പാലാ: ഒന്നിച്ചു ചിന്തിക്കാനും ഒപ്പം നടക്കാനും ആഹ്വാനം ചെയ്ത് മാർ റാഫേൽ തട്ടിൽ പിതാവ്. സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ അഞ്ചാമത് സമ്മേളനത്തിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു മേജർ ആർച്ചുബിഷപ്പ്. 2024 ഓഗസ്റ്റ് 22നു വ്യാഴാഴ്ച പാലാ അൽഫോൻസ്യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യുട്ടിൽ സഭാ അസംബ്ലി ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ടുമണി മുതൽ പ്രതിനിധികളായി എത്തിച്ചേർന്നവരുടെ റജിസ്‌ട്രേഷൻ ആരംഭിച്ചു. അഞ്ചുമണിക്ക് സായാഹ്‌ന പ്രാർത്ഥനയ്ക്കും ജപമാലയ്ക്കുമായി അസംബ്ലി അംഗങ്ങൾ ദൈവാലയത്തിൽ ഒരുമിച്ചുകൂടി. അസംബ്ലി ആന്തം ആലപിച്ചശേഷം യോഗക്രമങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ അസംബ്ലി കമ്മിറ്റി സെക്രട്ടറി റവ.ഫാ. ജോജി കല്ലിങ്ങൽ നൽകി.
മുൻ അസംബ്ലിയുടെ റിപ്പോർട്ട് സിനഡ് സെക്രട്ടറി ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അവതരിപ്പിച്ചു. ഏഴുമണിക്ക് മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് പ്രതിനിധികളെ അഭിസംബോധന ചെയ്ത് ആമുഖ പ്രഭാഷണം നടത്തി.
കൂട്ടായ്‌മയുടെ സ്വഭാവം മുറുകെപ്പിടിച്ച് സ്വത്വബോധത്തോടെ സഭാമാതാവിനോടുള്ള പ്രതിബദ്ധതയിൽ മുന്നേറാൻ ഈ സഭായോഗം സഹായിക്കട്ടെയെന്നു തട്ടിൽ പിതാവ് പ്രത്യാശ പ്രകടിപ്പിച്ചു. കാലഘട്ടത്തിന്റെ പ്രതിസന്ധികൾക്കിടയിലും പ്രത്യാശയോടെ നമുക്ക് മുന്നേറാം എന്ന് മേജർ ആർച്ച് ബിഷപ്പ് തന്റെ ആമുഖസന്ദേശത്തിൽ കൂട്ടിച്ചേർത്തു.
ആർച്ചുബിഷപ്പ് ലിയോപോൾദോ ജിറേലി ഉദ്ഘാടനം നിർവ്വഹിക്കും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തും. കേന്ദ്രമന്ത്രി ശ്രീ ജോർജ് കുരിയനും യാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് സഭയുടെ മലങ്കര മെട്രോപൊളിറ്റൻ ആർച്ചുബിഷപ്പ് ജോസഫ് മാർ ഗ്രീഗോറിയോസ് തിരുമേനിയും ആശംസകളർപ്പിച്ചു സംസാരിക്കും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സ്വാഗതമാശംസിക്കുകയും മുഖ്യ വികാരി ജനറൽ റവ.ഡോ. ജോസഫ് തടത്തിൽ ചടങ്ങിൽ കൃതജ്ഞതയർപ്പിക്കുകയും ചെയ്യും.
തുടർന്ന് പ്രവർത്തനരേഖയിലെ വിവിധ വിഷയങ്ങളിന്മേൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യും. ഉച്ചകഴിഞ്ഞു മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയുടെ തലവൻ ബസേലിയോസ് മാർത്തോമാ തൃദീയൻ പ്രതിനിധികളെ അഭിസംബോധന ചെയ്തു സംസാരിക്കും. മേജർ ആർച്ചുബിഷപ്പ് എമിരറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് അസംബ്ലിയുടെ ആദരവ് സമർപ്പിക്കും. കലാപരിപാടികളോടെയാണ് ദിവസം അവസാനിക്കുക.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments