Latest News
Loading...

മണിയങ്ങാട്ട് മത്തായി കത്താനാരുടെ സ്വര്‍ഗ്ഗ പ്രവേശത്തിന്റെ 75 വര്‍ഷങ്ങള്‍. അനുസ്മരണവും കുടുംബയോഗ മഹാസംഗമവും




മണിയങ്ങാട്ട് മത്തായി കത്താനാരുടെ സ്വര്‍ഗ്ഗ പ്രവേശത്തിന്റെ 75 വര്‍ഷങ്ങള്‍ അനുസ്മരണവും കുടുംബയോഗ മഹാസംഗമവും ഡിസംബര്‍ 30ന് നടക്കും. സീറോമലബാര്‍ സഭയുടെ തുടക്ക കാലത്ത് ചങ്ങനാശ്ശേരി രൂപതയുടെ ഭാഗമായിരുന്ന പാലാ പ്രദേശത്ത് സേവനം ചെയ്ത പുരോഹിതനായിരുന്നു മണിയങ്ങാട്ട് മത്തായി കത്തനാര്‍. 1881 ജൂലൈ ഒന്നിനായിരുന്നു ജനനം. 1909 ഡിസംബര്‍ 30തിന് ചങ്ങനാശ്ശേരി രൂപത മെത്രാന്‍ മാര്‍ മാത്യു മാക്കില്‍ മെത്രാനില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ച് പുരോഹിതനായി. കൊഴുവനാല്‍, തോടനാല്‍, ചെങ്ങളം, മുഴൂര്‍, തലയോലപറമ്പ്, എലിക്കുളം, പൈക, ഇളങ്ങോയ്, പൈങ്ങുളം, പങ്കട, വിളക്കുമാടം ഇടവകകളിലാണ് മത്തായി കുത്തനാര്‍ സേവനം ചെയ്ത്. ഇവിടങ്ങളിലെ വിദ്യാഭ്യാസ വികസനത്തിനു വേണ്ടി നിരവധി വിദ്യാലയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. അതില്‍ പലതും ഇന്ന് ഹയര്‍ സെക്കണ്ടറി സ്‌കുളുകളാണ്. ചെങ്ങളം പള്ളിയുടെ ആദ്യവികാരി യായിരുന്ന മത്തായി കത്തനാരാണ് പള്ളി അന്തോനീസ് പുണ്യാവാളന്റെ തീര്‍ത്ഥാടന കേന്ദ്രമാക്കിയത്, പാലാ രൂപതയിലെ ഏറ്റവും വലിയ പെരുന്നാളുകളിലൊന്നായ പൈക ജുബില ആരംഭിച്ചത് മത്തായി കത്തനാരാണ്. 

മത്തായി കുത്തനാരുടെ സേവനം 1909 മുതല്‍ 1948 വരെയാണ്. അക്കാലത്ത് സമുഹത്തില്‍ അയിത്തവും ജാതി വ്യവസ്ഥയും നടമാടിയിരുന്നു. ക്രൈസ്തവര്‍ക്കിടയിലുമുണ്ടായിരുന്നു ഇത്തരം വേര്‍തിരിവുകള്‍. നോമ്പുകാലത്ത് താഴ്ന്ന ജാതിക്കാര്‍ സ്പര്‍ശിവച്ചാല്‍ നോമ്പ് ഇല്ലാതാകുമെന്ന ചിന്തപോലും ക്രിസ്ത്യാനികള്‍ക്കിടയിലുണ്ടായിരുന്നു. പുരോഹിതനെ കണ്ട് പ്രാര്‍ത്ഥന ചൊല്ലിച്ച് പരിഹാരക്രിയ നടത്തണമന്നായിരുന്നു അന്നത്തെ വ്യവസ്ഥിതി. ഇതിനെതിരെ മണിയങ്ങാട് മത്തായി കുത്തനാര്‍ ശക്തമായി പോരാടി. ദൈവത്തിന് മുന്നില്‍ എല്ലാവരും സമന്മായരാണ് ജാതി വേര്‍തിരിവ് മനുഷ്യനുണ്ടാക്കിയ വേലികെട്ടാണ്. അത് പൊളിച്ചുമാറ്റേണ്ടതാണെന്ന് എല്ലാ ഇടവകകളിലെയും ജനങ്ങളെ പഠിപ്പിച്ചു. നിരവധി ഏതിര്‍പ്പുകള്‍ നേരിടേണ്ടിവന്നിട്ടുണ്ട് കത്തനാര്‍ക്ക്. അതെല്ലാം ധീരതയോടെ നേരിട്ട കത്തനാരായാണ് സഭാ ചരിത്രത്തില്‍ കാണുന്നത്. 



ജാതിവ്യവസ്ഥ പോലെ ക്രൈസ്തവര്‍ക്കിതടയിലുണ്ടായിരുന്ന മറ്റൊരു മോശം പ്രവണതയാണ് സാമ്പത്തിക വേര്‍തിരിവ്. പള്ളികളില്‍ പ്രമാണികള്‍ക്കിരിക്കാന്‍ കസേരയും മറ്റുള്ളവര്‍ നിലത്തും എന്നതായിരുന്നു 1940തിന് മുമ്പുള്ള രീതി. പ്രമാണി മാരുടെ താല്പര്യങ്ങള്‍ അത് സഭാനുകൂലമാണെങ്കിലും വിരുദ്ധമാണെങ്കിലും പുരോഹിതനും വിശ്വാസികളും അനുസരിക്കേണ്ട സ്ഥിതിയായിരുന്നു നാട്ടില്‍. ഇതിനെതിരെ അദ്ദേഹം നടത്തിയ ചെറുത്തുനില്പ് അക്കാലത്ത് ഏറെ കോളിളക്കം ഉണ്ടാക്കിയ സംഭവങ്ങളാണ്. 

വിളക്കുമാടം പള്ളിയില്‍ അള്‍ത്താരക്ക് സമീപം പ്രമാണിമാര്‍ക്കു ഇരിക്കാനുണ്ടാക്കിയ കസേരകള്‍ വലിച്ചെറിഞ്ഞാണ് പ്രതികരിച്ചത്. പിന്നീടിതുവരെ അത്തരത്തിലുള്ള പ്രവണത വിളക്കുമാടം പള്ളിയില്‍ ഉണ്ടായിട്ടില്ല. ഇത്തരത്തില്‍ പ്രതികരിച്ചതിന് വധശ്രമം വരെ നേരിട്ടു കത്തനാര്‍. 1948 ഡിസംബര്‍ 30തിന് കൊഴുവനാല്‍ വെച്ചാണ് അദ്ദേഹം മരിക്കുന്നത്. കൊഴുവനാല്‍ പള്ളിക്കുള്ളിലാണ് സംസ്‌കരിച്ചതും.

മണിയങ്ങാട്ട് കുടുംബയോഗം

400 വര്‍ഷത്തെ ചരിത്രമാണ് മണിയങ്ങാട്ട് കുടുംബത്തിനുള്ളത്. കുടുംബത്തിലെ ആദ്യ പുരോഹിതനാണ് മണിയങ്ങാട്ട് മത്തായി കത്തനാര്‍ പുരോഹിതനായ കാലം മുതല്‍ കത്തനാരുടെ സ്വപ്നമായിരുന്നു കുടുംബാംഗങ്ങളെ യോജിപ്പിച്ച് ഒരുകുടകീഴില്‍ കൊണ്ടുവരുക എന്നത്. ആധ്യാത്മിക വേലയും സാമൂഹ്യ പ്രവര്‍ത്തനവും മൂലം അദ്ദേഹത്തിനത് പൂര്‍ത്തിയയാക്കാന്‍ കഴിഞ്ഞില്ല. രോഗിയായിരുന്നെങ്കിലും വിയോഗം അപ്രതീക്ഷിതമായതാണ് വെല്ലുവിളിയായത്. കുത്തനാരുടെ മരണശേഷം കുടുംബാംഗങ്ങള്‍ അതിനുവണ്ടിയുള്ള ശ്രമം തുടങ്ങി. 1955ല്‍ മണിയങ്ങാട്ട് കുടുംബയോഗം സ്ഥാപിതമായി. മണിയങ്ങാട്ട് കുടുംബത്തിന്റെ 12 ശാഖകളായിരുന്നു അന്നുണ്ടായിരുന്നത്. പിന്നീടത് പന്തലിച്ച് മുപ്പതിലധികം ഉപശാഖകളുണ്ടായി. ഇപ്പോള്‍ ഇരുപതിനായിരത്തോളം ജനസംഖ്യയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുംബാഗങ്ങള്‍ കഴിയുന്നു. ആദ്യം വര്‍ഷത്തിലൊന്നായിരുന്നു യോഗം ചേര്‍ന്നിരുന്നതെങ്കില്‍ ഇപ്പോള്‍ മാസത്തിലോരിക്കാന്‍ യോഗവും വര്‍ഷത്തില്‍ ഒരു തവണ വാര്‍ഷികവും നടത്തുന്നുണ്ട്. ഇതിനോടകം 234 സമ്മേളനങ്ങളാണ് പൂര്‍ത്തിയായത്. കുടുംബത്തിന്റെ 400 വര്‍ഷത്തെ ചരിത്രത്തിലെ എറ്റവും വലിയ മഹാസമ്മേളനത്തിനാണ് ഡിസംബര്‍ 30 സാക്ഷിയാകുക

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





മത്തായി കത്തനാര്‍ പുണ്യജീവിതം കഴിഞ്ഞു മടങ്ങിയിട്ട് ഡിസംബര്‍ 30തിന് 75 വര്‍ഷം തികയുകയാണ്. വിപുലമായ പരിപാടികളാണ് ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്. കൊഴുവനാല്‍ സെന്റ് ജോണ്‍ നെപുസ്യാന്‍സ് പള്ളിയില്‍ 12 മണിക്ക് ചടങ്ങുകള്‍ ആരംഭിക്കും. സ്വര്‍ഗ്ഗപ്രവേശന അനുസ്മരണ പ്രാര്‍ത്ഥനകള്‍ക്കു ശേഷം ദിവ്യബലി തുടര്‍ന്ന് പൊതുസമ്മേളനം. പൊതുസമ്മേളനം ഗോവ ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. മുന്‍ സീറോ മലബാര്‍ സഭാദ്ധ്യക്ഷന്‍ എമിരിറ്റസ് കാര്‍ഡിനല്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യാതിഥിയായിരിക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാണി സി കാപ്പന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള കുടുംബാംഗങ്ങളുടെ പ്രതിനിധികളായി 600ലേറെ പേരാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. 

വാര്‍ത്താസമ്മേളനത്തില്‍ കുടുംബയോഗം രക്ഷാധികാരി ഫാ ആന്റണി മണിയങ്ങാട്ട്, പ്രസിഡന്റ് പി.എം. മാത്യു മണിയങ്ങാട്ട്, സെക്രട്ടറി സാബു മണിയങ്ങാട്ട്, സാജന്‍ മണിയങ്ങാട്ട്, അഡ്വ രാജു മണിയങ്ങാട്, അഷ്വിന്‍ ജോഷി മണിയങ്ങാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. 




Post a Comment

0 Comments