Latest News
Loading...

സോളാർ വീണ്ടും ചൂടുപിടിക്കുന്നു. സമരത്തിൽ നിന്നും സിപിഎം തലയൂരി




സോളാർ സമരത്തിൽ നിന്ന് സിപിഎം തലയൂരിയത് ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നെന്ന് വെളിപ്പെടുത്തി മുതിര്‍ന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം. സമകാലിക മലയാളം വാരികയിൽ എഴുതിയ ലേഖനത്തിലാണ് വെളിപ്പെടുത്തൽ . ജോൺ ബ്രിട്ടാസ് വഴിയാണ് സിപിഎം ഒത്തുതീര്‍പ്പിന് ശ്രമിച്ചത്. പാര്‍ട്ടി നേതാക്കൾക്കോ സമരത്തിന് വന്ന പ്രവര്‍ത്തകര്‍ക്കോ ഇക്കാര്യം അറിയില്ലായിരുന്നുവെന്നും ജോൺ വെളിപ്പെടുത്തി. 





സോളാർ വിഷയത്തിൽ സിപിഎം സെക്രട്ടറിയേറ്റ് വളഞ്ഞുള്ള വൻ സമരമാണ് ആസൂത്രണം ചെയ്തത്. എന്നാൽ തുടർച്ചയായി അവധി ദിവസങ്ങൾ വന്നതോടെ സമരം മുന്നോട്ടു കൊണ്ടുപോകുന്നതിന് പ്രസക്തി ഇല്ലാതായി. തുടർന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി വാർത്താസമ്മേളനം വിളിച്ചു ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. 



വാർത്താ സമ്മേളനം വിളിച്ചു ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചാൽ മതിയെന്ന് പറഞ്ഞത് സിപിഎമ്മാണ്. ഒത്തുതീര്‍പ്പ് ഫോര്‍മുല യുഡിഎഫ് അംഗീകരിക്കുകയായിരുന്നു. ചർച്ചകളിൽ കോടിയേരിയും പങ്കെടുത്തു. ഉമ്മൻ ചാണ്ടി വാർത്താ സമ്മേളനം വിളിച്ചത് ധാരണ പ്രകാരമായിരുന്നു. യുഡിഎഫിൽ നിന്ന് ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും തിരുവഞ്ചൂരും സംസാരിച്ചു. ഇടത് പ്രതിനിധിയായി എൻകെ പ്രേമചന്ദ്രൻ ചർച്ചയിൽ പങ്കെടുത്തു. 




ജോൺ മുണ്ടക്കയത്തിന്റെ ലേഖനം വായിച്ചുവെന്നും പറഞ്ഞത് ശരിയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. തലസ്ഥാനത്ത് വലിയ ജനക്കൂട്ടം ഇത്തരത്തിൽ തടിച്ചുകൂടുന്നത് ഒഴിവാക്കാനായിരുന്നു ശ്രമം. അതിന്റെ ഭാഗമായി ഇരുപക്ഷവും സംസാരിച്ചിരുന്നു. സമരം ഒത്തുതീ‍ർക്കാൻ ഒരു നി‍‍ർദ്ദേശം വന്നു. അതിനോട് സ‍ർക്കാർ പോസിറ്റീവായി തന്നെ പ്രതികരിച്ചുവെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.


ജോൺ മുണ്ടക്കയത്തിൻ്റെ ലേഖനത്തിൽ നിന്ന്:

"സമരത്തിന്റെ പുരോഗതി നിരീക്ഷിച്ച് ഓഫിസിലിരിക്കുകയായിരുന്ന എനിക്ക് 11 മണിയോടെ ഒരു ഫോൺ കോൾ വന്നു. സുഹൃത്തും പിണറായി വിജയൻ്റെ വിശ്വസ്‌തനും കൈരളി ചാനലിന്റെ വാർത്താവിഭാഗം മേധാവിയുമായ ജോൺ ബ്രിട്ടാസിൻ്റേതായിരുന്നു ഫോൺ കോൾ. "സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടേ?" ബ്രിട്ടാസ് ചോദിച്ചു. എന്താ അവസാനിപ്പിക്കണം എന്നു തോന്നിത്തുടങ്ങിയോ എന്നു ഞാനും തിരിച്ചു ചോദിച്ചു. മുകളിൽനിന്നുള്ള നിർദ്ദേശ പ്രകാരമാണ് ബ്രിട്ടാസിൻ്റെ കോൾ എന്നു മനസ്സിലായി. ഉടനെ പത്രസമ്മേളനം നടത്തി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചാൽ സമരം പിൻവലിക്കാൻ തയ്യാറാണെന്ന് ഉമ്മൻ ചാണ്ടിയെ അറിയിക്കാമോ എന്നായിരുന്നു ബ്രിട്ടാസിൻ്റെ അടുത്ത ചോദ്യം. ജുഡീഷ്യൽ അന്വേഷണം നേരത്തെ തന്നെ മുഖ്യമന്ത്രി പറഞ്ഞതാണല്ലോ" എന്നു ഞാൻ ചൂണ്ടിക്കാട്ടി. "അതെ... അതു പ്രതസമ്മേളനം വിളിച്ചു പറഞ്ഞാൽ മതി" എന്നു ബ്രിട്ടാസ്. നിർദ്ദേശം ആരുടേതാണെന്നു ഞാൻ ചോദിച്ചു. നേതൃതലത്തിലുള്ള തീരുമാനമാണെന്ന് ഉറപ്പു വരുത്തി. ശരി സംസാരിച്ചു നോക്കാം എന്നു പറഞ്ഞു ഞാൻ ഫോൺ കട്ടു ചെയ്. നേരെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിളിച്ചു ബ്രിട്ടാസ് പറഞ്ഞത് അദ്ദേഹത്തെ അറിയിച്ചു. പാർട്ടി തീരുമാനം ആണോ എന്ന് അദ്ദേഹം ചോദിച്ചു. ആണെന്നാണ് മനസ്സിലാകുന്നത് എന്നു ഞാനും പറഞ്ഞു. എങ്കിൽ പി.കെ. കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിവരം പറയാമോ എന്ന് അദ്ദേഹം ചോദിച്ചു. ഞാൻ കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിവരം പറഞ്ഞു. കുഞ്ഞാലിക്കുട്ടി തിരുവഞ്ചൂരിനെ ബന്ധപ്പെട്ടു. തിരുവഞ്ചൂർ ബ്രിട്ടാസിനേയും തുടർന്നു കോടിയേരി ബാലകൃഷണനേയും വിളിച്ചു സംസാരിച്ചു. തുടർന്ന്, ഇടതു പ്രതിനിധിയായി എൻ.കെ. പ്രേമചന്ദ്രൻ യു.ഡി.എഫ് നേതാക്കളെ കണ്ടു. അതോടെ സമരം തീരാൻ അരങ്ങൊരുങ്ങി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. വൈകാതെ പത്രസമ്മേളനം നടത്തി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മിനിറ്റുകൾക്കുള്ളിൽ സമരവും പിൻവലിച്ചു. അപ്പോഴും ബേക്കറി ജംഗ്ഷനിൽ സമരക്കാർക്കൊപ്പം നിന്ന ഡോ. തോമസ് ഐസക്ക് ഉൾപ്പെടെയുള്ള നേതാക്കൾ ഈ കഥ അറിഞ്ഞിരുന്നില്ല. സമരം ഒത്തുതീർപ്പായത് തോമസ് ഐസക് അറിഞ്ഞത് ഒരു ചാനലിൽ നിന്നു വിളിച്ചറിയിച്ചപ്പോൾ മാത്രം".




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments