പൾസ് പോളിയോ പ്രതിരോധമരുന്നു വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 9 മണിക്ക് തുറമുഖ- സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. കോട്ടയം ജനറൽ ആശുപത്രിയിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ വി. വിഗ്നേശ്വരി മുഖ്യ പ്രഭാഷണം നടത്തും.
ചടങ്ങിൽ നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, വാർഡംഗം സിൻസി പാറേൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എൻ. വിദ്യാധരൻ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ വ്യാസ് സുകുമാരൻ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എം.ശാന്തി, ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. കെ.ജി.സുരേഷ്, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. എബി മാത്യു, എം. സി. എച്ച്. ഓഫീസർ ത്രേസ്യാമ്മ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുക്കും.
ജില്ലയിൽ അഞ്ചുവയസ്സിനു താഴെയുളള 96,698 കുട്ടികൾക്കാണ് പോളിയോ പ്രതിരോധ തുള്ളിമരുന്നു നൽകുക. ഇതിനായി 1292 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. തുള്ളിമരുന്നു നൽകാൻ പരിശീലനം സിദ്ധിച്ച 2584 സന്നദ്ധപ്രവർത്തകരേയും നിയോഗിച്ചിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങൾ, അങ്കൺവാടികൾ, സ്വകാര്യ ആശുപത്രികൾ, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവയിലാണ് സാധാരണ ബൂത്തുകൾ പ്രവർത്തിക്കുക. രാവിലെ എട്ടുമണി മുതൽ വൈകിട്ട് അഞ്ചുമണിവരെയാണ് ബൂത്തുകൾ പ്രവർത്തിക്കുക.
41 ട്രാൻസിറ്റ് ബൂത്തുകൾ, 12 മൊബൈൽ ബൂത്തുകൾ എന്നിവയും ക്രമീകരിക്കും. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ബോട്ടുജെട്ടി എന്നിവിടങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകൾ പ്രവർത്തിക്കും. ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, ഉത്സവസ്ഥലങ്ങൾ, കല്യാണമണ്ഡപങ്ങൾ എന്നിവയുൾപ്പെടെ ജനങ്ങൾ എത്തുന്ന സ്ഥലങ്ങളിൽ എത്തി മരുന്ന് നൽകുന്നതിനാണ് മൊബൈൽ ബൂത്തുകൾ ക്രമീകരിച്ചിരിക്കുന്നത്. പരിപാടിക്കായി 6430 വയൽ തുള്ളിമരുന്നും ഐഎൽആർ, ഡീപ്ഫ്രീസർ, കോൾഡ് ബോക്‌സ്, വാക്‌സിൻ കാരിയർ തുടങ്ങിയ രണ്ടായിരത്തിലധികം ശീതീകരണ ഉപാധികളും ഒരുക്കിയിട്ടുണ്ട്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments