പശു കുത്തി ഗുരുതര പരുക്കേറ്റ ആളുമായി കട്ടപ്പനയിൽ നിന്നു ഒന്നര മണിക്കൂറിനുള്ളിൽ ആംബുലൻസ് ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പാഞ്ഞെത്തി. കുമളി ആറാംമൈൽ സ്വദേശി മാത്തുക്കുട്ടി എബ്രഹാമിനാണ് (68) പശുവിന്റെ കുത്തിൽ വയറിൽ ഗുരുതര പരുക്കേറ്റത്. ബന്ധുവീടിൽ മേസ്തിരി ജോലി ചെയ്തുകൊണ്ടിരുന്ന മാത്തുക്കുട്ടിയെ സമീപത്തുകൂടി അഴിച്ചു കൊണ്ട് പോയ പശു ആക്രമിക്കുകയായിരുന്നു. ജോലി ചെയ്തിരുന്ന ഭിത്തിയോട് ചേർത്ത് നിർത്തിയാണ് പശു കുത്തിയത്. ഉടൻ തന്നെ ബന്ധുക്കൾ അണക്കരയിലും, തുടർന്നു കട്ടപ്പനയിലും ആശുപത്രികളിലും എത്തിച്ചു.
തുടർന്ന് വിദഗ്ദ ചികിത്സക്കായി മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നേകാലോടെ ആംബുലൻസ് കട്ടപ്പനയിൽ നിന്നു പുറപ്പെട്ടു. വാഗമൺ റൂട്ടിൽ കനത്ത മഴയും കോടമഞ്ഞും ആയിരുന്നെങ്കിലും ഹൈറേഞ്ച് കിംഗ്സ് എന്ന ആംബുലൻസ് ഡ്രൈവർമാരുടെ വാട്സ് ആപ്പ് കൂട്ടായ്മ പ്രധാന ജംഗ്ഷനുകളിൽ സഹായത്തിന് ഉണ്ടായിരുന്നതിനാൽ മറ്റ് ട്രാഫിക് തടസങ്ങൾ കൂടാതെ വേഗത്തിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചേരാൻ സാധിച്ചു. ആംബുലൻസ് കട്ടപ്പനയിൽ നിന്നു പുറപ്പെട്ടപ്പോൾ തന്നെ വാട്സ് ആപ്പ് കൂട്ടായ്മ ഗ്രൂപ്പിൽ വിവരങ്ങൾ കൈമാറിക്കൊണ്ടിരുന്നു. ഡ്രൈവർ സൂരജ് മാത്യു, സഹായി ടോം തോമസ് എന്നിവരായിരുന്നു ആംബുലൻസ് നിയന്ത്രിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച മാത്തുക്കുട്ടിയെ അടിയന്തര ചികിത്സ നൽകിയ ശേഷം ഐസിയുവിൽ പ്രവേശിപ്പിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments