Latest News
Loading...

മാളിക വേങ്ങത്താനം അരുവി ടൂറിസം കേന്ദ്രം ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു

കോട്ടയം: മാളിക വേങ്ങത്താനം അരുവി ടൂറിസം കേന്ദ്രം  ഒന്നാം ഘട്ട പ്രവർത്തനോദ്ഘാടനം പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. സഞ്ചാരികളുടെ സുരക്ഷയ്ക്കായി ആരംഭിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കിയവരെ മന്ത്രി പി.എ മുഹമ്മദ് റിയാസ് അഭിനന്ദിച്ചു. ദിനംപ്രതി നിരവധി സഞ്ചാരികൾ എത്തുന്ന സ്ഥലമാണിത്. സുരക്ഷാ മാനദണ്ഡങ്ങളുടെ അപര്യാപ്തത കാരണം അപകടങ്ങളും സംഭവിച്ചിരുന്നു. അപകടങ്ങൾ കുറയ്ക്കുക
എന്ന ലക്ഷ്യത്തോടെയാണ് ഒന്നാം ഘട്ട നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മാളിക ടൗണിൽ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ നിർമ്മാണ നിർവഹണ ഏജൻസി ആയിരുന്ന സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇഖ്ബാൽ വിശിഷ്ടാതിഥിയായിരുന്നു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ. കെ. പത്മകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്,പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ, തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജി ജോർജ്, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ, ജില്ലാ പഞ്ചായത്തംഗം പി.ആർ അനുപമ, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.സാജൻ കുന്നത്ത്, പാറത്തോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജിമോൾ ഫിലിപ്പ്, ഗ്രാമപഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

പാറത്തോട്, പൂഞ്ഞാർ, തിടനാട് എന്നീ പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ മാളിക പ്രദേശത്താണ് വേങ്ങത്താനം അരുവി വെള്ളച്ചാട്ടം. ടൂറിസം വകുപ്പിൽ നിന്ന് അനുവദിച്ച 28 ലക്ഷം രൂപ ഉപയോഗിച്ച് സുരക്ഷിതത്വ വേലികൾ, വ്യൂ പോയിന്റ്, വെള്ളച്ചാട്ടത്തിലേയ്ക്ക് ഇറങ്ങുന്നതിന് കവേർഡ് ലാഡർ തുടങ്ങി സുരക്ഷയ്ക്ക് മുൻഗണന നൽകിയുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 
 
150 അടിയോളം താഴ്ചയിലേക്കുളള വെള്ളച്ചാട്ടം, ഉയർന്ന മലനിരയായ കോതചാടിപ്പാറ, പ്രകൃതിദത്തമായ ഗുഹ എന്നിവയൊക്കെയാണ് വേങ്ങത്താനം അരുവിയുടെ ആകർഷണങ്ങൾ. സഞ്ചാരികൾക്ക് വ്യൂ പോയിന്റിൽ നിന്ന് ഇവയൊക്കെ കാണാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

അതേസമയം ഉദ്ഘാടനം നടത്തി മണിക്കൂറുകൾക്കുള്ളിൽ ശിലാഫലകം തകർത്ത നിലയിൽ കണ്ടെത്തി. സംഭവത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തിയിട്ടില്ല. 

Post a Comment

0 Comments