം മുമ്പുവരെ ഒരു തറയും തറയ്ക്കു മുകളില്‍ ശിവലിംഗവും ഈ മൂലസ്ഥാനത്ത് ഉണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു. കാലാന്തരത്തില്‍ ഈ ക്ഷേത്രം നിലനിന്നിരുന്ന ഭൂമി പാലാ രൂപതയുടെ കൈവശം എത്തിച്ചേര്‍ന്നു. കഴിഞ്ഞദിവസങ്ങളില്‍ ഇവിടെ കൃഷിക്കായി യന്ത്രമുപയോഗിച്ച് മണ്ണു നീക്കം ചെയ്തപ്പോള്‍ തേവരുടെ വിഗ്രഹം എന്നുകരുതുന്ന ശിവലിംഗവും മറ്റു ക്ഷേത്രാവശിഷ്ടങ്ങളും മണ്ണിനടിയില്‍നിന്ന് ഉയര്‍ന്നുവന്നു. ഇതേത്തുടര്‍ന്ന് പാലാ രൂപതയുമായി വെള്ളാപ്പാട് ഭഗവതിക്ഷേത്രം ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയില്‍ ഹൈന്ദവ സംസ്‌കാരം അനുസരിച്ചുള്ള ചടങ്ങുകള്‍ നടത്തുവാന്‍ സംയുക്തമായി തീരുമാനിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ന് മുതല്‍ 3 ദിവസത്തെ അഷ്മംഗല ദേവപ്രശ്‌നം നടത്തുന്നത്.
വെള്ളാപ്പാട് ഭഗവതിക്ഷേത്രം തന്ത്രി തൃപ്പൂണിത്തുറ പെരുമ്പള്ളിയാഴത്തുമന ബ്രഹ്‌മശ്രീ. സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെ (വിനോദ്) മുഖ്യകാര്‍മികത്വത്തില്‍ കേരളത്തിലെ അതി പ്രശസ്തരായ ജ്യോതിഷപണ്ഡിതരുടെ നേതൃത്വത്തിലാണ് അഷ്ടമംഗല ദേവപ്രശ്നം നടത്തപ്പെടുന്നത്. കോഴിക്കോട് മുല്ലപ്പള്ളി ബ്രഹ്‌മശ്രീ. നാരായണന്‍ നമ്പൂതിരിയാണ് മുഖ്യ ദൈവജ്ഞന്‍. വടകര ചോറോട് ശ്രീനാഥ് പണിക്കര്‍, കണ്ണൂര്‍ ഇടയ്ക്കാട്ട് ദേവീദാസന്‍ എന്നിവര്‍ സഹദൈവജ്ഞരാണ്. ദേവപ്രശ്നത്തിന്റെ രാശിപൂജ തണ്ടളത്ത് ഭൂമിയില്‍ വച്ചും തുടര്‍ന്നുള്ള പ്രശ്നചിന്തകള്‍ വെള്ളാപ്പാട് ഭഗവതി ക്ഷേത്ര ത്തിലെ നടപ്പന്തലില്‍ വച്ചും നടക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments