Latest News
Loading...

ഓര്‍മകളുടെ തിരുമുറ്റത്ത് അവര്‍ ഒത്തുചേര്‍ന്നു. സ്നേഹസംഗമമായി പൂഞ്ഞാര്‍ സെന്റ് ആന്റണീസില്‍ പൂര്‍വ്വിദ്യാര്‍ത്ഥി കൂട്ടായ്മ.




വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയ കൂട്ടുകാരെ കെട്ടിപ്പുണരുന്ന സ്നേഹക്കൂട്ടായ്മയുടെ വേദിയൊരുക്കി പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം. 2000-ത്തില്‍ പ്ലസ്ടു ആരംഭിച്ച സെന്റ് ആന്റണീസ് സ്‌കൂളില്‍ ആദ്യമായാണ് ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ സംഘടിപ്പിക്കുന്നത്.



 മൊബൈലിന്റെയും ഇന്റര്‍നെറ്റിന്റെയും ആധുനിക യുഗത്തില്‍ പോലും പഴയ കൂട്ടുകാരെ കണ്ടെത്താന്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം വഴിയൊരുക്കിയതിന്റെ ആഹ്ലാദത്തിലായിരുന്നു എല്ലാവരും. 2000 മുതല്‍ 2010 വരെയുള്ള ബാച്ചുകളിലെ വിദ്യാര്‍ത്ഥികളാണ് സംഗമത്തില്‍ പങ്കെടുത്തത്. 




ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പൊതുസമ്മേളനം സ്‌കൂള്‍ മുന്‍ മാനേജരായിരുന്ന ഫാ സിറിയക് പന്നിവേലില്‍ ഉദ്ഘാടനം ചെയ്തു. ഹയര്‍സെക്കന്‍ഡറി വിഭാഗം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നേരിട്ട പ്രതിസന്ധികളും വിഷമതകളും അതിനെ നേരിട്ട രീതികളും അദ്ദേഹം പങ്കുവെച്ചു.



യോഗത്തില്‍ പ്രിന്‍സിപ്പല്‍ വില്‍സണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു. പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടത്തിയ ഒരുക്കയോഗങ്ങളില്‍ ആവേശത്തോടെ പഴയ വിദ്യാര്‍ത്ഥികള്‍ പങ്കുചേര്‍ന്നതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. അകാലത്തില്‍ വിട്ടുപിരിഞ്ഞ സഹപാഠികളെ യോഗം അനുസ്മരിച്ചു. അധ്യാപിക ബിനു ജോര്‍ജ്ജ് അനുസ്മരണപ്രഭാഷണം നടത്തി. റിട്ട.അധ്യാപകന്‍ എ.ജെ ജോസഫ്, പിടിഎ പ്രസിഡന്റ് പ്രസാദ് കുരുവിള, സംഘാടകസമിതി അംഗം ക്ലിന്റ്മോന്‍ സണ്ണി, ഫാ. മാര്‍ട്ടിന്‍ മണ്ണിനാല്‍, ദീപാ ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു. 




പൊതുസമ്മേളനത്തിന് ശേഷം സ്‌കൂള്‍ ഗ്രൗണ്ടില്‍ ചേര്‍ന്ന സൗഹൃദസമ്മേളനം എല്ലാവര്‍ക്കും മറക്കാനാവാത്ത അനുഭവമായി. ഇംഗ്ലീഷ് അധ്യാപകനായിരുന്ന ഷാജു സാറിന്റെ രസകരമായ സംഭാഷണത്തോടെയാണ് യോഗം തുടങ്ങിയത്. 



അധ്യാപകരും അനധ്യാപകരും ഒത്തുചേര്‍ന്ന് കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. തുടര്‍ന്ന് ഓരോ ബാച്ചിലെ വിദ്യാര്‍ത്ഥികളെയും സ്റ്റേജിലേയ്ക്ക് ക്ഷണിച്ച് സമ്മാനങ്ങള്‍ നല്‍കി അധ്യാപകര്‍ക്കൊപ്പം ഫോട്ടോയെടുപ്പും നടത്തി. 


അധ്യാപകരോട് കുശലം പറഞ്ഞും കൂട്ടുകാരുമായി വിശേഷങ്ങള്‍ പങ്കുവെച്ചുമാണ് ഡെക്കേഡ്സ് ഓഫ് മെമ്മറീസ് എന്ന് പേര് നല്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്മേളനം അവസാനിച്ചത്. അധ്യാപകരായ  ബൈജു, ബോബി, ഷൈനി, നിഷ, ആന്‍സി, ഫാ ജോഷി, ജോയി, ടോണി, സജി, ജോബിന്‍, അന്‍സു, സ്വപ്ന, ജൂലി എന്നിവരും ലാബ് അസിസ്റ്റന്റുമാരായ ജോജി, ജിന്‍സ്, ജോസുകുട്ടി, റിട്ട. ലാബ് അസിസ്റ്റന്റ് ടോമി, ഓഫീസ് സ്റ്റാഫ് സിജു, മധു എന്നിവരും ചടങ്ങുകളില്‍ പങ്കെടുത്തു.



 സ്നേഹവിരുന്നോട് കൂടിയാണ് പരിപാടികള്‍ സമാപിച്ചത്. 200-ഓളം പേര്‍ യോഗത്തില്‍ പങ്കെടുത്തു. നേരിട്ട് പങ്കെടുക്കാനാവാത്തവര്‍ക്കായി ലൈവ് സ്ട്രീമിംഗും ഒരുക്കിയിരുന്നു. അടുത്ത വര്‍ഷവും ഒത്തുചേരുമെന്ന വാക്കുപറഞ്ഞാണ് എല്ലാവരും പിരിഞ്ഞത്.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments