Latest News
Loading...

വയലാര്‍ പുരസ്‌ക്കാരം എസ് ഹരീഷിന്റെ 'മീശ'യ്ക്ക്

ഇത്തവണത്തെ വയലാര്‍ പുരസ്‌ക്കാരം എസ് ഹരീഷിന്റെ മീശ എന്ന കൃതിക്ക്. ഒരു ലക്ഷം രൂപയും ശില്പി കാനായി കുഞ്ഞുരാമന്‍ വെങ്കലത്തില്‍ നിര്‍മിച്ച ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. സാറാ ജോസഫ്, വി ജെ ജയിംസ്, വി രാമന്‍ കുട്ടി എന്നിവര്‍ അടങ്ങിയ സമിതിയാണ് പുരസ്‌ക്കാരം നിര്‍ണയിച്ചത്. വയലാറിന്റെ ചരമ ദിനമായ ഒക്ടോബര്‍ 27 നു പുരസ്‌കാരം സമ്മാനിക്കും. നിശിതമായ പരിശോധനക്ക് ശേഷമാണ് പുസ്തകം തെരെഞ്ഞെടുത്തതെന്ന് ജൂറി അംഗം സാറാ ജോസഫ് പറഞ്ഞു. 

മീശ എന്ന പുസ്തകത്തെക്കുറിച്ചുള്ള വിവാദം നിസാരമായിരുന്നുവെന്ന് നോവല്‍ വായിച്ചു കഴിയുമ്പോള്‍ മനസിലാകുമെന്ന് സാറാ ജോസഫ് പറഞ്ഞു. അയുക്തികമായ കാര്യത്തെ വലുതാക്കി എഴുതിയ കൃതിയാണ് മീശ. രാഷ്ട്രീയ പ്രാധാന്യം ഏറെയുള്ള പുസ്തകം അതി സങ്കീര്‍ണമായ ഉള്ളടക്കമാണ് പറയുന്നതെന്നും സാറാ ജോസഫ് പറഞ്ഞു.

കേരള സാഹിത്യ അക്കാദമിയുടെ മികച്ച നോവലിനുള്ള 2019 ലെ പുരസ്‌കാരം മീശക്ക് ലഭിച്ചിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ മികച്ച കഥാസമാഹാരത്തിനുള്ള 2018 ലെ പുരസ്‌കാരം, കേരളാ സാഹിത്യഅക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്‌മെന്റ് സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരം,തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരം, വി.പി. ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ് എന്നിവ ഹരീഷിന് ലഭിച്ചിട്ടുണ്ട്. മീശയുടെ ഇംഗ്ലീഷ് പരിഭാഷക്ക് ജെ.സി.ബി പുരസ്‌കാരം ലഭിച്ചിരുന്നു.  

1975ല്‍ കോട്ടയം ജില്ലയിലെ നീണ്ടൂരിലാണ് ഹരീഷ് ജനിച്ചത്. രസവിദ്യയുടെ ചരിത്രമാണ് ആദ്യ കഥാസമാഹാരം. ഏദന്‍ സിനിമയുടെ തിരക്കഥാകൃത്താണ്.


അരനൂറ്റാണ്ട് മുമ്പുള്ള കേരളീയ ജാതിജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുകയാണ് മീശയില്‍. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച മീശ നോവല്‍ ഏതാനും ഹിന്ദു സംഘടനകളുട ഐതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. പിന്നീട് ഡിസി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.  നോവലിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തിയ ഒരു സംഭാഷണത്തിന്റെ ചിലഭാഗങ്ങള്‍ ചില കേന്ദ്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ആ സംഭാഷണം ഹിന്ദുവിശ്വാസികള്‍ക്ക് എതിരാണെന്ന് ആരോപിച്ച് യോഗക്ഷേമസഭ, ബി.ജെ.പി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകള്‍ രംഗത്ത് വരികയായിരുന്നു. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചതിന് എതിരെയും ഹിന്ദു സംഘടനകള്‍ പ്രതിഷേധിക്കുകയും പുസ്തകം കത്തിക്കുകയും ചെയ്തു. 





.

Post a Comment

0 Comments