Latest News
Loading...

പുലിയന്നൂരിലെ അപകടപരമ്പര: നാറ്റ്പാക് ടീം എത്തുമെന്ന് മാണി സി കാപ്പൻ

 പുലിയന്നൂർ പാലത്തിന് സമീപം വാഹനാപകടങ്ങൾ നിരന്തരമുണ്ടാകുന്നതിനെതിരെ അടിയന്തിര നടപടി സ്വീകരിക്കാൻ  നാറ്റ്പാക് ടീം എത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് മാണി സി കാപ്പൻ എം എൽ എ യെ അറിയിച്ചു. ഈ മേഖലയിൽ നിരന്തരം അപകടങ്ങൾ ഉണ്ടാകുന്നതു സംബന്ധിച്ചു മാണി സി കാപ്പൻ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. നാറ്റ്പാകിൻ്റെ നിർദ്ദേശാനുസരണം പൂർത്തിയാക്കിയ റോഡായതിനാലാണ് നാറ്റ്പാക്കിൻ്റെ സഹായം തേടുന്നതെന്ന് എം എൽ എ അറിയിച്ചു.


.ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേ പാലാ മുൻസിപ്പാലിറ്റിയിൽ പ്രവേശിക്കുന്നത് പുലിയന്നൂർ പാലത്തിലൂടെയാണെന്ന് എം എൽ എ പറഞ്ഞു. പാലത്തിന് തൊട്ട് മുമ്പ് ഇടത് വശത്തേയ്ക്കും വലത് വശത്തേയ്ക്കും രണ്ട് പ്രധാന പഞ്ചായത്ത് റോഡുകൾ ഉണ്ട്. ഏറ്റുമാനൂർ ഭാഗത്ത് നിന്നും ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾ പാലത്തിന് മുമ്പായി ഇടത് വശത്തെ പഴയ റോഡിലൂടെ മരിയൻ ആശുപത്രി ജംഗ്ഷനൻ കടന്നും വലത് വശത്തെ സമാന്തര റോഡിലൂടെ നേരെയും സെന്റ് തോമസ് കോളേജ് ജംഗ്ഷനിലൂടെ കൊട്ടാരമറ്റം വഴിയാണ് പാലാ ടൗണിലേയ്ക്ക് പ്രവേശിക്കുന്നത്. പുലിയന്നൂർ പാലം മുതൽ സെന്റ് തോമസ് കോളേജ് വരെയുള്ള പഴയ റോഡിന്റെയും സമാന്തര റോഡിന്റെയും മധ്യത്തിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലം കാഴ്ചയെ മറയ്ക്കും വിധം കാട് പിടിച്ച് കിടക്കുകയാണ്. ഇത് മൂലം രണ്ട് റോഡുകളിലൂടെയും ഒരേദിശയിലേയ്ക്ക് സഞ്ചരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് പരിമിതമായ ദൂരം മാത്രമേ വ്യക്തമായ കാണുവാൻ സാധിക്കൂവെന്ന് എം എൽ എ ചൂണ്ടിക്കാട്ടി.

.രണ്ട് റോഡുകളിലൂടെ കോട്ടയം ദിശയിലേയ്ക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾ കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള സ്ഥലത്തു പാലത്തിന് തൊട്ട് മുമ്പ് യാത്ര ഒരേ റോഡിലൂടെയാക്കുമ്പോൾ ഉണ്ടാകുന്ന ആശയകുഴപ്പം, വാഹനപ്പെരുപ്പം,എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങളെ ക്രോസ് ചെയ്ത് ഇടത് വശത്തേയ്ക്ക് ട്രാക്ക് മാറുമ്പോൾ ഉണ്ടാകുന്ന ശ്രദ്ധക്കുറവ്, ഓവർ സ്പീഡ് എന്നിവ മൂലം ഈ പ്രദേശത്ത് വാഹനാപകടങ്ങൾ ഉണ്ടാവുന്നതും മനുഷ്യ ജീവനുകൾ പൊലിയുന്നതും.



.തുടർച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ പോലീസ്, മോട്ടോർ വാഹനവകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ജനപ്രതിനിധികൾ എന്നിവരടങ്ങുന്ന സംഘം സംയുക്തമായി സ്ഥലപരിശോധന നടത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു. താൽക്കാലിക നടപടികൾക്കൊണ്ട് ഈ പ്രശ്നം പരിഹിക്കാൻ സാധിക്കില്ലായെന്നും പകരം നാറ്റ്പാക് ശാസ്ത്രീയ പഠനം നടത്തി പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണണമെന്ന അഭിപ്രായമാണ് ഉയരുന്നത്. 


.ജംഗ്ഷനിൽ റൗണ്ടാനയും ട്രാഫിക് സിഗ്നൽ ലൈറ്റും ക്യാമറയും സ്ഥാപിക്കുക, ആവശ്യമായ സ്ഥലങ്ങളിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കുക, ട്രാഫിക് സിഗനലുകൾ, ഇൻഡിക്കേറ്ററുകൾ ദിശാ ബോർഡുകൾ, സീബ്രാലൈനുകൾ,സ്റ്റഡ് എന്നിവ പുതുക്കി നിർമ്മിക്കുക, ഡിവൈഡറുകൾ കാഴ്ച മറയ്ക്കാത്ത വിധവും ശാസ്ത്രീയമായും പുനർനിർമ്മിക്കുക,ബോധവൽക്കരണ സന്ദേശ ബോർഡുകൾ യഥാസ്ഥാനങ്ങളിൽ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ അടിയന്തിരമായി നടപ്പാക്കാൻ നടപടിയെടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഉറപ്പു നൽകിയതായും മാണി സി കാപ്പൻ പറഞ്ഞു.

Post a Comment

0 Comments