Latest News
Loading...

'കുളം കലക്കി' ഹരിതകര്‍മ്മസേനയുടെ മാലിന്യം. വഴിമുട്ടി കര്‍ഷകന്‍



ഹരിതകര്‍മ സേന ശേഖരിച്ച മാലിന്യം ഒഴുകിയിറങ്ങിയതോടെ മല്‍സ്യക്കൃഷി മുടങ്ങിയതായി കര്‍ഷകന്റെ പരാതി. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് കല്ലേക്കുളം സ്വദേശി ആദര്‍ശ് കുമാറാണ് കുളം മാലിന്യം നിറഞ്ഞതോടെ കൃഷി നടത്താനാകാതെ വലയുന്നത്. കുളം ഇപ്പോള്‍ പ്ലാസ്റ്റിക് കുപ്പികളും കുപ്പിച്ചില്ലുകളും നിറഞ്ഞ് മലിനപ്പെട്ട നിലയിലാണ്. 




നെല്‍കൃഷിയില്ലാത്ത പൂഞ്ഞാറില്‍ വിത്ത് വിതച്ച് നെല്ലുകൊയ്തത് അടക്കം കാര്‍ഷികമേഖലയില്‍ നിരവധി നേട്ടങ്ങളും അവാര്‍ഡുകളും അടക്കം നേടിയ മാതൃകാ കര്‍ഷകനാണ് മാലിന്യപ്രശ്‌നത്താല്‍ പ്രതിസന്ധിയിലായത്. പണംകൊടുത്ത് ഹരിതകര്‍മസേന ശേഖരിച്ച മാലിന്യം സമീപത്ത അംഗന്‍വാടിയുടെ പിന്നിലാണ് കൂട്ടിയിരിക്കുന്നത്. 






മെയ്മാസം മുതല്‍ ആരംഭിച്ച മഴയില്‍ ഇതെല്ലാം ഒഴുകി ആദര്‍ശിന്റെ കുളത്തിലാണ് പതിച്ചത്. ഉത്തരവാദിത്വം ടൂറിസം പദ്ധതി വഴി ഏറെ ജനകീയമായിരുന്ന കുളവും പരിസരവും ഇപ്പോള്‍ മാലിന്യക്കൂമ്പാരമാണ്. 



പ്ലാസ്റ്റിക്, ചില്ല് കുപ്പികളും മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങളുമടക്കമാണ് കുളത്തിലുള്ളത്. ഫിഷറീസ് വകുപ്പിന്റെ ധനസഹായത്തോടെ കൃഷി നടത്തിയ സ്ഥലം ഇനി ശുചീകരിക്കാതെ കൃഷി നടത്താനാകില്ല. പഞ്ചായത്തില്‍ പരാതി നല്കിയെങ്കിലും ആളെ കണ്ടെത്തി ചെയ്യിക്കാനായിരുന്നു സെക്രട്ടറി നിര്‍ദേശിച്ചതെന്ന് ആദര്‍ശ് പറയുന്നു. 



കൃഷിയ്ക്കായി വായ്പയെടുത്താണ് 30 സെന്റോളം സ്ഥലത്ത് കുളം നിര്‍മിച്ചത്. പ്രധാന റോഡില്‍നിന്നും പുരയിടത്തിലേയ്ക്ക് വെള്ളം ഒഴുകിയ സംഭവത്തില്‍ നഷ്ടപരിഹാരം നല്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതില്‍ തനിക്കെതിരെ വിരോധം തീര്‍ക്കുകയാണെന്നും ആദര്‍ശ് ആരോപിക്കുന്നു. കുപ്പിച്ചില്ല് നിറഞ്ഞ കുളം നവീകരിച്ച് എന്ന് കൃഷി പുനരാരംഭിക്കാന്‍ കഴിയുമെന്ന ആശങ്കയിലാണ് ഈ മാതൃകാ കര്‍ഷകന്‍. പരാതി ലഭിച്ചിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്നുമാണ് പഞ്ചായത്തിന്റെ ഒഴുക്കന്‍ മറുപടി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments