Latest News
Loading...

പാരീസില്‍ ഇന്ത്യയ്ക്ക് വെള്ളിടി. വിനേഷ് ഫോഗട്ടിന് അയോഗ്യത




100 ഗ്രാമിന്റെ വില 140 കോടി ജനതയുടെ സുവര്‍ണ സ്വപ്നം. പാരീസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ സുവര്‍ണ മോഹങ്ങള്‍ക്ക് തിരിച്ചടി. വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്‌റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും. ഇന്ന് രാവിലെ നടന്ന ഭാര പരിശോധനയില്‍ വിനേഷ് ഫോഗട്ടിന് അനുവദനീയമായ ഭാരപരിധിയെക്കാള്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിനേഷിനെ അയോഗ്യയാക്കിയത്.  


ഗുസ്തിയില്‍ മത്സരിക്കുന്ന താരങ്ങളുടെ ശരീരഭാരം മത്സര ദിവസം രാവിലെ പരിശോധിക്കും. ഇങ്ങനെ നടന്ന പരിശോധനയിലാണ് ഭാരക്കൂടുതല്‍ കണ്ടെത്തിയത്. ഒളിംപിക്‌സ് നിയമങ്ങള്‍ അനുസരിച്ച് വിനേഷ് ഫോഗട്ടിന് വെള്ളി മെഡലിന് പോലും അര്‍ഹതയുണ്ടാകില്ല. ഇതോടെ 50 കിലോ ഗ്രാം വിഭാഗത്തില്‍ ഫൈനലിലെത്തിയ അമേരിക്കയുടെ സാറ ഹില്‍ഡെബ്രാന്‍ഡ് സ്വര്‍ണം നേടും. ഈ വിഭാഗത്തില്‍ വെള്ളി മെഡല്‍ ഉണ്ടാകില്ല. 




ഇന്നലെ വിനേഷിന്റെ ശരീരഭാരം കൃത്യമായിരുന്നു. എന്നാല്‍ ഇന്നലെ രാത്രിയോടെ വിനേഷിന്റെ ശരീരഭാരം ഏതാണ്ട് രണ്ട് കിലോ ഗ്രാമോളം അധികമായി. ഭാരം 50 കിലോ ആയി നിലനിര്‍ത്താനായി രാത്രി മുഴുവന്‍ കഠിനാധ്വാനം ചെയ്തിരുന്നു. രാത്രി ഉറങ്ങാതെ സൈക്ലിഗും ജോഗിങ്ങുമെല്ലാം നടത്തിയിട്ടും ഇന്ന് രാവിലെ നടന്ന ഭാരപരിശോധനയില്‍ വിനേഷ് ഭാരപരിശോധനയില്‍ പരാജയപ്പെടുകയായിരുന്നു. 



റിയോ ഒളിംപിക്‌സില്‍ 48 കിലോ ഗ്രാം വിഭാഗത്തില്‍ മത്സരിച്ച വിനേഷ് പിന്നീട്  53 കിലോ ഗ്രാം വിഭാഗത്തിലും മത്സരിച്ചിരുന്നു. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കാരണം ശരീരഭാരം കുറച്ചാണ് പാരീസില്‍ 50 കിലോ ഗ്രാം വിഭാഗത്തില്‍ വിനേഷ് ഫോഗട്ട് മത്സരിച്ചത്. വിഷയത്തില്‍ അപ്പീലിന് ശ്രമം നടക്കുന്നുണ്ടെങ്കിലും വിജയിക്കാനുള്ള സാധ്യത തുലോം കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments