Latest News
Loading...

ഇലക്ട്രിക്കൽ മുചക്ര വാഹനങ്ങൾക്കു മൈലേജില്ല

പാലാ: കേരളാ ഓട്ടോമൊബൈൽ ലിമിറ്റഡിൻ്റെ വൈദ്യുതി ഉപയോഗിച്ച് ഓടുന്ന മുചക്ര വാഹനങ്ങൾ സംബന്ധിച്ച ഉപഭോക്താക്കളുടെ പരാതി അടിയന്തിരമായി പരിഹരിക്കണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷർ ചെയർമാൻ എബി ജെ ജോസ് ആവശ്യപ്പെട്ടു. ഉപഭോക്താക്കളുടെ ആവശ്യം പരിഹരിക്കാൻ അധികൃതർ വിമുഖത കാണിക്കുകയാണ്. ഇതു സംബന്ധിച്ചു കഴിഞ്ഞ രണ്ടു മാസമായി അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായിട്ടില്ല. ലക്ഷങ്ങൾ നൽകി വാങ്ങിയ ഓട്ടോകൾ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. നിരവധി പരാതികൾ ഉയർന്നിട്ടും അധികൃതർ നടപടിയെടുക്കാത്തത് ഉപഭോക്താക്കളോടുള്ള വെല്ലുവിളിയാണ്.

120 കിലോമീറ്റർ മൈലേജ് ഒറ്റ റീചാർജിൽ വാഗ്ദാനം ചെയ്തിരുന്നതായി ഓട്ടോറിക്ഷാകൾ വാങ്ങിയ ചേർപ്പുങ്കൽ കാരക്കാട്ടിൽ കെ എസ് സെബാസ്റ്റ്യൻ, ഞീഴൂർ നടൂപറമ്പിൽ ബാബുരാജ് എന്നിവർ പറഞ്ഞു. ആദ്യഘട്ടം മുതൽ വാഗ്ദാനം ചെയ്ത മൈലേജ് കിട്ടിയിരുന്നില്ല. 80 കിലോമീറ്റർ മാത്രമായിരുന്നു മൈലേജ്. പിന്നീടത് കുറഞ്ഞ് മുപ്പത് വരെ താണു. ഈ സാഹചര്യത്തിൽ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. ബാറ്ററി തകരാറാണ് കാരണമെന്ന് അധികൃതർ സമ്മതിച്ചിട്ടുണ്ട്. എന്നാൽ മാറ്റി നൽകാൻ തയ്യാറാകുന്നില്ല. സർവ്വീസ് സെൻ്ററും ഇല്ല.

 സർവ്വീസ് വേണമെങ്കിൽ തിരുവനന്തപുരത്തു നിന്നും മെക്കാനിക്ക് വന്നാലേ നടക്കൂ. ഉപയോഗിക്കാൻ കഴിയാത്തതിനാൽ വായ്പ തിരിച്ചടവ് വരെ മുടങ്ങിയിരിക്കുകയാണെന്നും ജീവിതം പ്രതിസന്ധിയിലാണെന്നും ഇവർ പറഞ്ഞു. മറ്റു ആളുകളും സമാന ദുരിതം അനുഭവിക്കുന്നുണ്ടെന്നും പ്രതിസന്ധിയിലായവരുടെ കൂട്ടായ്മ രൂപീകരിച്ച് പ്രതിഷേധം സംഘടിപ്പിക്കുമെന്നും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു. 

Post a Comment

0 Comments