സാധാരണക്കാരുടെ മനസില്‍ ഇടംപിടിച്ച പൈക പുതിയിടം ഹോസ്പിറ്റല്‍ ഉടമ ഡോക്ടര്‍ ജോര്‍ജ് മാത്യു പുതിയിടത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത് പതിനായിരങ്ങള്‍. ഡോക്ടര്‍ ജോര്‍ജ് മാത്യുവിന്റെ ശവസംസ്‌കാര ശുശ്രൂഷകള്‍ പൈക സെന്റ് ജോസഫ് ദേവാലയത്തില്‍ നടന്നു. സംസ്‌കാര ശുശ്രൂഷകള്‍ക്ക് കൂരിയാ ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ പിതാവ് മുഖ്യകാര്‍മികത്വം വഹിച്ചു.ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ഏറെ നാളായി കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു ഡോ. ജോര്‍ജ്ജ് മാത്യു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളുടെ കാലത്തും മിതമായ ഫീസ് മാത്രം ഈടാക്കി മികച്ച ചികിത്സ നല്‍കുന്നതില്‍ എക്കാലവും പ്രതിജ്ഞാബദ്ധമായിരുന്നു ഡോക്ടര്‍ ജോര്‍ജ് മാത്യുവും ഇദ്ദേഹത്തിന്റെ പുതിയിടം ഹോസ്പിറ്റലും.
രോഗികളുമായി വ്യക്തി ബന്ധം കാത്തു സൂക്ഷിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു. ഒട്ടേറെ പേര്‍ക്ക് സൗജന്യ ചികിത്സയും ഇദ്ദേഹം ലഭ്യമാക്കിയിരുന്നു.
വോളിബോള്‍ താരമായിരുന്ന ഇദ്ദേഹം ജിമ്മി ജോര്‍ജിനോടൊപ്പം വരെ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. മികച്ച ഒരു കലാകാരന്‍ കൂടിയായിരുന്നു അദ്ദേഹം. സംസ്‌കാര ശുശ്രൂഷകളില്‍ മാണി സി കാപ്പന്‍ എം എല്‍ എ, ഫ്രാന്‍സിസ് ജോര്‍ജ് എംപി, അഡ്വക്കറ്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, മോന്‍സ് ജോസഫ് എം എല്‍ എ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments