ഗുണനിലവാരം ഇല്ലാത്ത ഉപ്പ് വില്‍പനയ്ക്കെത്തിച്ചതായി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിതരണക്കാര്‍ക്കും ഉല്‍പാദകര്‍ക്കും പിഴ. ഗുണനിലവാരമില്ലാത്ത ടാറ്റാ അയഡൈസ്ഡ് ക്രിസ്റ്റല്‍ സോള്‍ട്ട് എന്ന ഉല്‍പന്നം വിറ്റതിന് ഉല്‍പാദകരായ ശ്രീ മീനാക്ഷി സോള്‍ട്ട് വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് തൂത്തുക്കൂടി എന്ന സ്ഥാപനത്തിന് 1.2 ലക്ഷം രൂപയും, മാര്‍ക്കറ്റിങ് നടത്തിയ ടാറ്റാ കണ്‍സ്യൂമര്‍ പ്രോഡക്ട്സിന് ഒരു ലക്ഷം രൂപയുമാണ് കോട്ടയം സബ് ഡിവിഷണല്‍ മജിസ്ട്രേറ്റും അഡ്ജുഡിക്കേറ്റിങ് ഓഫീസറുമായ ഡി. രഞ്ജിത്ത് പിഴ ഈടാക്കാന്‍ നിര്‍ദേശിച്ചത്.
മറ്റൊരുകേസില്‍ ഗംഗ അയഡൈസ്ഡ് ക്രിസ്റ്റല്‍ സോള്‍ട്ടിന്റെ ഉല്‍പാദനം, വിതരണം എന്നിവ നടത്തിയതിന് ബ്രില്ല്യന്റ് സോള്‍ട്ട് റിഫൈനറില്‍ തൂത്തുക്കുടി എന്ന സ്ഥാപനം 1,20000 രൂപയും പിഴ ഈടാക്കാനും ഉത്തരവിട്ടു. ലേബല്‍ വിവരങ്ങള്‍ തെറ്റായി നല്‍കിയതായി കണ്ടെത്തിയ ഹെര്‍ഷേ സോയാമില്‍ക്കിന്റെ വില്‍പന നടത്തിയതിന് ചങ്ങനാശേരി റിലയന്‍സ് റീറ്റെയില്‍സ് പ്രൈവറ്റ് ലിമിറ്റഡിന് 25000 രൂപയും ഉല്‍പാദകരായ ഹെര്‍ഷേ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് 110000 രൂപയും പിഴയും ഈടാക്കാന്‍ ഉത്തരവിട്ടു. ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെയും ഭക്ഷ്യ സുരക്ഷാ ഗുണനിലവാരനിയമം പാലിക്കാതെയും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചുവെന്നു കണ്ടെത്തിയ കോട്ടയം കുമാരനല്ലൂരുള്ള തലശ്ശേരി റസ്റ്ററന്റ് എന്ന സ്ഥാപനത്തിന് 96000 രൂപയും പിഴ ചുമത്തി.
ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ നിര്‍ദേശം പാലിക്കാത്തതിനാല്‍ 60000 രൂപയും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചതിന് 25000 രൂപയും കൃത്രിമ ഭക്ഷ്യനിറങ്ങള്‍ സൂക്ഷിച്ചതിന് 4500 രൂപയും പ്ലാസ്റ്റിക് കുപ്പിയിലുള്ള കുടിവെള്ളം വെയിലേല്‍ക്കുംവിധം പുറത്ത് സൂക്ഷിച്ചതിന് 2000 രൂപയും പരിശോധന സമയം ഹാജരുണ്ടായിരുന്ന ജീവനക്കാരന് 4500 രൂപയുമാണ് പിഴ ചുമത്തിയത്. എല്ലാ ഭക്ഷ്യവ്യവസായികളും തങ്ങളുടെ നിയന്ത്രണത്തിലുള്ള വ്യവസായങ്ങളില്‍ ഉല്‍പന്നം, സംസ്‌കരണം. ഇറക്കുമതി, വിതരണം, വില്‍പ്പന എന്നിവയുടെ എല്ലാ ഘട്ടത്തിലും ഭക്ഷ്യസുരക്ഷ ഗുണനിലവാരനിയമം 2006 പ്രകാരമുള്ള ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ് എന്ന് കോട്ടയം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ എ.എ അനസ് അറിയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments