തൃശൂര്‍ കേരളവര്‍മ കോളജിലെ തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ പ്രതിഷേധിച്ച് മന്ത്രി ആര്.ബിന്ദുവിന്റെ വസതിയിലേക്ക് കെഎസ്യു നടത്തിയ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. പ്രവര്‍ത്തകരും പോലീസും തമ്മിലുള്ള കൈയാങ്കളിയില്‍ രണ്ട് പേര്‍ക്ക് തലയ്ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരു വനിതാപ്രവര്ത്തകയുമുണ്ട്. കേരളവര്‍മ കോളജിലെ മുന്‍ അധ്യാപിക കൂടി ആയിരുന്ന മന്ത്രി ആര്.ബിന്ദുവിന് തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് കെഎസ്യു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ് യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു.
ബേക്കര്‍ ജംഗ്ഷന് സമീപത്തുവച്ച് മാര്‍ച്ച് ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടയുകയായിരുന്നു. എന്നാല്‍ ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ മുന്നോട്ട് പോകാന്‍ ശ്രമിച്ചതോടെ പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഇതിനിടെ പോലീസ് ലാത്തി വീശുകയായിരുന്നു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. അകാരണമായി പോലീസ് മര്‍ദിക്കുകയായിരുന്നെന്ന് കെഎസ്യു ആരോപിച്ചു.
വാട്സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments