പകുതിവിലയ്ക്ക് സ്‌കൂട്ടറുകളും ഗൃഹോപകരണങ്ങളും ഓഫര്‍ ചെയ്ത് സംസ്ഥാനമൊട്ടാകെ കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ പിടിയിലായ അനന്തുകൃഷ്ണനെ ഇന്ന് ഈരാറ്റുപേട്ടയിലെത്തിച്ച് തെളിവെടുക്കും. ഈരാറ്റുപേട്ടയില്‍ മറ്റക്കാട് തുറന്ന ഓഫീസിലാകും തെളിവെടുപ്പും. മൂവാറ്റുപുഴയില്‍ നിന്നുമാണ് പ്രതിയെ ഈരാറ്റുപേട്ടയിലെത്തിക്കുക. നേരത്തെ ഈ ഓഫീസ് പോലീസ് പൂട്ടി സീല്‍ ചെയ്തിരുന്നു.
ഈരാറ്റുപേട്ട ബ്ലോക്കിന് കീഴില്‍ 800-ലധികം പേര്‍ക്ക് പണം നഷ്ടമായതായാണ് വിലയിരുത്തല്‍. പരാതികളുമായി രംഗത്ത് വരാത്തവരും ഉണ്ട്. വിശ്വാസ്യത നേടുന്നതിനായി 100 കണക്കിന് തയ്യല്‍മെഷീനുകളും ഏതാനും ലാപടോപ്പുകളും നേരത്തെ വിതരണം ചെയ്തിരുന്നു. പകുതി വിലയ്ക്ക് സ്‌കൂട്ടറടക്കം ഓഫര്‍ ചെയ്ത് കിട്ടാവുന്ന ഇടത്തുനിന്നെല്ലാം മുന്‍കൂര്‍ പണം വാങ്ങി. പലയിടങ്ങളിലും ഓഫീസുകള്‍ തുടങ്ങി. ഉയര്‍ന്ന ശമ്പളത്തിന് സ്റ്റാഫിനെ നിയമിച്ചു. തട്ടിപ്പ് പണംകൊണ്ട് ലാവിഷായി ജീവിക്കുന്നതിനിടെയാണ് തൊടുപുഴ സ്വദേശി അനന്തുകൃഷ്ണന്‍ പിടിയിലാകുന്നത്.
2019ല്‍ വീടിനടുത്ത് കൂണ്‍കൃഷി അനന്തുവിന്റെ ചെയ്താണ് ബിസിനസിന്റെ തുടക്കം. മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ വിപണനവും പച്ചപിടിക്കാന്‍ സഹായിച്ചു. 2020ല്‍ പകുതിവിലയ്ക്ക് ഓണക്കിറ്റുമായി തട്ടിപ്പിന്റെ ആദ്യപരീക്ഷണം. 3,000രൂപയുടെ കിറ്റ് പകുതിവിലയ്ക്ക് എന്ന നവമാദ്ധ്യമ ക്യാമ്പയിന്‍ ക്‌ളിക്കായി. പിന്നാലെ കാര്‍ഷിക ഉപകരണങ്ങള്‍, തയ്യല്‍മെഷീന്‍, വാട്ടര്‍ പ്യൂരിഫയര്‍, ലാപ്‌ടോപ്പ് എന്നിങ്ങനെ പകുതിവില കച്ചവടം പൊടിപാറി. തുടക്കത്തില്‍ പലര്‍ക്കും സാധനങ്ങള്‍ നല്‍കി വിശ്വാസ്യത നേടി. ഏതായാലും തട്ടിപ്പ് വെളിപ്പെടുമ്പോള്‍ പണം നഷ്ടമായവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. കേസും മറ്റുമായി മുന്നോട്ട് പോകുമ്പോള്‍, പണം തിരികെ ലഭിക്കാനുള്ള സാധ്യത എത്രയെന്ന ആശങ്കയിലാണ് ഇവര്‍.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments