Latest News
Loading...

വയലിൽ ട്രോഫി വോളിബോൾ പാലാ സെന്റ് തോമസ്സിന് കിരീടം

പാലാ സെന്റ് തോമസിൽ നടന്ന 42മത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ സെന്റ് തോമസ് കോളേജ് ജേതാക്കളായി. വാശിയേറിയ 5 സെറ്റ് പോരാട്ടത്തിനൊടുവിൽ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് എസ് എൻ കോളേജ് ചേളന്നൂരിനെ കീഴടക്കിയാണ് സെന്റ് തോമസ് ജേതാക്കളായത്. സ്കോർ 25-23, 25-15, 20-25, 17-25, 17-15. ആദ്യ രണ്ട് സെറ്റുകൾ പാലാ സെന്റ് തോമസ് കോളേജ് നേടിയപ്പോൾ മൂന്നും നാലും സെറ്റുകൾ നേടി എസ് എൻ കോളേജ് മികച്ച തിരിച്ചുവരവ് നടത്തി. 

നിർണായകമായ അഞ്ചാം സെറ്റിൽ തുടക്കം മുതൽ ലീഡ് നിലനിർത്തി 17 -15 ന് അഞ്ചാം സെറ്റും മത്സരവും കൈക്കലാക്കി. പാലാ സെന്റ് തോമസിലെ ഇൻസമാം മികച്ച ലിബറോ ആയും ആകാശ് സെറ്ററായും എസ് എൻ കോളേജിലെ ഗോകുൽ മികച്ച അറ്റാക്കറായും തിരഞ്ഞെടുക്കപ്പെട്ടു. സെന്റ് തോമസ് കോളേജ് ടീം ക്യാപ്റ്റൻ ഹേമന്ദിനെ ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. ജേതാക്കൾക്ക് പാലാ എം.എൽ.എ ശ്രീ. മാണി സി. കാപ്പൻ ട്രോഫികൾ വിതരണം ചെയ്തു. 

 ബുധനാഴ്ച രാവിലെ നടന്ന വനിതാ വിഭാഗം ഫൈനലിൽ ചങ്ങനാശ്ശേരി അസംഷൻ കോളേജ് ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് പാലാ അൽഫോൻസാ കോളേജിനെ പരാജയപ്പെടുത്തി ജേതാക്കളായി. സ്കോർ 25-21, 22-25, 25-9, 25-22. ജേതാക്കൾക്ക് പാല അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ റവ. ഡോ. റജീന ജോസഫ്, സെന്റ് തോമസ് കോളേജ് അലുമിനി സ്പോർട്സ് ഫോറം പ്രസിഡന്റ് ശ്രീ. ഡിജോ കാപ്പൻ എന്നിവർ ട്രോഫികൾ നൽകി. ടൂർണമെന്റിലെ മികച്ച ലിബറോ ആയി അഭിനന്ദ (അസംഷൻ), സെറ്റർ മഹേശ്വരി (അസംഷൻ), ബ്ലോക്കർ രഞ്ജു (അൽഫോൻസാ) ടൂർണമെന്റ് മികച്ച കളിക്കാരിയായി അസംഷൻ കോളേജിലെ ഭദ്ര എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment

0 Comments