Latest News
Loading...

മുഖ്യമന്ത്രിയെ കണ്ട് ജോസ് കെ മാണിയും മന്ത്രി റോഷിയും എംഎൽഎമാരും.


കോട്ടയം: നവകേരള സദസ്സിനിടെ പാലായിൽ വച്ച് റബർ കർഷകരുടെ പ്രതസന്ധിയും വിലയിടിവും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയ തോമസ് ചാഴികാടൻ എംപിയെ അടക്കം കൂടെ കൂട്ടി മുഖ്യമന്ത്രിയെ നേരിൽ കണ്ട് അതേ ആവശ്യമുന്നയിച്ച് കേരളാ കോൺ​ഗ്രസ് (എം). റബറിന് കിലോഗ്രാമിന് 250 രൂപ ഉറപ്പാക്കാണമെന്നാവശ്യപ്പെട്ടാണ് കേരളാ കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കൾ ചെയർമാൻ ജോസ് കെ മാണി എം പി യുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ നേരില്‍കണ്ട് നിവേദനം നൽകിയത്

നവകേരള സദസ്സിനിടെ പാലായിൽ തോമസ് ചാഴികാടൻ എംപി ഇക്കാര്യം അവതരിപ്പിച്ചത് മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കിയിരുന്നു. യോഗത്തില്‍ ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ ചാഴികാടനെ മുഖ്യമന്ത്രി തിരുത്താൻ ശ്രമിച്ചത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. അന്ന് മുഖ്യമന്ത്രിക്ക് നേരിട്ട് മറുപടി നല്കാതിരുന്ന കേരളാ കോണ്‍ഗ്രസ് എം എന്നാൽ ഇപ്പോള്‍ വിഷയത്തിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കുകയാണ് . ഇതിന്റെ ഭാ​ഗമമായി തന്നെയാണ് തോമസ് ചാഴികാടനുൾപ്പെടെ പാര്‍ട്ടി ജനപ്രതിനിധികൾ ഒന്നിച്ച് മുഖ്യമന്ത്രിയെ കണ്ടത്.

റബർ വിലയിടിവ് വിഷയത്തിൽ പിന്നോട്ടില്ലെന്നും നേതാക്കൾ വ്യക്തമാക്കുന്നു. അടുത്ത ബജറ്റിൽ വില 250 രൂപയാക്കണമെന്നും നേതാക്കൾ ആവശ്യപ്പെടുന്നു. അന്ന് മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് ശേഷം നിശബ്ദത പാലിച്ച നേതാക്കൾ വിഷയത്തിൽ പിന്നോക്കം പോകാൻ തയ്യാറല്ലെന്ന സന്ദേശം കൂടിയാണ് മുഖ്യമന്ത്രിയെ കണ്ടതിലൂടെ വ്യക്തമാക്കുന്നത്.





തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വിഷയത്തിൽ പിന്നോട്ട് പോകുന്നത് ദോഷമാകുമെന്ന വിലയിരുത്തലും പാർട്ടിക്കുണ്ട്. അതുകൊണ്ടുതന്നെയാണ് തിടുക്കത്തിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയത്. മുഖ്യമന്ത്രിയും വിഷയത്തിൽ അനുകൂലമായ പ്രതികരണമാണ് നടത്തിയത്.  

കേരളത്തില്‍ റബര്‍ കൃഷി ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കേണ്ടത് അനിവാര്യമാണ്. റബര്‍കൃഷിയുമായി മുന്നോട്ടുപോയാല്‍ ജീവിക്കാന്‍ കഴിയില്ലെന്ന കര്‍ഷകരുടെ ആശങ്ക പരിഹരിക്കപ്പെടണം. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെട്ട് റബറിന് കിലോഗ്രാമിന് 250 രൂപ ഉറപ്പാക്കാന്‍ ആവശ്യമായ തീരുമാനം കൈക്കൊള്ളണമെന്നും നേതാക്കൾ അഭ്യര്‍ത്ഥിച്ചു. 250 രൂപയെങ്കിലും ഉറപ്പാക്കിയില്ലെങ്കില്‍ കര്‍ഷകര്‍ റബര്‍ കൃഷി തന്നെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുമെന്നും നേതാക്കൾ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി.





കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ റബര്‍ കമ്പനികളില്‍ നിന്നും ഈടാക്കാന്‍ നിശ്ചയിച്ചിട്ടുള്ള നഷ്ടപരിഹാരതുക ലഭ്യമാക്കുന്നത് സംബന്ധിച്ച കേസ് സുപ്രിംകോടതി മുമ്പാകെ നടന്നുവരുകയാണ്. ഇതിൽ സംസ്ഥാനത്തെ കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കണം.    

1947 ലെ റബര്‍ ആക്ട് പരിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പരിഷ്‌ക്കരിക്കുന്ന നിയമത്തില്‍ റബറിന്റെ അടിസ്ഥാന വില ഉറപ്പുവരുത്താന്‍ ക്ലോസ് ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് നല്‍കേണ്ടതാണ്. നിലവിലെ നിയമപ്രകാരം റബര്‍ ടാപ്പിംഗ് തൊഴിലാളികള്‍ക്ക് സാധാരണ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ആനൂകൂല്യങ്ങള്‍ കൊടുക്കുവാന്‍ വ്യവസ്ഥയില്ല.

പുതിയ നിയമത്തില്‍ റബര്‍ ടാപ്പിംഗ് തൊഴിലാളികള്‍ക്ക് ആവശ്യമായ ആനുകൂല്യങ്ങള്‍ ലഭിക്കുവാനുള്ള നിയമവ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നല്‍കേണ്ടതാണെന്നും നിവേദനത്തിൽ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments