Latest News
Loading...

ഇടതു മുന്നണി പാലായുടെ വികസനം തടസ്സപ്പെടുത്തുന്നതായി മാണി സി കാപ്പൻ





 പാലാ നിയോജക മണ്ഡലത്തിൽപ്പെട്ട മൂന്നിലവ് ഗ്രാമപഞ്ചായത്തിൽ 2021 ൽ ഉണ്ടായ അതിതീവ്രമഴയിൽ തകർന്ന കടവുപുഴ പാലം പുനർനിർമ്മിക്കുന്നതിന് എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും നാല് കോടി രൂപ അനുവദിച്ചതായി മാണി സി കാപ്പൻ എം എൽ എ പത്രസമ്മേളനത്തിൽ അറിയിച്ചു. എം എൽ എ യ്ക്കു ഒരു വർഷം ലഭ്യമായ ആകെയുള്ള അഞ്ചു കോടി രൂപയിൽ നിന്നും നാല് കോടി രൂപയും ഇതിനായി മാത്രം മാറ്റി വയ്ക്കുകയാണെന്നു എം എൽ എ പറഞ്ഞു.

പ്രകൃതിക്ഷോഭം ഉണ്ടായശേഷം നിരവധി തവണ ഈ ആവശ്യം ഉന്നയിച്ച് സർക്കാരിനെ സമീപിച്ചെങ്കിലും അവഗണിക്കുകയായിരുന്നു. 2011 ഒക്ടോബർ 18നാണ് മലവെള്ളപാച്ചിലിൽ കടവുപുഴ പാലം തകർന്നത്. ഇതിനുശേഷം മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തി നാശനഷ്ടത്തിന്റെ കണക്ക് സർക്കാരിന് നൽകിയിരുന്നു. പഞ്ചായത്ത് കമ്മിറ്റി പാലം പുനർനിർമ്മിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ട് എം എൽ എ മുഖേന ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ സർക്കാർ നടപടി സ്വീകരിച്ചില്ലെന്നു എം എൽ എ കുറ്റപ്പെടുത്തി. മലയോര പിന്നോക്ക പട്ടികജാതി പട്ടികവർഗ്ഗ ഭൂരിപക്ഷമേഖലയായ മൂന്നിലവിൽ മേൽ വിഭാഗങ്ങൾക്കുള്ള പ്രത്യേക ഫണ്ട് വിനിയോഗിച്ച് പാലം പുനർനിർമ്മിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന് താൻ അവശ്യപ്പെട്ടിരുന്നതായി എം എൽ എ ചൂണ്ടിക്കാട്ടി. ജില്ലയുടെ ചാർജുള്ള മന്ത്രി വി എൻ വാസവൻ സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തിയശേഷം പട്ടികജാതി പട്ടികവർഗ്ഗ വികസന ഫണ്ടിൽ നിന്നും പാലം പണിയുന്നതിനാവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് വാഗ്ദാനം നൽകുകയും ചെയ്തിരുന്നു.

ഇതിനിടെ 2022 ജൂലൈ 31 ന് ഉണ്ടായ പ്രളയത്തിൽ പാലം പൂർണ്ണമായും തകർന്നു. ഇതോടെ വിദ്യാർത്ഥികളടക്കമുള്ളവർ 25 കിലോമീറ്റർ അധികം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയിലായി. ഇത് ഇപ്പോഴും തുടരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പാലം നിർമ്മാണത്തിന് 5 കോടി രൂപ അനുവദിക്കണമെന്ന് ബജറ്റ് നിർദ്ദേശത്തിൽ ഉൾപ്പെടുത്തുകയും ചർച്ചാ വേളയിൽ വിഷയം അവതരിപ്പിക്കുകയും ചെയ്തെങ്കിലും സർക്കാർ നടപടി സ്വീകരിച്ചില്ലെന്ന് കാപ്പൻ കുറ്റപ്പെടുത്തി.


.ഇക്കഴിഞ്ഞ ഫെബ്രുവരി 23 ലെ മോനിട്ടറിംഗ് കമ്മിറ്റി യോഗ ശേഷം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. എന്നാൽ നിക്ഷിപ്ത താൽപ്പര്യക്കാരുടെ ഇടപെടൽ മൂലം അപ്രോച്ച് റോഡ് ലഭിക്കില്ലായെന്ന ബോധ്യത്താൽ 2021-22 ലെ ബഡ്ജറ്റിൽ ചില്ലച്ച പാലത്തിന് അനുവദിച്ച 3.68 കോടി രൂപയും തലനാട് തീക്കോയി റോഡിന് അനുവദിച്ച തുകയിൽ മിച്ചം വന്ന തുകയിൽ നിന്ന് ആവശ്യമായ ഫണ്ടും കടവുപുഴ പാലം നിർമ്മാണത്തിനായി വിനിയോഗിക്കണമെന്ന് മൂന്നിലവ് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസ്സാക്കുകയും തന്റെ നിർദ്ദേശപ്രകാരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർമാർ തുടങ്ങിയവർ മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, ധനകാര്യവകുപ്പ് മന്ത്രി എന്നിവരെ നേരിൽ ദുരിത സാഹചര്യം വിശദീകരിക്കുകയും ചെയ്തിരുന്നു. പ്രശ്നം പരിഗണിക്കാമെന്ന് മന്ത്രിമാർ വാഗ്ദാനം നൽകിയിരുന്നു. തുടർന്ന് ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തിയെന്നു മാർച്ച് 24ന് പൊതുമരാമത്ത് വകുപ്പ് രേഖാമൂലം മറുപടി നൽകിയിരുന്നു. തുടർന്ന് ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ചീഫ് എൻജിനിയറോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ പാലം പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടതായതിനാൽ പി.ഡബ്ല്യു.ഡി ഏറ്റെടുത്ത് ബഡ്ജറ്റിൽ തുക വകയിരുത്തിയ ശേഷമേ ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കാൻ കഴിയൂ എന്ന മറുപടിയാണ് അടിയന്തിരപ്രാധാന്യമുള്ള ഈ വിഷയത്തിൽ പിന്നീട് സർക്കാരിൽ നിന്നും ലഭിച്ചതെന്നും എം എൽ എ പറഞ്ഞു.

വികസനം നഗര കേന്ദ്രീകൃതമോ വ്യക്തി കേന്ദ്രീകൃതമോ ആകാതെ മണ്ഡലത്തിന്റെ എല്ലാ ഭാഗത്തും ഒരു പോലെ ലഭ്യമാക്കണം എന്നതായിരുന്നു താൻ തുടർന്നുവന്നിരുന്ന വികസന ശൈലിയെന്ന് കാപ്പൻ ചൂണ്ടിക്കാട്ടി. മേഖലയോടുള്ള സർക്കാരിന്റെ തികഞ്ഞ അവഗണന തുടരുന്ന സാഹചര്യത്തിലാണ് എം എൽ എ ആസ്തിവികസനഫണ്ടിൽ ആകെയുള്ള 5 കോടി രൂപയിൽ 4 കോടി രൂപയും ഈ പാലത്തിന് അനുവദിക്കാൻ നിർബന്ധിതമായിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മണ്ഡലത്തിന്റെ മറ്റ് ഭാഗങ്ങളിൽ എം എൽ എ ഫണ്ടിന്റെ വികസനം ഉണ്ടാകരുതെന്ന ഗൂഢാലോചനയാണിതിന് പിന്നിലെന്ന് കരുതുന്നതായി എം എൽ എ പറഞ്ഞു.

പാലാ നിയോജകമണ്ഡത്തിലെ ഗ്രാമങ്ങളിലേയ്ക്ക് പരമാവധി വികസനം എത്തിച്ചതിൽ ജനങ്ങൾക്ക് ഉണ്ടായ സംതൃപ്തിയാണ് പൊതുതെരഞ്ഞെടുപ്പിൽ എന്റെ ഭൂരിപക്ഷം 5 ഇരട്ടിയിൽ അധികമായി വർദ്ധിച്ചത്. ഈ തിരിച്ചറിവാണ് ഗ്രാമങ്ങളിലേയ്ക്കുള്ള വികസനപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുവാൻ ചിലരെ പ്രേരിപ്പിക്കുന്ന ഘടകം. ഈ വസ്തുതകൾ മണ്ഡലത്തിലെ മറ്റ് പ്രദേശങ്ങളിലുള്ളവർ മനസിലാക്കിക്കഴിഞ്ഞു. ഇതിലൂടെ പാലായിലെ ജനങ്ങൾക്കു ലഭിക്കേണ്ട നാല് കോടി രൂപയുടെ വികസനമാണ് ഇപ്പോൾ തടസ്സപ്പെടുത്തിയിരിക്കുന്നത്.

ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ചെറുതും വലുതുമായ 6 പ്രകൃതി ദുരന്തങ്ങൾ പാലാ നിയോജകമണ്ഡലത്തിലുണ്ടായി. ആശ്വാസനടപടികൾ ഒന്നും തന്നെ സർക്കാർ നാളിതുവരെ സ്വീകരിച്ചിട്ടില്ല. പാലാ നിയോജകമണ്ഡലത്തോട് നിരന്തരമായി തുടർന്നുവരുന്ന സാഹചര്യത്തിൽ ഈ കടുത്ത അവഗണനയ്ക്കും അനീതിയ്ക്കുമെതിരെ ബഹുജനങ്ങളെ അണിനിരത്തി യു ഡി എഫിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മാണി സി കാപ്പൻ പറഞ്ഞു. പാലായോടുള്ള ഈ അവഗണന ജനം തിരിച്ചറിഞ്ഞ് ശക്തമായി പ്രതികരിക്കുമെന്നും എം എൽ എ കൂട്ടിച്ചേർത്തു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments