Latest News
Loading...

വ്യാജ വിപ്പ് തയ്യാറാക്കി എന്ന പരാതിയില്‍ തിടനാട് പോലീസ് കേസെടുത്തു




തിടനാട് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് എംഎല്‍എയുടെ വ്യാജ വിപ്പ് തയ്യാറാക്കി എന്ന പരാതിയില്‍ തിടനാട് പോലീസ്  കേസെടുത്തു. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജയ്‌സണ്‍ ജോസഫ് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 29ന് നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട പതിനൊന്നാം വാര്‍ഡ് മെമ്പര്‍ ലിസി തോമസിന് കേരള കോണ്‍ഗ്രസിന്റെ വ്യാജ ലെറ്റര്‍ പാഡില്‍ പിജെ ജോസഫിന്റെ ഒപ്പും സീലും രേഖപ്പെടുത്തിയാണ് വിപ്പ് നല്‍കിയതെന്നായിരുന്നു പരാതി.

പതിനാലാം വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സ്‌കറിയാ ജോസഫ് പൊട്ടനാനിക്ക് വോട്ട് ചെയ്യണമെന്നാണ് വിപ്പില്‍ പറഞ്ഞിരുന്നത്. ലെറ്റര്‍ പാഡില്‍ തയ്യാറാക്കിയ വിപ്പ് രജിസ്‌ട്രേഡ് പോസ്റ്റ് നല്‍കുകയായിരുന്നു. എന്നാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്‌കറിയ ജോസഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ വോട്ടെടുപ്പ് നടന്നില്ല.




പതിനാലാം വാര്‍ഡില്‍ നിന്നും സ്വതന്ത്രനായി വിജയിച്ച സ്‌കറിയ ജോസഫ് കേരള കോണ്‍ഗ്രസ് എമ്മില്‍ ചേരുകയും ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയും ആയിരുന്നു. എല്‍ഡിഎഫിലെ ധാരണ പ്രകാരം വിജി ജോര്‍ജ് രാജിവെച്ച ഒഴിവിലേക്കാണ് സ്‌കറിയ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത്. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ചെണ്ട ചിഹ്നത്തില്‍ മത്സരിച്ച ലിസി തോമസിന് കേരള കോണ്‍ഗ്രസിന്റെ പേരില്‍ വ്യാജ വിപ്പ് നല്‍കിയത് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെയും പാര്‍ട്ടി ചെയര്‍മാന്‍ പി. ജെ ജോസഫിനെയും അപകീര്‍ത്തിപ്പെടുത്താനാണെന്നും ജയ്‌സണ്‍ ജോസഫ് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. 




വിപ്പിന്റെ കോപ്പി തിടനാട് പഞ്ചായത്ത് റിട്ടേണിംഗ് ഓഫീസര്‍ ആയിരുന്ന മീനച്ചില്‍ സഹകരണ സംഘം അസിസ്റ്റന്റ് ഡയറക്ടര്‍ ഓഡിറ്റര്‍ക്കും പോസ്റ്റില്‍ അയച്ചു നല്‍കിയിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസ് ആര്‍ക്കും വിപ്പ് നല്‍കിയിരുന്നില്ലന്ന് നേതൃത്വം അറിയിച്ചു. ഇതിന് മുന്‍പ് തിടനാടില്‍ വ്യാജരേഖ വിവാദം ഉണ്ടാവുകയും ഒരാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.തിടനാട് എസ് എച്ച് ഓ ഉമറുല്‍ ഫറൂക്കിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. 




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments