ഒരു കുടുംബത്തിന്റെയാകെ പ്രതീക്ഷകളെ തകര്‍ത്തെറിഞ്ഞ അപകടത്തിന് മുന്നില്‍ പകച്ച് നില്‍ക്കുകയാണ് പാലാ മുത്തോലി സ്വദേശിയായ മധുവും കുടുംബവും. 4 മാസം മുന്‍പുണ്ടായ അപകടത്തില്‍ കിടപ്പിലായ അര്‍ജ്ജുന്‍ മധുവെന്ന 26കാരന്‍ ചികിത്സയ്ക്കാവശ്യമായ തുകപോലും ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ്. പഞ്ചായത്തിന്റെ സഹായത്തോടെ രൂപീകരിച്ച ചികിത്സാ സഹായനിധിയിലൂടെ സന്‍മനസുള്ളവരുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
കഴിഞ്ഞ ആഗസ്റ്റ് 11നാണ് അര്‍ജ്ജുവിന്റെ ജീവിതം തകര്‍ത്ത അപകടമുണ്ടായത്. മുത്തോലി ആണ്ടൂര്‍ കവലയില്‍ എതിരെയെത്തിയ ബൈക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ അര്‍ജുന്റെ തലയ്ക്കാണ് ഗുരുതര പരികേറ്റത്. പഠനശേഷം ജോലിയ്ക്ക് കയറാനുള്ള ഒരുക്കത്തിനിടയായിരുന്നു അപകടം. ഈ വര്‍ഷം വിദേശത്തേയ്ക്ക് പോകാനുള്ള നീക്കങ്ങളും കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു.
ഐസിയുവിലടക്കം 20 ലക്ഷത്തോളം രൂപയാണ് ചെലവായത്. കൂലിപ്പണിക്കാരായ മാതാപിതാക്കളും വിദ്യാര്‍ത്ഥിയായ സഹോദരനും അടക്കമുള്ള കുടുംബം തുടര്‍ ചികിത്സാ ചെലുകള്‍ക്ക് പണം കണ്ടെത്താനാകാതെ വലയുകയാണ്.
അര്‍ജ്ജുന്റെ മുഖത്തേറ്റ പരിക്കിന് സര്‍ജ്ജറി ഇനിയും ബാക്കിയുണ്ട്. അസ്ഥികള്‍ക്കും പല്ലുകള്‍ക്കും സ്ഥാനഭ്രംശം സംഭവിച്ചു. വയറ്റില്‍ ഇട്ടിരിക്കുന്ന ട്യൂബിലൂടെ ഭക്ഷണം ദ്രവരൂപത്തില്‍ നല്കുന്നതിലൂടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ദിവസേന ഫിസിയോതെറാപ്പി ചെയ്യുന്നതിനും തുക കണ്ടെത്തണം.സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവ് ലക്ഷങ്ങള്‍ ഇനിയും വീട്ടാനുണ്ട്.
സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്താലാണ് ഇതുവരെ മുന്നോട്ട് പോയത്. അര്‍ജ്ജുന്റെ ചികിത്സാ സഹായത്തിനായി പഞ്ചായത്ത് നേതൃത്വത്തില്‍ ചികിത്സാ നിധി രൂപീകരിച്ചു. 15 ലക്ഷം രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനങ്ങളെന്ന് പഞ്ചായത്ത് പ്രസിഡന്റ് രണ്‍ജീത് മീനാഭവന്‍ പറഞ്ഞു.
അര്‍ജ്ജുനെ ഇടിച്ച വാഹനം ഓടിച്ചിരുന്ന യുവാവിന് ലൈസന്‍സ് ഇല്ലാതിരുന്നതും ഇന്‍ഷുറന്‍സ് ലഭിക്കാത്തതും കുടുംബത്തെ കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്. സന്‍മനസുള്ളവരുടെ സഹായത്തോടെ മകനെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ കുടുംബം.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments